Connect with us

Articles

ദ്രാവിഡ രാഷ്ട്രീയത്തിലെ നടികര്‍തിലകങ്ങള്‍

Published

|

Last Updated

എം ടി വാസുദേവന്‍ നായരെ കോഴിക്കോട്ടെ യുക്തിവാദ സമ്മേളനത്തില്‍ കൊണ്ടുവന്ന് പ്രസംഗിപ്പിക്കണമെന്നു സംഘാടകര്‍ക്ക് നിര്‍ബന്ധം. അദ്ദേഹം വഴങ്ങി. പ്രസംഗം തുടങ്ങിയതിങ്ങനെ ആയിരുന്നു. ദൈവമില്ലെന്ന നിങ്ങളുടെ വാദമൊക്കെ ഞാന്‍ വേണമെങ്കില്‍ സമ്മതിച്ചു തരാം. പക്ഷേ ഞങ്ങളുടെ വടക്കേപ്പാട്ടു കാവിലെ ഭഗവതി ഇല്ലെന്നു മാത്രം പറയരുത്. ഞാനാ ഭഗവതിയില്‍ സത്യമായിട്ടും വിശ്വസിക്കുന്നു. ഏതാണ്ടിതു പോലൊക്കെയാണ് ദ്രാവിഡ രാഷ്ട്രീയക്കാരുടെ ആചാര്യന്‍ തമിഴ് മക്കള്‍ ആദരിക്കുന്ന ഇ വി രാമസ്വാമി നായിക്കരുടെ നിരീശ്വരവാദാധിഷ്ഠിത രാഷ്ട്രീയത്തെ അദ്ദേഹത്തിന്റെ അനുയായികളായ ഡി എം കെക്കാരും എ ഐ ഡി എം കെക്കാരും പിന്തുടര്‍ന്നു പോരുന്നത്. ബ്രഹ്മാവിനെയോ വിഷ്ണുവിനെയോ അതിനൊക്കെ അപ്പുറത്തുള്ള ഏതു ദൈവത്തെ വേണമെങ്കിലും അവര്‍ തള്ളിപ്പറയും. പകരം അവര്‍ക്കൊരു ദേവനെ അല്ലെങ്കില്‍ ദേവിയെക്കൂടിയേ കഴിയൂ. അണ്ണാദുരൈ സ്വയം ദേവനാകാന്‍ നിന്നുകൊടുത്തില്ല. പകരം ദൈവങ്ങളുടെ വേഷം കെട്ടി വെള്ളിത്തിരയില്‍ ദേവാധിദേവനായി മന്നാതി മന്നനായി വിളങ്ങി – ശത്രുക്കളെ പപ്പടം പോലെ പൊടിച്ചു തമിഴ് മക്കളുടെ കൈയടി വാങ്ങിയ സാക്ഷാല്‍ എം ജി ആറിനെ അവര്‍ ദൈവമായി അവരുടെ മനസ്സില്‍ മാത്രമല്ല കോവിലുകളിലും കുടിയിരുത്തി. ആ ദൈവത്തിന്റെ ഇഷ്ടതോഴിയായി നടിച്ചു കാണികളുടെ മനം കവര്‍ന്ന മിസ് ജയലളിത എം ജി ആര്‍ എന്ന ദൈവം ഇറങ്ങിപ്പോയ സ്ഥാനത്തു കയറി ഇരുന്നു.