Connect with us

Editorial

എബോള പടരുമ്പോള്‍

Published

|

Last Updated

എബോള വൈറസ് ബാധയില്‍ ലോകത്താകെ മരിച്ചവരുടെ എണ്ണം നാലായിരം കവിഞ്ഞിരിക്കുകയാണ്. രോഗബാധ അതിവേഗം പടരുന്നുവെന്നും ചികിത്സിച്ചവരെയും ആരോഗ്യ പ്രവര്‍ത്തകരെയും രോഗം പിടികൂടുന്നുവെന്നും ലോകാരോഗ്യ സംഘടന പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മരുന്ന് പരീക്ഷണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഈ വൈറസ് ബാധയെ ഫലപ്രദമായി ചെറുക്കുന്ന ഔഷധം കണ്ടെത്താന്‍ ഇതു വരെ സാധിച്ചിട്ടില്ല. രോഗം പടര്‍ന്നിരിക്കുന്ന പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ, ലൈബീരിയ, സിയറ ലിയോണ്‍, നൈജീരിയ എന്നിവിടങ്ങളില്‍ രോഗ പ്രതിരോധ നടപടികള്‍ ക്രമസമാധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. രോഗം പടരുന്നത് തടയാനായി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതോടെ അത് പിന്‍വലിക്കേണ്ടി വന്നു. ലോകാരോഗ്യ സംഘടനയുടെ അഭ്യര്‍ഥന പ്രകാരം വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഈ രാജ്യങ്ങളില്‍ എത്തിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ തദ്ദേശീയ ജനതയുടെ ആചാരാനുഷ്ഠാനങ്ങളെ അപഹസിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. രോഗം ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകളില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്ന നിഷ്‌കര്‍ഷയാണ് പലയിടത്തും പ്രശ്‌നങ്ങളുണ്ടാക്കിയത്.
1976ല്‍ തന്നെ എബോള വൈറസുകള്‍ ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് ആദ്യത്തെ എബോള മരണം സ്ഥിരീകരിച്ചത്. ആദ്യ മരണം നടന്ന ഗ്രാമത്തിന്റെ പേരാണ് എബോള. അന്ന് ഉഗാണ്ടയിലേക്കും സുഡാനിലേക്കുമാണ് രോഗം പടര്‍ന്നത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനിലാണ് ഈ രോഗ ലക്ഷണങ്ങള്‍ എണ്‍പതുകളില്‍ കണ്ടെത്തിയത്. ഇപ്പോഴത് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ പൊങ്ങിയത് എങ്ങനെയെന്നത് വിശദീകരിക്കാന്‍ വിദഗ്ധര്‍ക്ക് സാധിച്ചിട്ടില്ല. ഇവിടുത്തെ വിദൂരസ്ഥ ഗ്രാമമായ എന്‍സറോകോറില്‍ നിന്ന് തലസ്ഥാനമായ കോമാക്രിയില്‍ രോഗമെത്തി. അവിടെ നിന്ന് അയല്‍ രാജ്യങ്ങളായ ലൈബീരിയയിലും സിയറാ ലിയോണിലും നൈജീരിയയിലും.
