Connect with us

Editors Pick

മേല്‍വിലാസമില്ലാത്ത തളിര്‍നാമ്പുകള്‍

Published

|

Last Updated

ആഗസ്ത് അഞ്ചിന്റെ നേരിയ ചൂടുള്ള പ്രഭാതം. അന്നൊരു ചൊവ്വാഴ്ചയായിരുന്നു. ഖാന്‍ യൂനുസിലെ താല്‍കാലിക അഭയാര്‍ഥി ക്യാമ്പില്‍ തിരിച്ചു പോക്കിനുള്ള തയാറെടുപ്പുകളുടെ തകൃതിയായ ഒരുക്കം തുടങ്ങിയിരുന്നു. ഇല്ല, അവര്‍ക്ക് ഏറെയൊന്നും ഒരുക്കാനുണ്ടായിരുന്നില്ല. ബൈത്ത് ഹനൗനില്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ ശക്തമായ ബോംബാക്രമണത്തില്‍ ജീവനും കൊണ്ട് ഓടിപ്പോന്നപ്പോള്‍ കയ്യില്‍ തൂങ്ങിയ ചില്ലറ സാധനങ്ങളേ അവരുടേതായിട്ട് ഉണ്ടായിരുന്നുള്ളു. പിന്നെ, അഭയാര്‍ഥി തമ്പില്‍ നാലുനാള്‍ തങ്ങുന്നതിനിടെ ആരൊക്കെയോ കൊണ്ടുവന്നു നല്‍കിയ ബ്ലാങ്കറ്റും ബക്കറ്റും ചെറിയ ചെറിയ സാധനങ്ങളും.

ഗാസയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതു മുതല്‍ ഖാന്‍ യൂനുസ് ക്യാമ്പില്‍ ബഹളമാണ്. മുതിര്‍ന്നവര്‍ കലപില കൂട്ടിക്കൊണ്ടിരിക്കുന്നു. സ്ത്രീകളെ ഒരുക്കി നിര്‍ത്താന്‍ പുരുഷന്മാര്‍ പതിവില്‍ കവിഞ്ഞ് ഒച്ചയിടേണ്ടി വരുന്നുണ്ട്. ഒരു പക്ഷേ തിരിച്ചുപോവാനുള്ള ദുര്‍ഘട പാതയുടെ കാഠിന്യം മനസിനെ പിടിച്ചുലക്കുമ്പോള്‍ അവരറിയാതെ പൊങ്ങുന്ന ശബ്ദങ്ങളാവാമത്.
അപ്പോഴാണ് അഭയാര്‍ഥി ക്യാമ്പിന്റെ ആളൊഴിഞ്ഞ കോണില്‍ ആ കുട്ടിയെ അവര്‍ ശ്രദ്ധിക്കുന്നത്. മറിയം. അഞ്ചു വയസുകാരി. ബൈത്ത് ഹനൗനിലെ അബൂഷമ്മാലയുടെ പുത്രിയാണവളെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ബോധ്യമായി. തീ തുപ്പിയെത്തിയ ഷെല്ലാക്രമണത്തില്‍ അബൂ ഷമാലയുടെ കുടുംബം വെടിക്കെട്ടില്‍ ചിന്നിച്ചിതറുന്നത് അവര്‍ കണ്ടതാണ്. നോമ്പു തുറ സമയത്താണ് അബുഷമ്മാലയുടെ വീടിനകത്തേക്ക് “അതിഥി”യെപ്പോലെ ഷെല്ലുകള്‍ എത്തിയത്. അതിനിടയില്‍ ആയുസിന്റെ ദൈര്‍ഘ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടവളാണ് മറിയം. ആയുസിന്റെ ദൈര്‍ഘ്യം എന്നു പറയാമോ അതിന്. അത് അവര്‍ക്കറിയില്ല. ലോകത്തില്‍ ഒരു സമൂഹവും അനുഭവിക്കാത്ത ദുരിതപര്‍വങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് മറിയം. ഇനി എവിടേക്ക് പോകണമെന്ന് ആ കുട്ടിക്ക് അറിയില്ല, ആര് കൂട്ടിനുണ്ടാകുമെന്നും.

