Connect with us

National

എയര്‍ ഇന്ത്യ: കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിക്കുളിച്ചിരിക്കെ, ലാഭകരമായ റൂട്ടുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ച കേന്ദ്ര സര്‍ക്കാറിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. കാര്യങ്ങള്‍ ഇതുപോലെ തുടരുകയാണെങ്കില്‍ എയര്‍ ഇന്ത്യ നാമാവശേഷമാകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ദേശീയ വിമാന സര്‍വീസ് കമ്പനിയെ തിരിച്ചുകൊണ്ടുവരാന്‍ എന്തെങ്കിലും പദ്ധതി സര്‍ക്കാറിനുണ്ടോയെന്ന് കോടതി ആരാഞ്ഞു.
ലാഭകരമായ പല റൂട്ടുകളും സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചത് എന്തിനാണെന്ന് ജസ്റ്റിസുമാരയ വിക്രംജിത് സെന്നും കുര്യന്‍ ജോസഫും അടങ്ങിയ ബഞ്ച് ചോദിച്ചു. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിച്ചതിന് ശേഷം കമ്പനി സ്വകാര്യ കമ്പനികളോട് തോല്‍ക്കുന്നതില്‍ ബഞ്ച് ആശങ്ക രേഖപ്പെടുത്തി. എയര്‍ ഇന്ത്യക്ക് നഷ്ടമുണ്ടാക്കുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിശദമായി പഠിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. സ്വകാര്യ കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കി, ഇറങ്ങാന്‍ നേരത്ത് എയര്‍ ഇന്ത്യാ വിമാനങ്ങളോട് വട്ടമിട്ട് പറക്കാന്‍ നിര്‍ദേശിക്കുന്നത് കാരണം ഇന്ധന നഷ്ടത്തിനും കൂടുതല്‍ പണച്ചെലവിനും കാരണമാകുന്നതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത്തരം അവസ്ഥ മാറണം. സ്വകാര്യ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന ഒരാള്‍, എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്ര ചെയ്യാനിടയായാല്‍, എന്തിന് ഇതില്‍ കയറിയെന്ന് ആലോചിക്കുന്ന അവസ്ഥയാണ്. ഈ അവസ്ഥ വളരെ വളരെ മോശമാണ്. ഇത് പറയേണ്ടി വന്നതില്‍ വിഷമമുണ്ട്. വളരെ കാലമായി സാമ്പത്തിക നഷ്ടത്തെ സംബന്ധിച്ച് കേള്‍ക്കുന്നു. യാത്രക്കാരുടെ അതൃപ്തി പരക്കെ കേള്‍ക്കുന്ന മറ്റൊരു വസ്തുതയാണ്. ലാഭകരമായ റൂട്ടുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കി, നഷ്ട റൂട്ടുകളില്‍ എയര്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചത് അസാധാരണമാണ്. ഇതിന് മാറ്റം വരുത്താന്‍ ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. കോടതി പറഞ്ഞു.
ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെ എയര്‍ ഇന്ത്യ മാനേജ്‌മെന്റും തൊഴിലാളി യൂനിയനും നല്‍കിയ അപ്പീലുകള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും ലയിച്ചത് വഴിയുണ്ടായ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് ധര്‍മാധികാരി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടതാണ് ഹൈക്കോടതി വിധി. കേന്ദ്രത്തിനും എയര്‍ ഇന്ത്യക്കും വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി ഹാജരായി. ലയനത്തിന് ശേഷം ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും കുറവുണ്ടായ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിനെ സമീപിക്കാനാണ് തൊഴിലാളി യൂനിയനുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ധര്‍മാധികാരി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

 

Latest