വളരെയെളുപ്പത്തില്‍ പടരുന്നുവെന്നതാണ് എബോളയെ മാരകമാക്കുന്നത്. തുടക്കത്തില്‍ പൊടുന്നനെ ശക്തമായ പനി വരികയാണ് ചെയ്യുക. വല്ലാത്ത തളര്‍ച്ച അനുഭവപ്പെടും. സന്ധികളില്‍ അതികഠിനമായ വേദന, വിറയല്‍ തുടങ്ങിയവ ഉണ്ടാകും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ഛര്‍ദിയും വയറിളക്കവും പിടിപെടും. ഒടുവില്‍ ആന്തരികവും ബാഹ്യവുമായ രക്ത സ്രാവം വരെ ഉണ്ടായേക്കാം. രോഗിയുമായി അടുത്ത് ഇടപഴകുന്നത് രോഗം പകരുന്നതിന് കാരണമാകുന്നു. ശരീര സ്രവങ്ങളും രക്തവുമാണ് പ്രധാന വൈറസ് വാഹകര്‍. അന്തരീക്ഷത്തിലൂടെയും വൈറസ് പടര്‍ന്നേക്കാമെന്ന് ഒരു സംഘം ഗവേഷകര്‍ പറയുന്നു. എബോള ബാധിതരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പകര്‍ന്നത് അതിന്റെ ഭീകരതയേറ്റിയിട്ടുണ്ട്.
മൂന്ന് തരത്തിലാണ് ഈ രോഗത്തിന്റെ ആഘാതം വിലയിരുത്തപ്പെടേണ്ടത്. ഒന്നാമതായി ഇതുയര്‍ത്തുന്ന സാമ്പത്തികാഘാതം തന്നെ. രോഗം പടര്‍ന്ന രാജ്യങ്ങളിലെല്ലാം വിമാനത്താവളങ്ങള്‍ അടച്ചിരിക്കുകയാണ്. ഇവിടെ നിന്നുള്ള വസ്തുക്കളുടെ ഇറക്കുമതി മറ്റ് രാജ്യങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുന്നു. നിരവധി വ്യവസായ സ്ഥാപനങ്ങളും ഖനികളും പൂട്ടി. കൃഷി നടക്കുന്നില്ല. സിയറാ ലിയോണില്‍ 70 ശതമാനം പേരും കൃഷിക്കാരാണ്. എബോള ഭീതി മൂലം ആരും കൃഷിയിടത്തില്‍ ഇറങ്ങുന്നില്ല. സമ്പദ്‌വ്യവസ്ഥ 30 ശതമാനം സാമ്പത്തിക ചുരുക്കത്തിന് വിധേയമാകുമെന്നാണ് സിയാറാ ലിയോണ്‍ ധനമന്ത്രാലയത്തിന്റെ കണക്ക്. ലൈബീരിയയില്‍ ഈ വര്‍ഷം ആറ് ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെട്ടിരിക്കുന്നത്. എബോളയുടെ പശ്ചാത്തലത്തില്‍ അത് രണ്ട് ശതമാനമായി ചുരുങ്ങുമെന്നാണ് കണക്ക്. ലോകത്തെ ഏറ്റവും വലിയ ഇരുമ്പയിര് ഖനികള്‍ സ്ഥിതി ചെയ്യുന്നത് ലൈബീരിയയിലും ഗിനിയയിലും ആണ്. ഈ ഖനികളെല്ലാം നിശ്ചലമായിരിക്കുന്നു. രണ്ടാമത്തെ തലം ആഫ്രിക്കയുടെ പൊതു സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. ഇവിടെ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളില്ലെന്ന് കുറ്റപ്പെടുത്തുന്ന പാശ്ചാത്യ രാജ്യങ്ങള്‍, ഈ ജനപഥങ്ങളെ തങ്ങള്‍ നിരന്തരം ചൂഷണം ചെയ്യുന്നതിന്റെ ഫലമാണ് ഈ പിന്നാക്കാവസ്ഥയെന്ന് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. മരുന്നു പരീക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് എബോളയുയര്‍ത്തുന്ന മറ്റൊരു ആഘാതം. ആഫ്രിക്കന്‍ ജനതയെ മരുന്നു പരീക്ഷണത്തിന് ഉപയോഗിക്കുന്നതിന്റെ നിരവധി തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഈ എബോളക്കാലത്ത് അത് വീണ്ടും ഊര്‍ജിതമാകുമോ എന്നതാണ് ആശങ്ക.
രോഗം, പ്രകൃതി ദുരന്തം തുടങ്ങിയവക്ക് മുന്നില്‍ മനുഷ്യര്‍ രാഷ്ട്രീയ അതിര്‍ത്തികള്‍ മായ്ച്ചുകളയുന്ന സഹകരണത്തിന് തയ്യാറാകുകയാണ് വേണ്ടത്. മാനവ രാശിയെന്ന നിലയിലുള്ള ഐക്യപ്പെടലിന് തയ്യാറാകണം. ഭീതി പരത്തുന്നതിന് പകരം പരിഹാരമാര്‍ഗങ്ങള്‍ തേടുകയാണ് വേണ്ടത്.

Latest