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ പൈതൃക അവകാശം കൈയാളി രംഗപ്രവേശം ചെയ്ത ഏഴൈതോഴന്‍ കരുണാനിധി അഭിനയത്തില്‍ പ്രകടിപ്പിച്ചതിലും അധികം മികവ് പ്രകടിപ്പിച്ചത് ആര്‍ക്കും അഭിനയിച്ചു പൊലിപ്പിക്കാന്‍ പറ്റാത്ത തരത്തിലുള്ള തിരക്കഥയെഴുത്തിലായിരുന്നു. സിനിമയെന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് വെയര്‍ മാത്രമാണ് അഭിനയമെങ്കില്‍ അതിന്റെ സോഫ്റ്റ് വെയര്‍ ആണ് തിരക്കഥ എന്നറിയാന്‍ മാത്രമുള്ള ആലോചനാ ശേഷിയൊന്നും സിനിമാ പ്രേമികളായ പാവം തമിഴ് മക്കള്‍ക്കില്ലാതെ പോയി. കറുത്തിരുണ്ട നിറവും തരിശുഭൂമിയായ തലയും ഒന്നിലേറെ ഭാര്യമാരും മക്കള്‍ക്കു സ്റ്റാലിന്‍ എന്നൊക്കെയുള്ള കടിച്ചാല്‍ പൊട്ടാത്ത പേരുകളും ഇട്ടു വളര്‍ത്തുന്ന കരുണാനിധിയെക്കേള്‍ തമിഴ് മക്കള്‍ക്കിഷ്ടപ്പെട്ടത്”അന്നൊത്ത പോക്കി കുയിലൊത്തപാട്ടി, തേനൊത്ത വാക്കീ തിലപുഷ്പമുക്കി, ദരിദ്രയില്ലത്തെയാവാഗുപോലെ, നീണ്ടിട്ടിരിക്കും നയനദ്വയത്തി. എന്നിങ്ങനെ കെട്ടിലമ്മയുടെ സൗന്ദര്യത്തിനു മാതൃകയായി നമ്മുടെ തോല കവി കണ്ടെത്തിയതെന്നനുമാനിക്കാവുന്ന ജയലളിതാമാഡത്തെയായിപ്പോയി എന്നതില്‍ നമുക്കു നമ്മുടെ അമ്മ ഭാഷയായ തമിഴ് പേശും സോദരന്മാരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
അഴിമതി, സന്മാര്‍ഗ നിഷ്ഠ ആദര്‍ശ പോഷണം, തന്‍കാര്യം നോക്കല്‍ ഇവയിലൊന്നും കരുണാനിധി കുടുംബം കുടുംബം ഇല്ലാത്ത കുടുംബക്കാരിയായ ജയലളിതയേക്കാള്‍ ഭേദമാണെന്നു കരുണാനിധിയുടെ തീവ്രആരാധകര്‍ പോലും പറയാനും ഇടയില്ല. ഇങ്ങനെ ജയലളിത എന്ന ചെകുത്താനും കരുണാനിധി എന്ന കടലിനും ഇടയില്‍ കുടുങ്ങിപ്പോയ തമിഴ്‌നാടിന്റെ രാഷ്ട്രീയഭാവി എന്തായിരിക്കും എന്ന ചര്‍ച്ചക്കാണിപ്പോള്‍ മാര്‍ക്കറ്റ്. രണ്ടാം നിര നേതാക്കളില്ലാതെ പോകുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേരിടാന്‍ പോകുന്ന ഒരു ഭവിഷ്യത്താണിത്. സ്വന്തമായ ഇടം സൃഷ്ടിക്കാതെ വന്‍ വൃക്ഷങ്ങളുടെ തണലു പറ്റി മറ്റൊരു മരത്തിനും തലയെടുപ്പുണ്ടാകില്ലെന്നത് പ്രകൃതിപാഠം.
