Connect with us

Kozhikode

ജാതി സര്‍വേയെ ഡി വൈ എഫ് ഐ അനുകൂലിച്ചത് അപലപനീയം: യൂത്ത് കോണ്‍ഗ്രസ്

Published

|

Last Updated

കോഴിക്കോട്: സി പി എം സംഘടിപ്പിച്ച സാമൂഹിക സര്‍വേയുടെ മറവില്‍ ജാതി സര്‍വേ നടത്തിയതിനെ കക്കയത്ത് യൂത്ത് കോണ്‍ഗ്രസ് ത്രിദ്വിന പഠന ക്യാമ്പില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം അപലപിച്ചു. ജാതിരഹിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജാഥ സംഘടിപ്പിച്ച ഡി വൈ എഫ് ഐ ആത്മവഞ്ചന നടത്തിയതിന്റെ ഒരുദാഹരണം മാത്രമാണിതെന്ന് പ്രമേയം കുറ്റപ്പെടുത്തി.
ഗാന്ധിജിയും കോണ്‍ഗ്രസും ആവിഷ്‌കരിച്ച ശുചീകരണ യജ്ഞത്തെപ്പോലും സ്വന്തം പദ്ധതിയാക്കി മാറ്റിയ മോദി എട്ടുകാലി മമ്മൂഞ്ഞിനെ നാണിപ്പിക്കുകയാണ്. “നല്ലദിനങ്ങള്‍” എന്ന സ്വപ്‌നം വിറ്റുകൊണ്ട് അധികാരത്തിലേറി ജീവന്‍രക്ഷാ മരുന്നുകളുടെ വില 16 ഇരട്ടിയാക്കി മാറ്റി. എണ്ണക്കമ്പനികള്‍ക്കുവേണ്ടി വില നിയന്ത്രണാവകാശം എടുത്ത് കളയാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാര്‍, ഗാര്‍ഹിക ആവശ്യത്തിനുവേണ്ടിയുള്ള പാചക വാതക സിലിന്‍ഡറുടെ എണ്ണവും വെട്ടിക്കുറക്കുകയാണ്.
ഗാന്ധിയന്‍ ആശയങ്ങളുടെ വീണ്ടെടുപ്പാണ് മദ്യനിരോധത്തിലൂടെ കാണാന്‍ കഴിയുന്നത്. വഴിതെറ്റിപ്പോകുന്ന സമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ സാധിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ കേരളത്തിലെ യുവത്വം എക്കാലവും നന്ദിയോടെ ഓര്‍ക്കും. ടി പി ചന്ദ്രശേഖരന്‍ വധവും കതിരൂര്‍ മനോജ് വധവും സി പി എമ്മിന്റെ ക്വട്ടേഷന്‍ രാഷ്ട്രീയത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ ഒരു സമരം പോലും സംഘടിപ്പിക്കാന്‍ സാധിക്കാത്ത വിധത്തില്‍ സി പി എം ദുര്‍ബലമായത് എന്തുകൊണ്ടാണെന്ന് അവര്‍ ചിന്തിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
പാര്‍ലിമെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി വി ബിനീഷ്‌കുമാറാണ് പ്രമേയം അവതരിപ്പിച്ചത്. ജനറല്‍ സെക്രട്ടറി ഐ പി രാജേഷ് സംഘടനാ പ്രമേയം അവതരിപ്പിച്ചു.