Connect with us

Malappuram

പോരൂരില്‍ ലീഗ് -സി പി എം പിന്തുണയോടെ എന്‍ സി പി അംഗം പ്രസിഡന്റ് സ്ഥാനത്തേക്ക്

Published

|

Last Updated

വണ്ടൂര്‍: പോരൂര്‍ പഞ്ചായത്തിലെ പുതിയ പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് ഈ മാസം പതിനഞ്ചിന് നടക്കും. പുതിയ പ്രസിഡന്റായി പോരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലീഗ് -സി പി എം പിന്തുണയോടെ എന്‍ സി പി അംഗമായ മുംതാസ് കരീമിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് പരോഗമിക്കുന്നത്. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സി പി എം ലോക്കല്‍ കമ്മിറ്റിയോഗം ഇന്ന് ചേരും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും.
യു ഡി എഫ് ഭരിച്ചിരുന്ന ഇവിടെ കോണ്‍ഗ്രസിനുള്ള പിന്തുണ മുസ്‌ലിം ലീഗ് പിന്‍വലിച്ചതിനെ തുടര്‍ന്ന് നിലവിലെ പ്രസിഡന്റ് രാജിവെക്കുകയായിരുന്നു. 2005ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ്- സി പി എം കൂട്ടുകെട്ടുണ്ടാക്കിയ അപൂര്‍വം പഞ്ചായത്തുകളിലൊന്നായിരുന്നു പോരൂര്‍. ഇത്തവണയും ഈ കൂട്ടുകെട്ട് സജീവമാകുകയാണ്. പ്രത്യക്ഷത്തില്‍ സി പി എം- ലീഗ് കൂട്ട് കെട്ട് ഇല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ എന്‍ സി പി അംഗത്തെ പ്രസിഡന്റ് ആക്കാനാണ് ഇരു പാര്‍ട്ടികളും ആലോചിക്കുന്നതെന്നറിയുന്നു.
തങ്ങളുടെ രാഷ്ട്രീയ എതിരാളികളില്‍പ്പെട്ട മുസ്‌ലിം ലീഗുമായി നേരത്തെ കൂട്ടുകെട്ടുണ്ടാക്കിയത് സി പി എം ഘടകങ്ങളിലും വിവാദമായിരുന്നു. അവസാനത്തെ ഒരു വര്‍ഷം പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന ധാരണ പാലിച്ചില്ലെന്നു പറഞ്ഞാണ് മൂന്ന് അംഗങ്ങളുള്ള മുസ്‌ലിം ലീഗ് മുന്നണി വിട്ടത്. ഇതു മുതലെടുത്ത് ആറ് അംഗങ്ങളുള്ള എല്‍ ഡി എഫ് അവിശ്വാസപ്രമേയാനുമതി തേടിയതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം ശങ്കരന്‍ നമ്പൂതിരി രാജിവെച്ചത്.
പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പതിനഞ്ചിന് രാവിലെ പത്തിന് നടക്കും. കഴിഞ്ഞ ആഴ്ച നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്ന് ലീഗും എല്‍ ഡിഎഫും ഒന്നിച്ചു വിട്ടുനിന്നതോടെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടിരുന്നു.

Latest