Connect with us

International

അഫ്ഗാനിസ്ഥാനിലെ സൈനിക ഇടപെടലില്‍ വലിയ പിഴവ് സംഭവിച്ചെന്ന് ജര്‍മനി

Published

|

Last Updated

ബെര്‍ലിന്‍: 2001 മുതല്‍ അഫ്ഗാനിസ്ഥാനില്‍ തുടരുന്ന സൈനിക അധിനിവേശത്തില്‍ വലിയ പിഴവ് പറ്റിയെന്ന് ജര്‍മനി. ജര്‍മനിയുടെ ആഭ്യന്തര മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിനിയര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ദ്രുത ഗതിയിലുള്ള പിന്‍മാറ്റത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ജര്‍മനി രംഗത്തെത്തിയത്.
അമിത പ്രതീക്ഷകളുമായി അഫ്ഗാനിസ്ഥാനിലെത്തിയതാണ് ഏറ്റവും വലിയ തെറ്റ്. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ കാര്യങ്ങള്‍ മാത്രം പരിപാലിക്കുക എന്നത് മാത്രമായി ചുരുങ്ങിപ്പോയി തങ്ങളുടെ ദൗത്യം. അതേസമയം ഭാവിയിലേക്ക് തങ്ങളുടെ കാഴ്ചപ്പാടുകള്‍ അനുസരിച്ച് അഫ്ഗാനിസ്ഥാനെ ഉയര്‍ത്തിക്കൊണ്ടുവരലും ലക്ഷ്യമാക്കേണ്ടതായിരുന്നു. രാജ്യം ഇപ്പോഴും മയക്കുമരുന്നുകളുടെ വ്യാപാരത്തിലും അഴിമതിയിലും മുങ്ങിക്കുളിച്ചു കിടക്കുകയാണ്. താലിബാനെ വെറും രാഷ്ട്രീയ ചൂതാട്ടക്കാരായി മാത്രം കുറച്ചുകണ്ടു. അതേസമയം ഇറാഖിലെയും സിറിയയിലെയും സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട അവസ്ഥയാണ് അഫ്ഗാനിസ്ഥാനിലുള്ളത്. പക്ഷേ 1975 അമേരിക്ക വിയറ്റ്‌നാമില്‍ ചെയ്തത് പോലെ, പെട്ടെന്നുള്ള പിന്‍മാറ്റം വലിയ പ്രശ്‌നം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ ഇടപെടുക വഴി ജര്‍മനിയുടെ സൈനിക തലത്തിലുള്ള സാമ്പത്തിക ഇടപെടല്‍ വര്‍ധിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
2001ലാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഉസാമയെ വേട്ടായാടിപ്പിടിക്കുക എന്ന ദൗത്യവുമായി അഫ്ഗാനിസ്ഥാനില്‍ അധിനിവേശം ആരംഭിച്ചിരുന്നത്. ആയിരക്കണക്കിന് നിരപരാധികള്‍ അമേരിക്കയുടെ ഡ്രോണ്‍ വിമാനങ്ങളില്‍ നിന്നുള്ള ബോംബാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. പലപ്പോഴും നിരപരാധികളായിരുന്നു കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും.

---- facebook comment plugin here -----

Latest