Connect with us

Kollam

തകരാറിലായ ട്രാഫിക്ക് സിഗ്‌നലുകള്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ നടപടിയില്ല

Published

|

Last Updated

കൊട്ടിയം: അപകടങ്ങളും ഗതാഗതവും നിയന്ത്രിക്കേണ്ട ട്രാഫിക്ക് ലൈറ്റുകള്‍ നോക്കുകുത്തികളായി മാറുമ്പോഴും ഇത് പ്രവര്‍ത്തന ക്ഷമമാക്കാന്‍ നടപടിയില്ല. മരണപാച്ചിലുള്‍ക്ക് തടയിടാന്‍ സ്ഥാപിച്ചിട്ടുള്ള ട്രാഫിക്ക് സിഗ്‌നലുകള്‍ തന്നെ മരണക്കെണി ഒരുക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നതായാണ് യാത്രക്കാരുടെ പരാതി.
പള്ളിമുക്ക്, കൊട്ടിയം, പോളയത്തോട്, ചാത്തന്നൂര്‍ ഊറാംവിള എന്നിവിടങ്ങളിലെ ട്രാഫിക്ക് സിഗ്‌നലുകളാണ് നോക്കുകുത്തികളാകുന്നത്. പള്ളിമുക്കിലെയും പോളയത്തോടിലെയും സിഗ്‌നലുകള്‍ അടുത്തിടെയാണ് പ്രവര്‍ത്തന രഹിതമായത്.
കൊട്ടിയത്ത് നടന്നത് വ്യക്തമായ അഴിമതിയായിരുന്നു എന്ന് വ്യാപാരികള്‍ പറയുന്നു. പോലീസ് ഔട്ട് പോസ്റ്റ് ഉള്‍പ്പെടെയുള്ള ഹൈടെക് സംവിധാനങ്ങളോടെ സ്ഥാപിച്ച ട്രാഫിക് സംവിധാനം ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം നിലക്കുക മാത്രമല്ല ഇതിനു വേണ്ടി വ്യപാരികള്‍ ചെലവാക്കിയ പണവും വെള്ളത്തിലായി. നിര്‍മാണ പ്രവര്‍ത്തനം നടത്തിയ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് യാതൊരു പ്രതികരണവുമില്ല. മൂന്ന് പഞ്ചായത്തുകളുടെ സംഗമകേന്ദ്രമായ കൊട്ടിയത്തിന്റെ ഗതാഗത സംവിധാനം തകരാറിലായിട്ട് ആരും തിരിഞ്ഞു നോക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
പള്ളിമുക്കിലെ സിഗ്‌നല്‍ ലൈറ്റുകള്‍ കണ്ണടച്ചിട്ട് മാസം മൂന്ന് കഴിഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ നന്നാക്കും എന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇവിടെ നിരവധി അപകടങ്ങളാണ് ദിവസവും ഉണ്ടാകുന്നത്. പോളയത്തോടിലെ അവസ്ഥയും ഇതാണ്. ഇവിടെയും സിഗ്‌നല്‍ സംവിധാനം നോക്കുകുത്തിയാണ്. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന മൈലക്കാട് ഇറക്കത്തുള്ള ക്യാമറ മരചില്ലകള്‍ കൊണ്ട് മറഞ്ഞ നിലയിലാണ്. ചാത്തന്നൂര്‍ ഊറാംവിളയില്‍ മുന്‍ എം എല്‍ എയുടെ കാലത്താണ് സിഗ്‌നല്‍ സംവിധാനം സ്ഥാപിച്ചത്.
ഈ സിഗ്‌നല്‍ ഒരു ദിവസം പോലും പ്രവര്‍ത്തിച്ചിട്ടില്ല. സിഗ്‌നല്‍ സ്ഥാപിച്ച സ്ഥലങ്ങള്‍ ഇങ്ങനെയാണെങ്കില്‍ സിഗ്‌നല്‍ സംവിധാനം ഉള്ളതും ഇല്ലാത്തതും ഒരുപോലെയാണ്. കൊല്ലം നഗരത്തിലെ അവസ്ഥ തിരക്കുള്ള സമയങ്ങളില്‍ പോലും മഞ്ഞ മാറി ചുവപ്പ് കത്തിയാലും മുന്നോട്ട് കുതിക്കുന്ന വാഹനങ്ങള്‍ സ്ഥിരം കാഴ്ചയാണ്.