രാഷ്ട്രീയ ജ്യോതിഷികള്‍ കവടിയും പലകയും നിരത്തി പലതു പറയുന്നു. ഇരുമ്പുവെള്ളമാക്കുന്നതുമുതല്‍ മനുഷ്യവിസര്‍ജനം നീക്കം ചെയ്യല്‍ വരെ ഏതുവിധ ജോലികളില്‍ രാപകല്‍ വ്യാപരിച്ചാലും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന തമിഴ്മക്കള്‍ക്ക് സഹതാപമല്ലാതെ മറ്റെന്താണ് നമുക്ക് കൊടുക്കാന്‍ കഴിയുക. ഗള്‍ഫിലും മറ്റു യൂറോപ്യന്‍ നാടുകളിലും പോയി പണിയെടുത്ത് കഷ്ടിച്ച ഇല നക്കി പട്ടികളുടെ സ്ഥാനം കൈയാളുന്ന കേരളീയരുടെ കിറിനക്കി പട്ടികളായി അറിയപ്പെടുന്ന പാവപ്പെട്ട ഈ തമിഴന്മാരുടെ ദീന വിലാപമാണ് ജയലളിതയെ ജയിലിലടച്ച വാര്‍ത്തയോടുളള പ്രതികരണം എന്ന നിലയില്‍ വിവിധ ദൃശ്യമാധ്യമങ്ങള്‍ നമുക്കു കാണിച്ചുതന്നത്.
പാവം തമിഴ് മക്കള്‍! ജയലളിത അവര്‍ക്കാരായിരുന്നു? വളര്‍ത്തുമകന്റെ വിവാഹസദ്യക്കു മൃഷ്ടാന്ന ഭോജനം നല്‍കി ഭക്ഷണം എന്നാലെന്തെന്നു മനസ്സിലാക്കിതന്ന തായ്. പെണ്ണുങ്ങള്‍ക്കെല്ലാം സാരി സമ്മാനിക്കുന്ന ദേവത. തൊഴിലെടുത്തു തളരുന്ന സായാഹ്നങ്ങളിലും വേണമെങ്കില്‍ രാത്രി മുഴുവനും അമ്മയുടെ വിവിധ പോസിലുള്ള ചിത്രങ്ങള്‍ കണ്ടു മനം കുളിര്‍പ്പിക്കാനുതകുന്നു വിഡ്ഢിപ്പെട്ടി സൗജന്യം ആയി വിതരണം ചെയ്യുന്ന ഭരണാധികാരി. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കെല്ലാം ലാപ്‌ടോപ്പ് സമ്മാനിക്കുന്നു. അമ്മയുടെ പേരില്‍ തയ്യാറാക്കിയ സിമന്റിന്റെ പായ്ക്കറ്റ് കുറഞ്ഞ വിലക്കു നല്‍കുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ നമ്മുടെ ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയൊന്നും ഒന്നുമല്ല. ജയലളിതയും ഉമ്മന്‍ ചാണ്ടിയും ഒക്കെ സാക്ഷാല്‍ മഹാബലിയുടെ പൈതൃകം പിന്‍തുടരുന്നവരാണ്. ആര്യന്‍ ഗണിതപ്രകാരം രണ്ടുപരും ദ്രാവിഡര്‍ അഥവാ അസുരവംശജര്‍. ആരെന്തു ചോദിച്ചാലും നല്‍കുന്നതാണ് അസുരരാജാക്കന്മാരുടെ പാരമ്പര്യം. ഇതറിയാത്തതുകൊണ്ടായിരുന്നല്ലോ മൂന്നടി സ്ഥലം ചോദിച്ചു വന്ന വാമനന്‍ മഹാബലിയുടെ തലയുമായി കടന്നുകളഞ്ഞത്. എവിടെനിന്നോ തെണ്ടി വേഷം കെട്ടിയെത്തിയ വാമനന്‍ എന്ന ബ്രാഹ്മണകുമാരന് ചോദിച്ചത്ര സ്ഥലം ദാനം ചെയ്യാന്‍ ഈ മഹാബലിമാര്‍ക്കെന്തൊരു ഔദാര്യം!. ആരാന്റെ പന്തലില്‍ സ്വന്തം വിളമ്പ് നടത്തി ഷെന്‍ ചെയ്യാന്‍ നല്ലസുഖം!.
