Connect with us

Gulf

മദ്യമില്ലാത്ത ഹോട്ടലുകളുടെ എണ്ണം വര്‍ധിച്ചു

Published

|

Last Updated

ദുബൈ: മദ്യം വിളമ്പാത്ത ഹോട്ടലുകളുടെ എണ്ണം നഗരത്തില്‍ വര്‍ധിക്കുന്നു. ഇസ്‌ലാമിക സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയാണ് ഇത്തരം ഹോട്ടലുകളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയിരിക്കുന്നത്. ഇസ്‌ലാമിക സാമ്പത്തിക ക്രമത്തിന്റെ ഭാഗമായി ശരീഅ ഫണ്ടിലുണ്ടായ വര്‍ധനവാണ് ഇതിന് ഇടയാക്കിയിരിക്കുന്നതെന്ന് ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ ഇന്‍ഹോകോയുടെ ചീഫ് എക്‌സിക്യൂട്ടീവ് റുപ്രേക്ട് ക്വിറ്റ്‌സ്‌ക് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷമാണ് ദുബൈയെ ഇസ്‌ലാമിക സമ്പദ്ഘടനയുടെ ആസ്ഥാനമായി മാറ്റുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചത്. ഇതും ഈ രംഗത്ത് നിക്ഷേപം വര്‍ധിക്കാന്‍ ഏറെ സഹായകമായിട്ടുണ്ട്. 2012ല്‍ 8,300 കോടി ഡോളറായിരുന്നു ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി നിക്ഷേപമായി എത്തിയതെങ്കില്‍ 2013ല്‍ ഇത് 9,500 കോടി ഡോളറായാണ് വര്‍ധിച്ചിരിക്കുന്നത്. ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്റസ്ട്രിയാണ് ഈയിടെ രാജ്യാന്തര കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഏണസ്റ്റ് ആന്‍ യംഗ് നടത്തിയ ഇതുമായി ബന്ധപ്പെട്ട പഠനം പുറത്തുവിട്ടിരിക്കുന്നത്.
2000ത്തിലാണ് മദ്യമില്ലാത്ത ഹോട്ടലെന്ന ആശയത്തിന് ദുബൈയില്‍ സ്വീകാര്യത ലഭിച്ചു തുടങ്ങിയതെന്ന് വയബിലിറ്റി മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സ് മാനേജിംഗ് പാര്‍ട്ട്ണര്‍ ഗൈ വിക്കിന്‍സണ്‍ വ്യക്തമാക്കി. ഇതിന് സഹായകമായത് ഇസ്‌ലാമിക സമ്പത്തിക ക്രമത്തോടുള്ള ആഭിമുഖ്യമായിരുന്നു. 2000 മുതലാണ് ദുബൈയില്‍ കൂടുതല്‍ തുക ഈ രംഗത്ത് നിക്ഷേപമായി വന്നു തുടങ്ങിയത്. മുസ്‌ലിംകളായ നിക്ഷേപകരില്‍ നല്ലൊരു വിഭാഗവും മദ്യമില്ലാത്ത ഹോട്ടലില്‍ നിക്ഷേപിക്കാനാണ് താല്‍പര്യപ്പെടുന്നത്. ഇസ്‌ലാമികമായ കാഴ്ചപ്പാടില്‍ മദ്യം നിഷിദ്ധമായ വസ്തുവായതിനാലാണിത്.
നിലവില്‍ മദ്യമില്ലാത്ത 12 ഹോട്ടലുകളും ഹോട്ടല്‍ അപാര്‍ട്ട്‌മെന്റുകളുമാണ് ദുബൈയിലുള്ളതെന്ന് ഒരു വിഭാഗം നിരീക്ഷകര്‍ പറയുമ്പോള്‍ 100ല്‍ അധികം ഇത്തരം സ്ഥാപനങ്ങളുണ്ടെന്നാണ് പഠനം നടത്തിയ മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. കോറല്‍ ദുബൈ ദെയ്‌റ ഹോട്ടല്‍, ഇ ഡബ്ലിയു എ ദുബൈ ദെയ്‌റ ഹോട്ടല്‍, അല്‍ ജൗഹാറ ഗാര്‍ഡണ്‍സ് ഹോട്ടല്‍, അല്‍ ജൗഹറ ഹോട്ടല്‍ അപാര്‍ട്ട്‌മെന്റ്‌സ്, കോറല്‍ അല്‍ ഗൂരി ഹോട്ടല്‍ അപാര്‍ട്ട്‌മെന്റ്‌സ് തുടങ്ങിയവയാണ് മദ്യം വിളമ്പാത്ത ഹോട്ടലുകളില്‍ പ്രധാനം.

Latest