കടപ്പാക്കട പോലെയുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ പോലും ജനങ്ങള്‍ സിഗ്‌നല്‍ ലൈറ്റുകളെ മാനിക്കാതെ മുന്നോട്ട് കുതിക്കുന്നു. പച്ച സിഗ്‌നല്‍ ലഭിക്കുന്നവര്‍ രണ്ടും കല്‍പ്പിച്ച് മുന്നോട്ട് ഇടിച്ച് കയറുമ്പോള്‍ മാത്രമാണ് എതിര്‍വശത്തെ വാഹനങ്ങള്‍ നിര്‍ത്തുക.
പല സിഗ്‌നല്‍ ലൈറ്റുകള്‍ക്കും ചുവടെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും വക വയ്ക്കാതെയാണ് വാഹനങ്ങള്‍ മുന്നോട്ട് പായുന്നത്. ഇങ്ങനെ നിയമങ്ങള്‍ പാലിക്കപ്പെടാതെ മുന്നോട്ട് പോകുന്ന വാഹനങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ഇതുകൂടാതെ നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്‌നല്‍ ലൈറ്റുകളില്‍ പലതും ഇന്ന് പ്രവര്‍ത്തന രഹിതമായിക്കിടക്കുകയാണ്.
ഇവയില്‍ പലപ്പോഴും തെറ്റായ സിഗ്‌നലുകള്‍ നല്‍കി അപകടങ്ങള്‍ ഉണ്ടാക്കുന്നു. കാലപ്പഴക്കം ചെന്ന സിഗ്‌നല്‍ ലൈറ്റുകളാണ് കേടായതില്‍ അധികവും. പല സിഗ്‌നല്‍ ലൈറ്റുകളും വാഹനങ്ങള്‍ ഇടിച്ച് തകര്‍ന്ന നിലയിലാണ്. യഥാസമയം ഇവ മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി.
ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലെ സിഗ്‌നല്‍ ലൈറ്റുകളാണ് കേടായതിലധികവും. ട്രാഫിക്ക് ലൈറ്റുകള്‍ കേടായ പലയിടത്തും ഗതാഗതം നിയന്ത്രിക്കാന്‍ മതിയായ പോലീസുകാരെ നിയോഗിക്കാനും തയ്യാറാകുന്നില്ല. ഇതുമൂലം വാഹനക്കാരും കാല്‍നടക്കാരും വളരെയേറെബുദ്ധിമുട്ടുകയാണ്. പ്രധാന സ്‌കൂളുകള്‍ക്ക് മുമ്പില്‍ വിദ്യാര്‍ഥികളുടെ സൗകര്യത്തിന് അവര്‍ക്ക് ആവശ്യാനുസരണം ബട്ടണ്‍ അമര്‍ത്തി കാല്‍നടക്കുള്ള സിഗ്‌നല്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യം ഇന്നും തുടരുന്നു. കുട്ടികള്‍ പഴയത് പോലെ തന്നെ വളരെനേരം കാത്തുനിന്ന ശേഷമാണ് റോഡുകള്‍ മുറിച്ച് കടക്കുന്നത്.
സിഗ്‌നല്‍ ലൈറ്റുകളുടെ പണിമുടക്ക് കാരണമാണ് പ്രത്യേക പോലീസുകാരെ പല സ്ഥലങ്ങളിലും നിയമിക്കേണ്ടി വരുന്നത്. റെയില്‍വെ മേല്‍പാലം തുടങ്ങുന്ന കന്റോണ്‍മെന്റ് ജംഗ്ഷനില്‍ സിഗ്‌നല്‍ സംവിധാനം അത്യാവശ്യമാണ്.
റെയില്‍വെ മേല്‍പാലത്തിന്റെ പണിമൂലം തകര്‍ന്ന സിഗ്‌നല്‍ സംവിധാനം പുന:സ്ഥാപിക്കാനും നടപടിയുണ്ടായിട്ടില്ല.