Connect with us

Gulf

ഡോ. ശംസീര്‍ വയലിലിന് അലിഗഢ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ്

Published

|

Last Updated

ദുബൈ: ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി പ്രമുഖ യുവ വ്യവസായി ഡോ. ശംസീര്‍ വയലിലിന് ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിക്കുന്നു. ഇതോടെ, അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി ഡോ. ശംസീര്‍ വയലില്‍ മാറും.
നേരത്തെ, ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എ ആര്‍ റഹ്മാനാണ് ഇത്തരത്തില്‍ അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍. ഒക്ടോബര്‍ 16 ന് യൂണിവേഴ്‌സിറ്റി അങ്കണത്തില്‍ നടക്കുന്ന 62-ാമത് ബിരുദദാന സമ്മേളനത്തിലാണ് ഡി ലിറ്റ് നല്‍കി ആദരിക്കുന്നത്.
യു എ ഇ കേന്ദ്രമായ പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ, വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ് ഡോ. ശംസീര്‍ വയലില്‍. ഇന്ത്യയിലെ മികച്ച ഒരു യൂണിവേഴ്‌സിറ്റി ഇത്തരത്തില്‍ ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ഡോ. ശംസീര്‍ വയലില്‍ പറഞ്ഞു.
ഇന്ത്യയുടെ മുന്‍ രാഷ്ടപതിമാരായ ഡോ. സാക്കിര്‍ ഹുസൈന്‍, ഡോ. എ പി ജെ അബ്ദുല്‍ കലാം, സ്വാതന്ത്ര്യസമര സേനാനി ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ എന്നിവരെയും ഇത്തരത്തില്‍ ഡിലിറ്റ് നല്‍കി യൂണിവേഴ്‌സിറ്റി ആദരിച്ചിരുന്നു.
2014 ല്‍ ഇന്ത്യാ ഗവര്‍മെന്റിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ലഭിച്ച യു എ ഇയില്‍ നിന്നുള്ള വ്യക്തി കൂടിയായിരുന്നു ഡോ. ശംസീര്‍. ഏറ്റവും ഒടുവില്‍ ലക്ഷകണക്കിന് വരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക്, തങ്ങള്‍ ജോലി ചെയ്യുന്ന രാജ്യത്തു നിന്നുകൊണ്ട്, വോട്ടവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ നീതിപീഠമായ സുപ്രീം കോടതിയില്‍ ഇപ്പോള്‍ നിയമ യുദ്ധത്തിലാണ് ഡോ. ശംസീര്‍.
ഈ മാസം 31 ന് ഇതുസംബന്ധിച്ച അന്തിമ വിധി വരുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ഇരട്ടി മധുരവുമായി ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റി ഇദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്.