ഇത്തരം വിളമ്പുകാര്‍ക്കെതിരെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അതിന്റെ അമര്‍ത്തിവെച്ചിരുന്ന പല്ലും നഖവും ഇതാ പുറത്തെടുത്തിരിക്കുന്നു. നാല് വര്‍ഷത്തെ തടവ്. 130 കോടി പിഴ. പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കും. വൈകാതെ അതിനും ഇതു തന്നെ ഗതി. ഇതവസാനത്തേതായിരിക്കില്ല. ഇതിലും ദയനീയമായ പതനങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ. സുബ്രഹ്മണ്യസ്വാമിയുടെ വാക്കുകളെ വിശ്വസിക്കാമെങ്കില്‍ അടുത്ത ക്രിസ്മസ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും അരുമ സന്താനം രാഹുല്‍ജിക്കും അത്ര സുഖകരമായിരിക്കുകയില്ല. കേവലം ഒരു എയര്‍ഹോസ്റ്റസ് ആയി ഇന്ത്യയിലെത്തിയ ഒരു ഇറ്റലിക്കാരി ലോക ധനാഢ്യരുടെ മുന്‍നിരയില്‍ ഇത്രപെട്ടെന്നു സ്ഥാനം പിടിച്ചതെങ്ങനെ എന്നാണ് സ്വാമി ചോദിക്കുന്നത്. അദ്ദേഹം വിശ്രമം ഇല്ലാതെ പണിയെടുക്കുന്നു. അമ്മയും മകനും ജയിലില്‍ കയറാന്‍ വല്യ താമസം ഉണ്ടാകില്ലെന്നാണ് സുബ്രഹ്മണ്യസ്വാമിയുടെ നിഗമനം. ലാലുപ്രസാദ് യാദവും ഓംപ്രകാശ് ചൗട്ടാലയും നീതിന്യായ കോടതിയുടെ പ്രഹരം ഏറ്റുകഴിഞ്ഞു. തൊട്ടുപിന്നാലെയുണ്ട് നമ്മുടെ ദളിദ് കഥാനായിക മായാവതി. ഉത്തേരന്ത്യന്‍ രാഷ്ട്രീയത്തിലെ നൂതനാവതാരങ്ങളായ ഇത്തരം ചെറുകിട ആര്‍ത്തിപ്പണ്ടാരങ്ങള്‍ ജനഹിതത്തിന്റെ തേരിലേറിയായിരുന്നു സഞ്ചാരം.
പശ്ചിമബംഗാളിലെ നൂതനാവതാരം പുല്‍ക്കൊടി പാര്‍ട്ടിയുടെ പരമാധ്യക്ഷ മമതാ ബാനര്‍ജിയും ശാരദാ തട്ടിപ്പിന്റെ ഉപ്പുചാക്കില്‍ കൈയിട്ടു നക്കി കണക്കിനു വെള്ളം കുടിച്ചുതുടങ്ങിയെന്നാണ് കേള്‍ക്കുന്നത്. തിരിച്ചറിവില്ലാത്ത ഒരു ജനതയെ ഒപ്പം നിറുത്തി ചുരുങ്ങിയ കാലംകൊണ്ട് കിട്ടുന്നതൊക്കെ കൈക്കലാക്കുക. അതു മാത്രമാണിവരുടെ രാഷ്ട്രീയം എന്നു ബോധ്യപ്പെടുത്താന്‍ പാകത്തില്‍ ഒട്ടേറെ പരിമിതികളോടെയാണെങ്കിലും ഒരു ജുഡീഷ്യറി നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്നു എന്നത് എത്ര ആശ്വാസകരം!.