കഴിഞ്ഞ കുറേ ദിവസങ്ങളായി മറിയം ചിരിക്കാന്‍ മറന്നു കൊണ്ട് ഖാന്‍ യൂനുസ് ക്യാമ്പിലെ ദുഃഖ പുത്രിയായി കഴിയുകയാണ്. ദൂരെ യുദ്ധ വിമാനങ്ങളുടെ ഇരമ്പം കേള്‍ക്കുമ്പോള്‍ മറിയത്തിന്റെ കണ്ണുകള്‍ ഭീതികൊണ്ട് നിറയും. ഒരു വേള അവളെ കാണുമ്പോള്‍ പലരും ആഗ്രഹിച്ചു പോയിരുന്നുവത്രെ. ഇവളെയും ആ ഷെല്ല് കൊണ്ടുപോയിരുന്നെങ്കിലെന്ന്! എന്തിനീ ജന്മമെന്ന് പോലും ആലോചിച്ചു പോവുന്ന ദുരിതം. ഇന്നല്ലെങ്കില്‍ നാളെ അതിക്രൂരമായി കൊല്ലപ്പെടാനാണോ ഈ ജന്മങ്ങള്‍. അതിന്റെ രീതിയെ കുറിച്ചു മാത്രമേ അവര്‍ക്ക് നിശ്ചയമില്ലാതുള്ളു. പട്ടാളക്കാരന്റെ തോക്കിനു മുമ്പിലാകുമോ, തീ തുപ്പുന്ന ബോംബുകള്‍ക്കിടയിലോ.
***
മറിയം മധ്യ പൗരസ്ത്യ ദേശത്തെ അഭയാര്‍ഥി കുട്ടികളുടെ പ്രതീകം മാത്രമാണ്. ഭീതിതമായി അളവില്‍ വളരുന്ന കണക്കിലെ ഒരംഗം മാത്രം. ഈ നിലയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഈ മാസാവസാനത്തോടെ മേഖലയിലെ അഭയാര്‍ഥി കുഞ്ഞുങ്ങളുടെ എണ്ണം 20 ലക്ഷം കവിയുമെന്നാണ് കണക്കുകള്‍.
ഉമ്മ എന്നു വിളിക്കാന്‍, ഉപ്പയുടെ മടിയില്‍ കയറിയിരിക്കാനുള്ള കുഞ്ഞ് ആഗ്രഹങ്ങളെ തട്ടിത്തെറിപ്പിച്ചാണ് യുദ്ധവും ആഭ്യന്തര കലാപങ്ങളും മുന്നേറുന്നത്. ആഗോള വ്യാപകമായ ഈ സ്ഥിതി വിശേഷം നിലനില്‍ക്കുന്നുവെങ്കിലും സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ഫലസ്തീന്‍, ഇറാഖ്, എരിത്രിയ, സര്‍ബിയ തുടങ്ങിയ പ്രദേശങ്ങളാണ് മുമ്പിട്ടു നില്‍ക്കുന്നത്. അഭയാര്‍ഥികളുടെ പകുതി വരുന്നുണ്ട് കുഞ്ഞുങ്ങളുടെ സംഖ്യ.

വലിയ രീതിയില്‍ പരിചരണം ആവശ്യമാകുന്ന കാലഘട്ടത്തിലാണ് അരക്ഷിതാവസ്ഥയിലേക്ക് ഈ കുഞ്ഞുങ്ങള്‍ എടുത്തെറിയപ്പെടുന്നത്. അത് അവരുടെ ശാരീരിക വളര്‍ച്ചയെ മാത്രമല്ല, സാമൂഹിക ജീവിതത്തെ കൂടി തകിടം മറിക്കും. അത്തരമൊരു ഭീതിയുടെ നടുവിലാണ് ലോകമിപ്പോള്‍. കുടുംബത്തിന്റെ ബന്ധങ്ങള്‍ പൊട്ടിയ ഇവരുടെ ഭാവി എന്താകുമെന്ന ആഥി വര്‍ധിച്ചുവരുന്നു. അതിലും വലുതാണ് അവരുടെ സംരക്ഷണവും സുരക്ഷയും തുടര്‍ ജീവിത സൗകര്യങ്ങള്‍ ഒരുക്കലും.
മുസഫര്‍ നഗറിലെ കലാപത്തില്‍ അഭയാര്‍ഥികളായി മാലക്പൂര്‍ ക്യാമ്പിലെത്തിയ 40 കുട്ടികള്‍ അതിശൈത്യം മൂലം മരണപ്പെട്ടത് നമ്മുടെ രാജ്യത്ത് നിന്ന് വന്ന വാര്‍ത്തയായിരുന്നു. സിറിയയിലെ അഭയാര്‍ഥികളില്‍ നിന്ന് വരുന്ന വാര്‍ത്തകളും വ്യത്യസ്തമല്ല. അവിടെ നിന്നുള്ള അഭയാര്‍ഥികള്‍ പാര്‍ക്കുന്ന ജോര്‍ദാനും ലെബനാനും തുര്‍ക്കിയും ഇറാഖും ഈജിപ്തുമൊക്കെ നീങ്ങുന്നത് കൊടും ശൈത്യത്തിലേക്കാണ്. സുഡാനില്‍ നിന്നുള്ള കുട്ടികളുടെയും യമനില്‍ നിന്നുള്ളവരുടെയും വാര്‍ത്തകളും മറിച്ചുള്ള സന്ദേശമല്ല നല്‍കുന്നത്.

