Connect with us

Gulf

പൊതുജനത്തിന്റെ സന്തോഷം അറിയാന്‍ സംവിധാനം ഒരുക്കി ദുബൈ

Published

|

Last Updated

ദുബൈ: പൊതുജനത്തിന്റെ സന്തോഷം അറിയാന്‍ സംവിധാനം ഒരുക്കി ദുബൈ രംഗത്ത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ദുബൈയിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളില്‍ സന്തോഷമുള്ളവരാണോയെന്നു കണ്ടെത്താന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ദുബൈയിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും സെന്‍ട്രല്‍ വെബ് സംവിധാനവുമായി കൂട്ടിയോജിപ്പിച്ച് ഇവിടങ്ങളില്‍ നിന്നു നല്‍കുന്ന സേവനങ്ങളില്‍ പൊതുജനം തൃപ്തരോണോയെന്ന് അറിയാനായി പ്രത്യേക ഫീഡ്ബാക്ക് സംവിധാനം ഒരുക്കിയിരിക്കയാണ്. പുതിയ സൂചികയിലൂടെ ജനങ്ങള്‍ സന്തുഷ്ടരാണോയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭരണാധികാരികള്‍ക്കും വകുപ്പ് മേധാവികള്‍ക്കുമെല്ലാം അറിയാന്‍ സാധിക്കും. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്നതുമാക്കി മാറ്റാനാണ് ശ്രമിക്കുക.
ജനങ്ങളുടെ അഭിരുചികളും താല്‍പര്യങ്ങളും അതിവേഗമാണ് മാറുന്നതെന്നും അതിന് അനുയോജ്യമായ രീതിയില്‍ സംവിധാനങ്ങള്‍ ഒരുക്കാനാണ് ആഗ്രഹിക്കുന്നതെന്നും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കവേ ശൈഖ് മുഹമ്മദ് വ്യക്തമാക്കി. മുന്‍കാലങ്ങളെപ്പോലെ സര്‍ക്കാര്‍ തലത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കാന്‍ ആറു മാസവും ഒരു കൊല്ലവും എടുക്കുന്ന സ്ഥിതി കാലഘട്ടത്തിന് യോജിച്ചതല്ല. അതിനാല്‍ മാറുന്ന ലോകത്തിനും പുതിയ വേഗത്തിനും അനുയോജ്യമായ രീതിയില്‍ മാറ്റങ്ങള്‍ ഉണ്ടാവണമെന്നും ഇതിനായാണ് ദിനേന സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമതയും ജനങ്ങളുടെ സന്തോഷവും സംരക്ഷിക്കുന്ന രീതിയിലുള്ള പുതിയ സമ്പ്രദായം നടപ്പാക്കുന്നതെന്നും ശൈഖ് മുഹമ്മദ് വിശദീകരിച്ചു.

Latest