ജനസേവനത്തിനിറങ്ങും മുമ്പ് സ്വന്തം പിതൃസ്വത്തുക്കള്‍ പോലും ത്യജിച്ച ദേശീയ നേതാക്കള്‍ നമുക്കുണ്ടായിരുന്നു. ഇപ്പോഴോ? എങ്ങനെ തനിക്കും തന്റെ വരും തലമുറക്കും ആയി സ്വത്തുക്കള്‍ സ്വരൂപിക്കാം എന്നതാണ് രാഷ്ട്രീയത്തിലേക്കാദ്യ കാല്‍വെപ്പു നടത്തുമ്പോഴെ ആലോചിച്ചുതുടങ്ങുന്നത്. ഇതിലൊന്നും ഭരണകക്ഷി പ്രതിപക്ഷ ഭേദമില്ലെന്നു വന്നിരിക്കുന്നു. ആരു വന്നാലും ഗതി ഇതൊക്കെ എന്നറിയാവുന്ന ജനം തങ്ങള്‍ക്കു മുന്നില്‍ നന്നായി അഭിനയിക്കുന്നവര്‍ക്കു സമ്മതിദാനം നല്‍കുന്നു. ഒരു നേതാവും സ്വന്തം ആസ്തി വര്‍ധിപ്പിക്കുന്നതില്‍ അനുയായികള്‍ക്ക് യാതൊരമര്‍ഷവും ഇല്ല. ചുരുങ്ങിയ കാലം കൊണ്ട് കൂടുതല്‍ സമ്പാദിക്കുന്നവനാണ് നമ്മുടെ മാതൃകാ നായകന്മാര്‍. രണ്ടായിരം ഏക്കര്‍ സ്ഥലം, ഇരുപത്തിയെട്ടു കിലോ സ്വര്‍ണാഭരണങ്ങള്‍, അതിലേറെ വജ്രവും രത്‌നങ്ങളും, പതിനായിരത്തി അഞ്ഞൂറ് വിലകൂടിയ സാരികള്‍, എഴുനൂറ്റി അമ്പതുജോഡി ചെരുപ്പുകള്‍, തൊണ്ണൂറു റിസ്റ്റ് വാച്ചുകള്‍!. ഇത്രയൊക്കെ തങ്ങളുടെ നേതാവ് തന്റെ ജനസേവനകാലത്ത് സമ്പാദിച്ചിരിക്കുന്നു എന്നത് അനുയായികളെ രോമാഞ്ചകഞ്ചുകരാക്കുന്നു എന്നതിന്റെ അര്‍ത്ഥം മറ്റൊന്നും അല്ല. ഇതോ ഇതിലേറെയോ സ്വന്തമാക്കാം എന്ന വ്യാമോഹത്തിന് വശപ്പെട്ടുകഴിയുന്നവരാണെന്നുതന്നെ.
തങ്ങള്‍ക്കാവശ്യമില്ലാത്ത സ്വത്തുക്കള്‍ സ്വന്തം ജീവിതകാലത്തു സ്വരൂപിക്കുക. അതു മാത്രമാണ് ജീവിതത്തിന്റെ അര്‍ത്ഥം, മറ്റൊന്നും അല്ല എന്ന സന്ദേശമാണ് ഇന്നു നമ്മള്‍ സര്‍വത്രകേള്‍ക്കുന്നത്. ദൈവത്തെപോലും ഇതിനു കൂട്ടുപിടിക്കുന്ന പ്രവണത ശക്തിപ്പെട്ടുവരുന്നു. മനുഷ്യര്‍ക്കു ഭൗതിക സമ്പത്ത് വാരിക്കോരി നല്‍കല്‍ മാത്രമാണ് ദൈവത്തിന്റെ പണി എന്ന് ധ്വനിപ്പിക്കുന്ന തരത്തിലുള്ള മതപാഠങ്ങളും സുവിശേഷ പ്രഭാഷണങ്ങളും ധാരാളം. ഭൗതിക നേട്ടങ്ങളത്രയും ദൈവത്തിന്റെ അനുഗ്രഹം. ദാരിദ്ര്യം ദൈവം നല്‍കുന്ന ശിക്ഷ! ഇതത്രെ ഇന്നത്തെ മുഖ്യധാരാ ദൈവശാസ്ത്രം.