Connect with us

Articles

രാഷ്ട്രത്തിന്റെയും ആഹ്ലാദത്തിന്റെയും പിളര്‍പ്പുകള്‍

Published

|

Last Updated

ആഹ്ലാദത്തെ അഥവാ സൗന്ദര്യത്തെ വിശകലനം ചെയ്യുന്നത് അതിനെ തകര്‍ക്കുന്നതിനു തുല്യമാണ് – ലോറ മല്‍വി

നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ സിനിമയുടെ സാംസ്‌കാരിക വിനിമയ രീതികളും വാണിജ്യ സൂത്രങ്ങളും, ഇന്ത്യന്‍ രാഷ്ട്രനിര്‍മാണം എന്ന ആശയത്തോടും പ്രയോഗത്തോടും എങ്ങനെയാണ് ചേര്‍ന്നു നില്‍ക്കുന്നത് എന്ന ആലോചന പല കാരണങ്ങളാല്‍ അനിവാര്യമായിരിക്കുന്നു. ഭൂപ്രദേശ യാഥാര്‍ഥ്യവും ചരിത്ര/വര്‍ത്തമാന പരികല്‍പനകളും പൗരത്വ സങ്കല്‍പനങ്ങളും ചേര്‍ന്ന് രൂപവത്കരിക്കുന്ന ഇന്ത്യ എന്ന ഭാവനയെ ഇന്ത്യന്‍ സിനിമ എന്നു സാമാന്യേന വിളിക്കപ്പെടുന്ന സൗന്ദര്യ വ്യവഹാരവും വാണിജ്യ വ്യവസായവും എപ്രകാരമാണ് പ്രതിനിധാനം ചെയ്യുന്നത് എന്നും ഇതേ ഇന്ത്യന്‍ സിനിമയില്‍, രാഷ്ട്രവും സംസ്‌കാരവും ദേശീയ-പ്രാദേശികതകളും പൗരത്വവും ലിംഗ-വംശ-വര്‍ഗ-മത-ജാതി-ഭാഷാ വൈവിധ്യങ്ങളും അവയുടെ ഉദ്ഗ്രഥനവും എപ്രകാരമാണ് അടയാളപ്പെടുത്തപ്പെടുന്നത് എന്നുമുള്ള ചോദ്യങ്ങള്‍ ഇതു സംബന്ധമായി ഉയര്‍ന്നു വരുന്നുണ്ട്. ഇന്ത്യന്‍ സിനിമയെന്ന പേരില്‍, രാജ്യത്തിനകത്തും പുറത്തും പരിചയപ്പെടുത്തപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന ബോളിവുഡ് സിനിമയിലെ നോട്ടത്തിന്റെയും താദാത്മ്യവത്കരണ(ഐഡന്റിഫിക്കേഷന്‍)ത്തിന്റെയും സ്ത്രീ ശരീര പ്രദര്‍ശനത്തിന്റെയും നടീനടന്മാരുടെ പ്രകട വംശീയതയുടെയും ചില സങ്കീര്‍ണതകള്‍ രാഷ്ട്രത്തെയെന്നതു പോലെ രാഷ്ട്രത്തെ ഏകോപിപ്പിക്കുന്ന ആഹ്ലാദത്തെയും നിര്‍ണയിക്കുകയും അതേ സമയം പിളര്‍ത്തുകയും ചെയ്യുന്നുണ്ട്. നായികയുടെ തൊലിനിറവും മുഖ/ശരീരപ്രകൃതിയെക്കുറിച്ചുള്ള വാര്‍പ്പു മാതൃകകളും അതിലെ ഉള്‍പ്പെടുത്തലുകളും ഒഴിവാക്കലുകളും എന്നിങ്ങനെ ബോളിവുഡ് തുടര്‍ന്നു വരുന്ന ശീലങ്ങളെ അപനിര്‍മിക്കുമ്പോള്‍ തെളിഞ്ഞു വരുന്നതും മേല്‍ക്കൈ നേടുന്നതും പുരുഷന്റെയും ഉത്തരേന്ത്യന്‍ ഹിന്ദു ദേശീയതയുടെയും അധികാര ബലതന്ത്രങ്ങളാണെന്നതാണ് വാസ്തവം.
