Connect with us

Kollam

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍: അനധികൃത നിയമനം നടക്കുന്നതായി ആക്ഷേപം

Published

|

Last Updated

കൊല്ലം: ജില്ലയുടെ സമഗ്രമായ ടൂറിസം വികസനം ലക്ഷ്യമാക്കി രൂപവത്ക്കരിക്കപ്പെട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം ആടിയുലയുന്നു. വിവിധ പദ്ധതികളുടെ തയാറാക്കലും നടത്തിപ്പും ഏകോപനവും അവതാളത്തിലായതിന് പുറമെയാണ് അനധികൃത നിയമനം തകൃതിയായി നടക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ രാവിലെ മുതല്‍ വൈകിട്ടുവരെ ഒരു ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് അഞ്ചു പേരുണ്ട്. ഹെഡ് ഓഫീസില്‍ മൂന്നു സ്റ്റാഫുണ്ടായിരുന്ന സ്ഥാനത്ത് ഏഴ് പേര്‍ പ്രവര്‍ത്തിക്കുന്നു. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉള്‍പ്പെടെ സാമ്പത്തികം കൈകാര്യം ചെയ്യുന്ന പല സെക്ഷനുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ചിലര്‍ക്കു വേണ്ടത്ര വിദ്യാഭ്യാസവും ഗസ്റ്റിനെ കൈകാര്യം ചെയ്യുന്നതിനുള്ള പരിചയക്കുറവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ജീവനക്കാരെ തോന്നുംപടി മാറ്റി ക്രമീകരിക്കുന്ന തുഗ്ലക്ക് പരിഷ്‌കാരങ്ങളാണു ഇവിടെ നടക്കുന്നതെന്നാണ് ആക്ഷേപം.

സംസ്ഥാന ടൂറിസം വകുപ്പിന്റെ ക്ലീന്‍ ഡസ്റ്റിനേഷന്‍ ജോലിക്കാരുടെ ഒഴിവുകളില്‍ കമ്മിറ്റിയംഗങ്ങളുടെ ആളുകളെ തിരുകി കയറ്റുന്നുവെന്നും ആരോപണമുണ്ട്. തുടര്‍ന്നു രണ്ടോ മൂന്നോ മാസം കഴിയുമ്പോള്‍ ഹാജര്‍ ബുക്കില്‍ പേരു രേഖപ്പെടുത്തി അവര്‍ സ്റ്റാഫായി മാറുകയും ചെയ്യുന്ന രീതി ഇക്കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കുന്നു. വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്ന ജീവനക്കാര്‍ക്ക് അര്‍ഹമായ യാതൊരുവിധ അംഗീകാരവും നല്‍കാതെ പുതുതായി വരുന്ന വിദ്യാഭ്യാസ യോഗ്യതപോലുമില്ലാത്തവരെ വെറും രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന തസ്തികയിലേക്കു പരിഗണിക്കുന്നു. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്ന അസി. ഗാര്‍ഡനറുടെ നിയമനം. തസ്തികയുടെ പേര് അസിസ്റ്റന്റ് ഗാര്‍ഡനര്‍ എന്നാണെങ്കിലും ഒരു ജോലിയും ചെയ്യുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ചോദ്യം ചെയ്ത പാര്‍ക്കിന്റെ യഥാര്‍ഥ സൂപ്പര്‍വൈസറെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ മീറ്റിംഗ് എന്നു പറഞ്ഞു വിളിച്ചുവരുത്തി ചോദ്യം ചെയ്തു മാനസികപീഡനം നടത്തിയതുമൂലം ഈ ജീവനക്കാരന്‍ ആശ്രാമം ഇ എസ് ഐ ആശുപത്രിയില്‍ ചികിത്സ തേടി. ഗാര്‍ഡനിംഗ് ജോലിക്കുവേണ്ടി പട്ടികജാതിയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ പരിശീലനം നല്‍കിയിരുന്നു. ട്രെയിനിംഗ് പൂര്‍ത്തീകരിച്ചവര്‍ വര്‍ഷങ്ങളായി അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴും പട്ടികജാതിക്കാരായ ട്രെയിനികളെ തഴഞ്ഞ് കമ്മിറ്റിക്കാരുടെ സ്വന്തക്കാരേയും ഇഷ്ടക്കാരേയും നിയമിക്കുന്നു.
ഇക്കഴിഞ്ഞ കല്ലട ജലോത്സവത്തിനുപോലും ബോട്ടുകളും മറ്റു സേവനങ്ങളും നല്‍കിയതിന്റെ ബാധ്യതപോലും അധികാരികളുടെ നിര്‍ദേശമനുസരിച്ച് ഡി ടി പി സിക്ക് ഏറ്റെടുക്കേണ്ടിവന്നു. ഡി ടി പി സിയുടെ കെടുകാര്യസ്ഥതയില്‍ ഹോര്‍ട്ടി കള്‍ച്ചര്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രതിഷേധിച്ചു. ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം മൊത്തത്തില്‍ നിര്‍ജീവമാണ്. നിലവില്‍ ഡി ടി പി സി സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത് എ ഡി എമ്മാണ്. എന്നാല്‍ ജില്ലാ കലക്ടര്‍ നീണ്ട അവധിയിലായതിനാല്‍ കലക്ടറുടെ ചുമതലകൂടി എ ഡി എമ്മാണ് വഹിക്കുന്നത്. ആയതിനാല്‍ ഡി ടി പി സിയുടെ ചുമതല പൂര്‍ണമായും നിര്‍വഹിക്കാന്‍ കഴിയുന്നില്ല. ജില്ലാതലത്തില്‍ നടത്തപ്പെടുന്ന പല പരിപാടികളും ഡി ടി പി സിയുടെ തനതു വരുമാനം ഉപയോഗിച്ചു നടത്തേണ്ട അവസ്ഥയാണ്. കഴിഞ്ഞ ഓണാഘോഷം, ജലോത്സവം എന്നിവക്ക് ഡി ടി പി സിയില്‍ നിന്നും ലക്ഷക്കണക്കിനു രൂപയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉപയോഗിച്ചത്. ഈ തുക നാളിതുവരെ ഡി ടി പി സിക്ക് ലഭ്യമായില്ല. തുച്ഛമായ ശമ്പളമുള്ള ജീവനക്കാര്‍ക്ക് ക്ഷാമബത്ത പോലും അനുവദിക്കാനുള്ള തീരുമാനം നടപ്പിലായിട്ടില്ല.

Latest