Connect with us

National

ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യ ചികിത്സ പരിഗണനയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ദാരിദ്ര്യ രേഖക്ക് താഴെയുള്ള കാര്‍ഡുടമകള്‍ക്ക് സൗജന്യ മരുന്നും സര്‍ക്കാര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ചെക്കപ്പും ഉറപ്പ് വരുത്താന്‍ കേന്ദ്രം പദ്ധതിയിടുന്നു. പൊതുവിതരണ സമ്പ്രദായത്തില്‍ നിന്ന് ആദായ നികുതി അടക്കുന്നവരെയും ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെയും പൂര്‍ണമായി ഒഴിവാക്കാനും കേന്ദ്രം നീങ്ങുന്നുണ്ട്.
അര്‍ഹതയുള്ള ആവശ്യക്കാര്‍ക്ക് മാത്രം സബ്‌സിഡി എത്തിക്കുകയെന്ന നീക്കത്തിന്റെ ഭാഗമായാണിത്. ഈ വിഷയം പരിഗണനയിലാണ്. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ മരുന്ന് തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പ്രായോഗിക മാര്‍ഗങ്ങള്‍ തേടുകയാണെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു. പുതിയ ഭക്ഷ്യ നിയമം നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും ദരിദ്രര്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റേഷന്‍ കാര്‍ഡ് മറ്റ് പദ്ധതികള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ആയി ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ നടപടികള്‍ സ്വീകരിക്കുമോയെന്ന് അഭിമുഖത്തില്‍ അദ്ദേഹത്തിനോട് ചോദ്യമുണ്ടായി. ആദായ നികുതിദായകരെയും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പൊതുവിതരണ സമ്പ്രദായത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും താന്‍ ഇക്കാര്യം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്‌തെന്നും പാസ്വാന്‍ പറഞ്ഞു. യു പി എ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഭക്ഷ്യ സുരക്ഷാ പദ്ധതി മാറ്റിവെക്കില്ലെന്ന സൂചനകളാണ് അദ്ദേഹം നല്‍കിയത്.

Latest