രാഷ്ട്രത്തിന്റെ യശസ്സ് പതിന്മടങ്ങ് ഉയര്‍ത്തിയ മേരി കോം എന്ന ബോക്‌സറുടെ വേഷം അവതരിപ്പിക്കാന്‍ ഹോളിവുഡ് നായികയുടെ വാര്‍പ്പുമാതൃകാ ശരീര/വ്യക്തിത്വമായ പ്രിയങ്ക ചോപ്രയെ തിരഞ്ഞെടുത്തതിലൂടെ ഇന്ത്യന്‍ സാംസ്‌കാരിക/ദേശീയ പൗരത്വത്തില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ മംഗ്ലോയിഡ് വംശക്കാരോട് ആജ്ഞാപിച്ചിക്കുകയാണ് ബോളിവുഡ്. അഞ്ചു തവണ ലോക അമേച്വര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ ഷിപ്പ് നേടിയ മേരി കോം, 2012 ഒളിമ്പിക്‌സില്‍ ഓട്ടുമെഡലും 2014ലെ ഏഷ്യാഡില്‍ സ്വര്‍ണമെഡലും നേടി. മണിപ്പൂരില്‍ സ്ത്രീകള്‍ നേരിടുന്ന പ്രത്യേക മര്‍ദനാവസ്ഥയെക്കുറിച്ച് ബോധവതിയായ മേരി കോം, തന്റെ അക്കാദമിയില്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പോരാടാന്‍ പെണ്‍കുട്ടികളെ പരിശീലിപ്പിക്കുന്നു. ചുരാച്ചാന്ദ്പൂര്‍ ജില്ലയിലെ കംഗാതെയ് എന്ന ഗ്രാമത്തിലെ കര്‍ഷകകുടുംബത്തില്‍ ജനിച്ച മേരി പഠനത്തില്‍ പിന്നോക്കമായിരുന്നു എന്നു മാത്രമല്ല, ബോക്‌സിംഗ് തെരഞ്ഞെടുത്തതില്‍ പിതാവില്‍ നിന്ന് എതിര്‍പ്പ് നേരിട്ടവളുമായിരുന്നു. 2005ല്‍ വിവാഹിതയായ മേരി ആദ്യം ഇരട്ടക്കുട്ടികള്‍ക്കും പിന്നീട് മൂന്നാമതൊരു കുഞ്ഞിനും ജന്മം നല്‍കി. അതിനെല്ലാം ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ അവര്‍, ഏഷ്യാഡ് സ്വര്‍ണത്തിനു ശേഷം 2016 റിയോ ദെ ജനീറോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടാനുള്ള തീവ്ര പ്രയത്‌നത്തിലാണ്. ഇന്ത്യയിലെ സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ സാമാന്യമായി നിലനില്‍ക്കുന്ന അവഗണനകളുടെയും കെടുകാര്യസ്ഥതകളുടെയും അഴിമതികളുടെയും പീഡനങ്ങള്‍ കൂടി അതിജീവിതച്ചാണ് മേരി കോം വിജയങ്ങളിലേക്ക് കുതിച്ചത്.