ഇന്നലെ, ഒക്‌ടോബര്‍ 11 പെണ്‍കുഞ്ഞുങ്ങള്‍ക്കായുള്ള രാജ്യാന്തര ദിനമായിരുന്നു. ഈ ദിനത്തില്‍, അന്തേവാസികളായി അഭയാര്‍ഥി ക്യാമ്പുകളിലേക്ക് ചേക്കേറിയ പെണ്‍കുഞ്ഞുങ്ങളുടെ കാര്യം പ്രത്യേകം ശ്രദ്ധ നേടിയിട്ടുണ്ട്. 2014ലെ ദിനാചരണത്തിന്റെ സന്ദേശം കൗമാരക്കാരികളുടെ ശാക്തീകരണവും അവര്‍ക്കു നേരെയുള്ള അതിക്രമങ്ങളെ ഇല്ലായ്മ ചെയ്യലുമായിരുന്നുവെന്നത് ഈ വിഷയത്തിലെ സമകാലിക സാഹചര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുന്നുണ്ട്.

വെള്ളമെടുക്കാന്‍ പോയ വഴിയില്‍ പട്ടാളക്കാരന്റെ ക്രൂരമായ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ചിത്രം കഴിഞ്ഞ ദിവസമാണ് യൂനിസെഫ് സീനിയര്‍ ഫോട്ടോഗ്രഫി എഡിറ്റര്‍ ക്രിസ്റ്റിന്‍ നെസ്ബിറ്റ് പുറത്തുവിട്ടത്. മെലിസ എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്. ലോകത്താകമാനമുള്ള കൗമാരക്കാരായ അഭയാര്‍ഥി പെണ്‍കുഞ്ഞുങ്ങളില്‍ മൂന്നിലൊരാള്‍ ലൈംഗിക കടന്നാക്രമണത്തിന് ഇരയാകുന്ന ഭീതിതമായ വര്‍ത്തമാനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

പെണ്ണാണ്,
കൊന്നൊഴിച്ചീടാന്‍
കഴിഞ്ഞീല, പൊറുക്കുക
നിന്‍ മടിത്തട്ടില്‍ ജീവിക്കാന്‍
ഇവര്‍ക്കുമിടമേകുക… എന്ന് കവയത്രി സുഗതകുമാരി പാടിയത് എത്ര അര്‍ഥവത്താണ്.
പോഷകാഹാരം കിട്ടാതെ, വിദ്യാഭ്യാസം കിട്ടാതെ, സുരക്ഷിതത്തിന്റെ വഴികള്‍ കാണാതെ “വളരുന്ന” കുട്ടികള്‍ ലോകത്തെ അസ്വസ്തരാക്കുന്നില്ലേ, അവരെ കൂടുതല്‍ കരയിപ്പിക്കാനാണ് നാം ശീലിച്ചിരിക്കുന്നത്. അകാരണമായി അവരെ അടിക്കുന്നു, ദ്രോഹിക്കുന്നു, പീഡിപ്പിക്കുന്നു, കൊല്ലുന്നു.
നീലാകാശത്തില്‍ മേഘങ്ങള്‍ പോലെ ഒഴുകി നടക്കുന്ന കുഞ്ഞുങ്ങളാണ് ഭൂമിയുടെ സൗന്ദര്യം. അവരില്ലെങ്കില്‍ കിളികളും പാട്ടും പൂക്കളുമില്ല. ആ കുഞ്ഞു കണ്ണീര്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രകൃതി പോലും ക്ഷോഭിക്കും. ഒരു കുഞ്ഞിക്കാല് കാണാന്‍ മനുഷ്യന്‍ തപസ്സിരിക്കുമ്പോള്‍ മറുഭാഗത്ത് പുഷ്പങ്ങള്‍ പോലെ സൗരഭ്യം പരത്തുന്ന കുഞ്ഞുങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നു.

നേരിയ നിലാവിന്റെ സാന്ത്വനം പോലുമില്ലാത്ത, കൂട്ടിന്നാരുമില്ലാതെ തെരുവില്‍ കാറ്റും പൊടിയുമേറ്റ് വിറങ്ങലിച്ചു നില്‍ക്കുന്ന ഈ പിഞ്ചു മക്കള്‍ക്കായി നമുക്കൊരിറ്റു കണ്ണീര്‍ പൊഴിക്കാം, പ്രാര്‍ഥിക്കാം.

Latest