Connect with us

International

മലാലക്ക് നൊബേല്‍: യു എസിന്റെ ഗൂഢതന്ത്രമെന്ന് ചൈന

Published

|

Last Updated

ബീജിംഗ്: പാക്കിസ്ഥാനില്‍ നിന്നുള്ള മലാല യൂസുഫ് സായിക്ക് നൊബേല്‍ സമ്മാനം നല്‍കിയതിനെ ചോദ്യം ചെയ്ത് ചൈന രംഗത്തെത്തി. സ്ത്രീ വിദ്യാഭ്യാസമെന്ന പേരില്‍ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും കൂടുതല്‍ കാലം സൈനിക സാന്നിധ്യം തുടരാനുള്ള അമേരിക്കയുടെ ഗൂഢതന്ത്രങ്ങളാണ് ഇതിന് പിന്നിലെന്നാണ് ചൈനയുടെ നിലപാട്. മലാലക്കും കൈലാഷ് സത്യാര്‍ഥിക്കും നൊബേല്‍ സമ്മാനം ലഭിച്ചതില്‍ വ്യാപകമായ അഭിനന്ദനങ്ങള്‍ ലോക തലത്തില്‍ തന്നെ വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഇതിലെ സത്യസന്ധതയെ ചോദ്യം ചെയ്ത് ചൈന രംഗത്തെത്തിയിരിക്കുന്നത്.
മലാല ഈ സമ്മാനം അര്‍ഹിക്കുന്നു. ലോക തലത്തില്‍ തീവ്രവാദത്തിനെതിരെയുള്ള മുന്നേറ്റമായി ഈ സമ്മാനത്തെ കാണാം. അതേസമയം, ഇതിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റവുമായി ബന്ധപ്പെട്ട് ഈ സംഭവത്തിന് വലിയ ബന്ധമുണ്ട്. മലാലയുടെ ജീവിതവും അവളുടെ കഥകളും തങ്ങളുടെ സൈനിക സാന്നിധ്യത്തിന്റെ നേട്ടങ്ങളായി അമേരിക്ക ദുര്‍വ്യാഖ്യാനിക്കുകയാണ്. ഇതുപോലെ മറ്റു രാജ്യങ്ങളിലും തങ്ങളുടെ സൈനിക സാന്നിധ്യം അനിവാര്യമാണെന്ന ചിന്തയും ഈ അവാര്‍ഡ് നല്‍കലിലൂടെ അവര്‍ ലക്ഷ്യം വെക്കുന്നു. എന്നാല്‍ സൈനിക ഇടപെടലിന്റെ വളരെ മാരകമായ മറ്റൊരു വശം അവര്‍ മറച്ചുവെക്കുകയാണ്. പതിനായിരക്കണക്കിന് നിരപരാധികളാണ് ഇവരുടെ സൈന്യത്തിന്റെ ഇടപെടലിലൂടെ കൊല്ലപ്പെടുന്നത്. ഇതിന് പുറമെ ആ രാജ്യങ്ങളില്‍ വലിയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്നതായി ഷാംഗായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍ നാഷനല്‍ സ്റ്റഡീസിലെ ഡയറക്ടര്‍ സാവോ ഗാന്‍ചംഗ് ചൂണ്ടിക്കാട്ടുന്നു. നൊബേല്‍ സമ്മാനത്തിനര്‍ഹരായവരെ കുറിച്ച് നേരത്തെയും ചൈന വിമര്‍ശമുന്നയിച്ചിരുന്നു. 1989ല്‍ ദലൈലാമക്കും 2010ല്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിയു സിയോബാക്കും നൊബേല്‍ സമ്മാനം നല്‍കിയത് രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നാണ് ചൈനയുടെ അഭിപ്രായം.
മലാലക്ക് ലഭിച്ച നൊബേല്‍ സമ്മാനത്തെ ചോദ്യം ചെയ്ത് പാക്കിസ്ഥാനില്‍ നിന്ന് പലരും രംഗത്തെത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ പതിനായിരക്കണക്കിന് പാവപ്പെട്ടവരെയും ദരിദ്രരെയും സംരക്ഷിക്കുന്ന മെഡിക്കല്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ അബ്ദുല്‍ സത്താര്‍ ഈദിയെ പരിഗണിക്കാതെ 17 കാരിയായ മലാലക്ക് നൊബേല്‍ നല്‍കിയത് അനുചിതമായെന്നാണ് പാക്കിസ്ഥാനില്‍ നിന്നുള്ള പ്രമുഖരായ വ്യക്തികളുടെ നിലപാട്.