ഗദ്ദര്‍, ഭഗത് സിംഗ്, സിംഗ് ഈസ് കിംഗ്, ലവ് ആജ്കല്‍, റോക്കറ്റ് സിംഗ്, ഭാഗ് മില്‍ക്കാ ഭാഗ് എന്നീ സിനിമകളിലൊക്കെയും നായക കഥാപാത്രം സിക്കുകാരാണ്. എന്നാലവരെയൊക്കെയും അവതരിപ്പിച്ചത് ബോളിവുഡ് മുഖ്യധാരാ നായകരായ സണ്ണി ഡിയോളും അജയ് ദേവ്ഗണും ഇംതിയാസ് അലിയും ഫര്‍ഹാന്‍ അഖ്തറും അടക്കമുള്ളവരാണ്. ഒരു സിക്കു നടന്‍ പോലും പരിഗണിക്കപ്പെട്ടില്ല. അതു പോലെ, ചിങ്കി എന്ന് ഡല്‍ഹിയിലും ഉത്തരേന്ത്യയിലും കളിയാക്കി വിളിക്കപ്പെടുന്ന വടക്കു കിഴക്കന്‍ ഇന്ത്യക്കാരിയായ ഒരു കായിക താരം, അന്താരാഷ്ട്ര മേളകളില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണം കൊയ്‌തെടുത്തപ്പോഴും അവരെ സൗന്ദര്യത്തിന്റെയും ദേശീയതയുടെയും രാഷ്ട്രത്തിന്റെയും മുഖ്യ പ്രതിനിധാനമായി പരിഗണിക്കാന്‍ നാം വിസമ്മതിക്കുന്നു എന്നത് അത്യന്തം അപലപനീയമാണ്. അരുണാചല്‍ പ്രദേശിലെ ഭരണകക്ഷി എം എല്‍ എയുടെ മകനായിരുന്നിട്ടു കൂടി, നിഡോ താനിയാന്‍ വര്‍ണവെറിക്കാരായ മുഖ്യധാരാ ഇന്ത്യക്കാരാല്‍ ക്രൂരമായി കൊല്ലപ്പെട്ട നാടാണ് നമ്മുടേത് എന്നു കൂടി ഓര്‍ക്കുമ്പോള്‍ ഈ വിവേചനത്തിന്റെ ആഴം ബോധ്യപ്പെടും. ആര്യന്‍ മുഖ/ശരീര രീതിയില്ലാത്തവരും ഹിന്ദി ഒഴുക്കോടെ സംസാരിക്കാന്‍ അറിയാത്തവരും ഡല്‍ഹിയില്‍ ആക്രമിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ജാതി, കുലം, ലിംഗം, വര്‍ഗം, പ്രദേശം, ഭാഷ, മതം എന്നിങ്ങനെയുള്ള എല്ലാ വൈജാത്യങ്ങള്‍ക്കുമുപരിയായി നമ്മളും നമ്മളും ഇന്ത്യക്കാരാണെന്ന് എല്ലാ അര്‍ഥത്തിലും യാഥാര്‍ഥ്യമാവുന്ന ഒരു റിപ്പബ്ലിക്കായിരുന്നു ഇന്ത്യ എന്ന പേരില്‍ വിഭാവനം ചെയ്യപ്പെട്ടത്. അതിന്ന് എവിടെ ചെന്നെത്തി നില്‍ക്കുന്നു? നമ്മുടെ ആധുനിക സമൂഹ നിര്‍മിതിയും രാഷ്ട്ര നിര്‍മാണവും എല്ലാം പിഴച്ചു പോയോ? ജ്യോതിബ ഫൂലെയുടെയും അംബേദ്ക്കറിന്റെയും ടാഗൂറിന്റെയും പെരിയാറിന്റെയും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഇന്ത്യ ഇങ്ങനെ തന്നെയായിരിക്കുമോ ഇനിയുള്ള നാളുകളിലും? അരുണാചല്‍ പ്രദേശിലും മിസോറാമിലും മണിപ്പൂരിലും ത്രിപുരയിലും ആസാമിലും സിക്കിമിലും നാഗാലാന്റിലും മേഘാലയയിലും ഉള്ള മനുഷ്യര്‍ക്ക് ഭാഷകളും പാരമ്പര്യങ്ങളും ചരിത്രങ്ങളും മിത്തുകളും പുരാണങ്ങളും ദൈവങ്ങളും വിശ്വാസങ്ങളും മര്യാദകളും വേഷങ്ങളും ഭക്ഷണങ്ങളും