Connect with us

Gulf

50 പിന്നിട്ട 89 ശതമാനവും ദിവസേന അഞ്ച് തരം മരുന്നുകള്‍ കഴിക്കുന്നവരെന്ന്

Published

|

Last Updated

അബുദാബി: രാജ്യത്ത് അധിവസിക്കുന്ന 50 വയസ് പിന്നിട്ടവരില്‍ മരുന്നുകള്‍ക്ക് അടിപ്പെടുന്നവര്‍ ഏറെയാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ജനസംഖ്യാനുപാതത്തില്‍ ഏറ്റവും കൂടുതല്‍ മരുന്നുപയോഗിക്കുന്ന രാജ്യങ്ങളുടെ മുന്‍നിരയിലേക്ക് യു എ ഇ എത്തിയതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു. മരുന്നുകള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്ന രാജ്യങ്ങളുടെ മുന്‍നിരയിലാണ് യു എ ഇയുടെ സ്ഥാനം.

രാജ്യത്തെ ജനസംഖ്യയില്‍ 50 പിന്നിട്ടവരില്‍ 89 ശതമാനവും ദിവസേന വ്യത്യസ്തമായ അഞ്ച് തരം മരുന്നുകള്‍ കഴിക്കുന്നവരാണെന്ന് പ്രാദേശികമായി നടത്തിയ പഠനം വ്യക്തമാക്കുന്നു. അബുദാബിയില്‍ കഴിഞ്ഞ ദിവസം നടന്ന മൂന്നാമത് അല്‍ നൂര്‍ അന്താരാഷ്ട്ര ഫാര്‍മസി സമ്മേളനമാണ് പഠന റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നത്. പ്രായം ചെന്ന രോഗികളില്‍ മിക്കവരും മരുന്നുപയോഗിക്കുന്നതില്‍ പരിധിവിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2014ന്റെ ആദ്യ ഒമ്പത് മാസത്തിനിടെ മാത്രം രാജ്യത്തെ രോഗികള്‍ മരുന്നുകള്‍ക്കായി ചെലവഴിക്കപ്പെട്ടത് 300 കോടി ഡോളറാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2011ല്‍ ഇത് 150 കോടി ഡോളര്‍ മാത്രമായിരുന്നു. 2004ല്‍ രാജ്യത്ത് ഉപയോഗിച്ച മരുന്നുകളുടെ വില 45 കോടി ഡോളര്‍ മാത്രമായിരുന്നെന്നും കണക്കുകള്‍ പറയുന്നു.
സാംസ്‌കാരിക, സാമൂഹിക-യുവജന ക്ഷേമ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറകിന്റെ മേല്‍നോട്ടത്തില്‍ നടന്ന ഫാര്‍മസി സമ്മേളനം മേഖലയിലെ പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളുടെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. അബുദാബിയിലെ ആരോഗ്യ സേവന കമ്പനിയായ “സിഹ”, ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി തുടങ്ങിയ ആരോഗ്യ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളാണ് സമ്മേളനത്തിന് നേതൃത്വം നല്‍കിയത്. രാജ്യത്തെ ഫാര്‍മസികളിലൂടെ വില്‍കപ്പെടുന്ന മരുന്നുകളുടെ സുരക്ഷിതത്വം, അവയുടെ അപകടങ്ങള്‍, പാര്‍ശ്വഫലങ്ങള്‍ തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായി. പ്രായമായ സ്ത്രീകളെക്കാള്‍ പരിധിവിട്ട് മരുന്നുപയോഗിക്കുന്നവര്‍ പുരുഷന്മാരാണെന്നും സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാജ്യത്ത് ഉപയോഗിക്കപ്പെടുന്നവയില്‍ 90 ശതമാനവും ബ്രാന്‍ഡഡ് മരുന്നുകള്‍ തന്നെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
മരുന്നുകള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ രാജ്യത്തെ ചില ഫാര്‍മസികളുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടാകുന്നതായി പഠനം വെളിപ്പെടുത്തുന്നുണ്ട്. ഡോക്ടര്‍ നിര്‍ദേശിച്ചു നല്‍കിയ മരുന്നിനു പകരം മറ്റു കമ്പനികളുടെ മരുന്നുകള്‍ രോഗികള്‍ക്കു നല്‍കുന്നുവെന്നത് ഫാര്‍മസികളുടെ അനാസ്ഥയുടെ ഉദാഹരണമാണ്. ഇത്തരം കേസില്‍ പലപ്പോഴും ഫാര്‍മസി അധികൃതര്‍, ബന്ധപ്പെട്ട ഡോക്ടറെ അറിയിക്കാതെയാണ് മരുന്ന് മാറ്റി നല്‍കുന്നത്. ഇത് പലപ്പോഴും മരുന്നിന്റെ ഗുണനിലവാരത്തില്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകും. ഇത് കൂടുതല്‍ അളവില്‍ മരുന്നു കഴിക്കേണ്ട സ്ഥിതിയും സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Latest