Connect with us

National

ഹുദ് ഹുദ്:പേരിനു പിന്നില്‍

Published

|

Last Updated

hud hudന്യൂഡല്‍ഹി: ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിന് ഹുദ് ഹുദ് എന്ന പേര്‍ വന്നതെങ്ങിനെ? മരംകൊത്തികളുടെ ഇനത്തില്‍പ്പെട്ട ഒരു പക്ഷിയുടെ അറബി നാമമാണ് ഹുദ് ഹുദ്.

ഖുര്‍ആനില്‍ സുലൈമാന്‍ നബിയുടെ ചരിത്രം പരാമര്‍ശിക്കുന്നിടത്ത് ഈ പക്ഷിയെക്കുറിച്ചു പറയുന്നുണ്ട്. ഒമാനാണ് പുതിയ കൊടുങ്കാറ്റിന് ആ പേരിട്ടത്. 2004 ലാണ് ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റുകളെ തിരിച്ചറിയാന്‍ അവക്ക് പേരിടുന്ന രീതി ആരംഭിച്ചത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മാലെദ്വീപ്, മ്യന്‍മാര്‍, ഒമാന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സമിതിക്കാണ് ഈ മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് പേരിടാനുള്ള ചുമതല.

ഓരോ രാജ്യവും നിര്‍ദേശിക്കുന്ന പേരുകളില്‍ നിന്നാണ് ഓരോ ചുഴലിക്കൊടുങ്കാറ്റിനും പേരുകള്‍ കണ്ടെത്തുന്നത്. ക്രമപ്രകാരം ഇത്തവണ ഒമാന്റെ അവസരമായിരുന്നു. 64 പേരുകളുള്ള പട്ടികയിലെ മുപ്പത്തിനാലാമത്തെ പേരായിരുന്നു ഹുദ് ഹുദ്. ഇനി 30 പേരുകള്‍ പട്ടികയില്‍ ബാക്കിയുണ്ട്. എല്ലാ അംഗങ്ങള്‍ക്കും സ്വീകാര്യമായ പേരുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക.
മേഖലയില്‍ അവസാനമുണ്ടായ ജൂണിലെ ചുഴലിക്കാറ്റ് നാനക്കിന് പേരിട്ടത് മ്യാന്‍മാറാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തീരത്ത് കനത്ത നാശം വിതച്ച ഫൈലിന്‍ കാറ്റിന്റെ പേര് ഉദ്ഭവിച്ചത് ഇന്തൊനേഷ്യയില്‍ നിന്നായിരുന്നു.