Connect with us

Kasargod

കര്‍ഷകസംഘം പ്രതിഷേധ കൂട്ടായ്മ 29ന്

Published

|

Last Updated

കാഞ്ഞങ്ങാട്: റബ്ബര്‍ വിലയിടിവില്‍നിന്ന് കര്‍ഷകരെ രക്ഷിക്കുക, റബ്ബര്‍ ഇറക്കുമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഈമാസം 29ന് ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ കാഞ്ഞങ്ങാട് ചേര്‍ന്ന സംയുക്ത കര്‍ഷക സമിതി തീരുമാനിച്ചു.
റബ്ബറിന് തറവില നിശ്ചയിച്ച് സര്‍ക്കാര്‍ സംഭരിക്കുക, റബ്ബറിന്റെ വാറ്റ് നികുതി ഒഴിവാക്കുക, റബ്ബര്‍ സബ്‌സിഡി 50,000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി സമരത്തില്‍ ഉന്നയിക്കുന്നുണ്ട്. ഒരു കിലോഗ്രാം റബ്ബറിന് 250 കിട്ടിയ സ്ഥാനത്ത് ഇന്ന് 100 രൂപ പോലും വിലയില്ല എന്നതാണ് കര്‍ഷകര്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നം.
പല റബ്ബര്‍ തോട്ടങ്ങളിലും ഇപ്പോള്‍ ടാപ്പിംഗ് നടക്കുന്നില്ല. കിട്ടുന്ന വില കൂലിക്ക് പോലും മതിയാകാത്ത സ്ഥിതിയാണ്. ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഏതാനും ടയര്‍ മുതലാളിമാരുടെ കൊടിയ ലാഭത്തിനുവേണ്ടി ലക്ഷക്കണക്കിന് റബ്ബര്‍ കര്‍ഷകരെ കണ്ണീരു കുടിപ്പിക്കുന്ന നടപടിയാണ് യു പി എ, എന്‍ ഡി എ ഗവണ്‍മെന്റുകള്‍ തുടര്‍ന്നുവരുന്നത്.
ഈ ദുരിതത്തില്‍ നിന്ന് കര്‍ഷകരെ രക്ഷപ്പെടുത്തുന്നതിനായി വിവിധ ഇനങ്ങളിലുള്ള സമരങ്ങള്‍ ഉയര്‍ന്നുവരികയാണ്. എല്ലാ പ്രക്ഷോഭങ്ങളോടും ഇടതുപക്ഷ കര്‍ഷക സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഈമാസം 29ന് നടക്കുന്ന റബ്ബര്‍ കര്‍ഷക പ്രതിഷേധ കൂട്ടായ്മയില്‍ എല്ലാ കര്‍ഷകരും അണിനിരക്കണം.
ചീമേനി, വെള്ളരിക്കുണ്ട്, ഒടയംചാല്‍, കുറ്റിക്കോല്‍ എന്നീ കേന്ദ്രങ്ങളിലാണ് കൂട്ടായ്മ നടക്കുന്നത്. വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് 6 മണിക്ക് അവസാനിക്കും.
സംയുക്ത യോഗത്തില്‍ കിസാന്‍സഭ ജില്ലാ പ്രസിഡന്റ് ബങ്കളം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍, സി എച്ച് കുഞ്ഞമ്പു, എം വി കോമന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, തണ്ണോട്ട് കൃഷ്ണന്‍ പ്രസംഗിച്ചു.