ബന്ധങ്ങളും ഒന്നും ഇല്ലേ? അവയുടെ സവിശേഷതകള്‍ എപ്പോഴും പരിഹസിക്കപ്പെടാനുള്ളതാണോ? കാക്കി ധരിച്ചവര്‍ക്ക് ഇഷ്ടം പോലെ ബലാത്സംഗവും കൊലയും നടത്തുന്നതിനുതകുന്ന എ എഫ് എസ് പി എ 1958 പോലുള്ള നിയമങ്ങളുടെ പരിധിയിലാണ് മിക്കവാറും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. ഇറോം ശര്‍മിളയുടെ സമരവും ആസാം റൈഫിള്‍ ആസ്ഥാനമന്ദിരത്തിനു മുന്നില്‍ പരിപൂര്‍ണ നഗ്നരായ അമ്മമാര്‍ നടത്തിയ സമരവും നമ്മെ ഒന്നും പഠിപ്പിച്ചിട്ടില്ല എന്നാണിതൊക്കെയും തെളിയിക്കുന്നത്.
ഒരു സിക്കുകാരന് അയാളുടെ പരമ്പരാഗത വേഷഭൂഷാദികള്‍ ഒഴിവാക്കാതെ, ഒരു മുഖ്യധാരാ നായകനായി അഭിനയിക്കാനാകില്ല എന്നിരിക്കെ, സിക്കുകാരനായ കഥാപാത്രമായിപ്പോലും അയാള്‍ക്ക് അവസരം ലഭിക്കുന്നില്ല എന്നത് എത്ര മാത്രം നിരാശാജനകമാണ്? സാധാരണ രീതിയിലുള്ള ഒരു ഹിന്ദി സിനിമയിലെ നായികാവേഷത്തില്‍ മംഗോളിയന്‍ വംശജയായ ഒരു നടി ഒരു കാരണവശാലും പരിഗണിക്കപ്പെടില്ല എന്നതുറപ്പാണ്. എന്നാല്‍; തീര്‍ത്തും അവികസിതമായ ഒരു മണിപ്പൂരി ഗ്രാമത്തില്‍ ദരിദ്രമായ ചുറ്റുപാടില്‍ ജനിച്ചു വളര്‍ന്നിട്ടും വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിട്ട് ഇന്ത്യയുടെ പ്രശസ്തി ലോക കായിക ഭൂപടത്തില്‍ വാനോളം ഉയര്‍ത്താന്‍ പ്രയത്‌നിച്ച് വിജയം കൊയ്‌തെടുത്ത മേരി കോം, മംഗോളിയന്‍ വംശത്തില്‍ പെട്ടയാളാണ് എന്നതിനാല്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം പോലും അവരോട് മുഖ/ശരീര സാമ്യമുള്ള ഒരു നടിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം എത്ര മാത്രം ക്രൂരമാണ്? ചിങ്കി എന്നാക്ഷേപിക്കപ്പെട്ട് ഡല്‍ഹിയില്‍ നിഡോ താനിയാന്‍ കൊല്ലപ്പെട്ടതു പോലെയും; എസ് എം എസ് പ്രചരിപ്പിച്ച് ബംഗളൂരുവില്‍ നിന്ന് പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പെടുത്തി വടക്കു കിഴക്കന്‍ ഇന്ത്യക്കാരെ കൂട്ടമായി തിരിച്ചു പായിച്ചതും പോലുള്ള വര്‍ണവെറി തന്നെയാണ് മേരി കോമിന്റെ വേഷമവതരിപ്പിക്കാന്‍ പ്രിയങ്ക ചോപ്രയെ തെരഞ്ഞെടുത്തതു പോലുള്ള വികല പ്രതിനിധാന ധാര്‍ഷ്ട്യങ്ങളും എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. എ എഫ് എസ് പി എ പോലുള്ള പ്രാകൃത നിയമങ്ങളുടെ പ്രത്യക്ഷ മര്‍ദനത്തിന്റെ സാംസ്‌ക്കാരിക സമാന്തരമാണ് ഇത്തരം പ്രതിനിധാന അട്ടിമറികളും.
