Connect with us

Kollam

അനധികൃത മദ്യവില്‍പ്പന വ്യാപകം: അനക്കമില്ലാതെ അധികൃതര്‍

Published

|

Last Updated

തൃക്കരിപ്പൂര്‍: അനധികൃത മദ്യ വ്യാപാരവും മദ്യപശല്യവും കാരണം പൊതുജനം പൊറുതിമുട്ടുന്നു. തൃക്കരിപ്പൂര്‍ ചെറുവത്തൂര്‍ എന്നീ പഞ്ചായത്തുകളിലെ ചില ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തിലുള്ള മദ്യപാനികളുടെയുടെയും അവരുടെ ശിങ്കിടികളുടെയും ഇടപെടലുകള്‍ നടക്കുന്നത്. ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ പടിഞ്ഞാറു ഭാഗങ്ങളിലും തൃക്കരിപ്പൂര്‍ ടൗണിലെ പഴയ കെട്ടിടങ്ങള്‍ക്കുള്ളിലാണ് വിപണനവും മദ്യസേവയും നടക്കുന്നത്. തൃക്കരിപ്പൂര്‍ മത്സ്യമാര്‍ക്കറ്റിന് തൊട്ടുകിടക്കുന്ന ഇരുനില കെട്ടിടത്തിന്റെ മുകളിലും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുമായാണ് നിലവില്‍ മദ്യപകേന്ദ്രങ്ങളായി മാറിയത്. കെട്ടിടത്തിന്റെ മുകള്‍ഭാഗം രാത്രി വൈകിയാല്‍ മദ്യപാനികളുടെ താവളമാവുകയാണ്. ചെറുസംഘങ്ങളായി എത്തുന്ന ഇക്കൂട്ടര്‍ തിന്നും കുടിച്ചും ഇവിടെ തമ്പടിക്കുന്നത് പരിസരങ്ങളിലെ വ്യാപാരികള്‍ക്കും മറ്റും വിനയാവുകയാണ്. മുകളില്‍ വെളിച്ഛമില്ലാത്തതിനാല്‍ കടലാസ് കത്തിച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്. ഇത് വളരെ ആശങ്കാജനകമാണെന്നാണ് ടൗണ്‍ നിവാസികള്‍ പറയുന്നത്. മുകളിലേക്കുള്ള വാതില്‍ തകര്‍ന്നതിനാല്‍ ഏതുസമയത്തും ആര്‍ക്കും ഇവിടേക്ക് കടന്നുവരാമെന്ന നിലയിലാണ് സ്ഥിതി.
ചെറുവത്തൂരിന്റെ പടിഞ്ഞാറന്‍ മേഖലായ കൈതക്കാട്, കാരി, പടന്ന പഞ്ചായത്തിലെ ഓരി തുടങ്ങിയ പ്രദേശങ്ങളിലും മദ്യ വില്‍പ്പന ക്രമാതീതമായി വര്‍ധിച്ചതായി നാട്ടുകാര്‍ക്കിടയില്‍ പരാതിയുണ്ട്. ഇവിടുങ്ങളിലെ ചില വീടുകള്‍, ചെറിയ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് വിദേശ മദ്യങ്ങള്‍ വില്പ്പന നടത്തുന്നത്. പടുവളം ബീവരേജ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാല പൂട്ടിയത്തിന് ശേഷമാണ് ഗ്രാമങ്ങളിലേക്ക് മദ്യത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചത്. മാഹി, ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എത്തുന്ന മദ്യമാണ് എജന്റുമാര്‍ വഴി വില്‍പ്പനക്കെത്തുന്നത്. വില എത്ര കൂട്ടി വില്‍പ്പന നടത്തിയാലും വാങ്ങാന്‍ ആളെത്തുന്നത് കൊണ്ട് എളുപ്പം കാശാക്കാനുള്ള ഒരു കുറുക്കുവഴിയായിട്ടാണ് പലരും ഈ രംഗത്തെത്തിയിട്ടുള്ളത്.