പ്രിയങ്ക ചോപ്രയെപ്പോലുള്ള മുഖ്യധാരാ ഹിന്ദി നടിക്കു പകരം, അറിയപ്പെടാത്ത മണിപ്പൂരി നടിയോ അതുമല്ലെങ്കില്‍ മേരി കോം തന്നെയോ ആണ് മേരി കോമായി അഭിനയിച്ചിരുന്നതെങ്കില്‍, ചിത്രം പച്ച തൊടില്ലായിരുന്നു എന്ന അഭിപ്രായവും ന്യായീകരണമായി പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. അങ്ങിനെ ആവശ്യമുള്ളവര്‍ ഡോക്കുമെന്ററിയോ മറ്റോ എടുത്തു തൃപ്തിപ്പെട്ടോട്ടെ എന്ന സൗമനസ്യവും ഇക്കൂട്ടര്‍ പ്രകടിപ്പിക്കുന്നു. ഒരു മുഖ്യധാരാ സിനിമയുടെ ജനപ്രിയതയും ബോക്‌സ് ആപ്പീസ് വിജയവും, അതാത് കാലത്ത് നിലനില്‍ക്കുന്നതും പൊതുബോധത്തില്‍ മേധാവിത്തം പുലര്‍ത്തുന്നതുമായ രാഷ്ട്രീയ-ദേശീയ-വംശീയ മുന്‍ഗണനകളുടെ പ്രതിഫലനമാണെന്ന നിരീക്ഷണത്തെ ഒളിപ്പിച്ചുവെച്ചാണ് ഇത്തരം ന്യായീകരണങ്ങള്‍ പുറത്തെടുക്കപ്പെടുന്നത് എന്നതാണ് പരിഹാസ്യമായ കാര്യം.
മേരി കോം എന്നു മാത്രമല്ല, ഹിന്ദി സിനിമകളെല്ലാം തന്നെ മണിപ്പൂരില്‍ വിലക്കപ്പെട്ടിരിക്കുകയാണ്. ഹിന്ദി സിനിമ പ്രദര്‍ശിപ്പിക്കുന്നത് തങ്ങള്‍ക്കു മേലുള്ള സാംസ്‌ക്കാരിക അധിനിവേശം വര്‍ധിപ്പിക്കുമെന്ന ആരോപണത്തോടെ കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലമായി മണിപ്പൂരിലെ തിയറ്ററുകളില്‍ ബോളിവുഡിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് തീവ്രവാദികള്‍. തീവ്രവാദികളുടെ ഈ തീരുമാനത്തെ സാധൂകരിക്കുന്ന വിധത്തിലുള്ള പ്രവൃത്തിയാണ്, മേരി കോം എന്ന പേരിലുള്ള ജീവചരിത്ര സിനിമയില്‍ നായികാവേഷമഭിനയിക്കുന്നതിന് വംശീയമായി അനുയോജ്യയല്ലാത്ത മുഖ്യധാരാ ആര്യന്‍/ഹിന്ദു ഗ്ലാമര്‍ താരത്തെ നിയോഗിക്കുന്ന ബോളിവുഡ് നടപടി. ഇന്ത്യക്കകത്ത് മറ്റിന്ത്യകള്‍ നിര്‍മിച്ചെടുക്കാനും പൊലിപ്പിച്ചെടുക്കാനുമുള്ള കച്ചവടയുക്തികളിലൂടെ കോടികള്‍ പെട്ടികളില്‍ നിറയുമ്പോള്‍ ഉടയുന്നതേതു രാഷ്ട്രം?