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ മതനിലപാടുകള്‍ എന്തുതന്നെ ആയാലും തമിഴ്‌നാട്ടിലെ അണ്ണാ ഡി.എം.കെ ക്കാര്‍ വിശ്വാസികളാണ്. മറ്റു ദൈവങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ ജയലളിതയെ ദൈവം ആക്കി പൂജിക്കുന്നു.. സാക്ഷാല്‍ ദൈവത്തെ തകര്‍ത്തു സ്വയം ദൈവമാകുന്ന ഈ കുട്ടി ദൈവങ്ങള്‍ അവരെ സംരക്ഷിക്കാന്‍ തങ്ങളെക്കാള്‍ മുന്തിയ വന്‍കിട ദൈവങ്ങളെ ആശ്രയിക്കുന്നു. ജയലളിത തന്നെ ഗുരുവായൂരപ്പന് കൊമ്പനാന, തളിപ്പറമ്പിലപ്പന് പൊന്നിന്‍കുടം, ഇന്ത്യ ഒട്ടാകെയുള്ള ഏതൊക്കെ അപ്പന്മാരുടെയും അമ്മമാരുടെയും സഹായം കൊണ്ടായിരിക്കും ഈ നേതാക്കന്മാര്‍ സ്വന്തം വരുമാനത്തിന്റെ പരിധിക്കപ്പുറത്തുള്ള കോടാനുകോടികള്‍ സ്വരൂപിച്ചത്? ഉദ്ദിഷ്ടകാര്യത്തിനുപകാര സ്മരണ എന്ന തത്വത്തിലധിഷ്ഠിതമായ ഒരു തരം വ്യാജ ആത്മീയത നമ്മുടെ നാട്ടില്‍ പെരുകിവരുന്നു. ജയലളിതയുടെ അനുയായികള്‍ കേസിന്റെ വിധി വരുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ വിധി ജയലളിതക്കനുകൂലമാക്കാന്‍ പ്രത്യേക പൂജകളും പ്രാര്‍ഥനകളും നടത്തുകയുണ്ടായി, വിധി പറഞ്ഞ ജഡ്ജിയെ ഒരു ദൈവവും സ്വാധീനിക്കുകയുണ്ടായില്ല. എന്നതില്‍ നമുക്കു ദൈവത്തോടും നന്ദിയുള്ളവരായിരിക്കാം. ദൈവത്തോടു പിണങ്ങിപ്പോയ കുറെ എ ഐ എ ഡി എം കെ അനുയായികള്‍ തെരുവിലിറങ്ങിയ ചില ബസുകളും കാറുകളും കത്തിച്ചു. ചിലര്‍ സ്വന്തം ദേഹത്ത് പെട്രോളൊഴിച്ചു തീപ്പെട്ടിയുരയ്ക്കുന്നതായി അഭിനയിച്ചു. 8 ഓളം പേര്‍ ആത്മാഹുതി ചെയ്തു. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ നിമിത്തം അഗ്നിയുടെ അദ്ധ്വാനഭാരം കുറഞ്ഞു. ഇത്രയൊക്കെ പോരെ ഒരു നേതാവിന്റെ ജനപ്രീതി അളക്കാന്‍?
എല്ലാ രാഷ്ട്രീയ നേതാക്കളും അല്‍പസ്വല്‍പം അഭിനയം ഒക്കെ പഠിച്ചിരിക്കുന്നത് നല്ലതാണ്. മുഖം മനസ്സിന്റെ കണ്ണാടി ആയിരിക്കണം എന്നൊക്കെ പറഞ്ഞത് ആരോ വിവരമില്ലാത്തവരാണ്. മുഖം എപ്പോഴും മനസ്സിന്റെ മറയായിരിക്കണം. ഉള്ളിലെ ഭാവം എന്തുതന്നെ ആയാലും വെപ്പുപല്ല് അല്ലെങ്കില്‍ മുഴുവന്‍ പല്ലും പുറത്തുകാട്ടി ചിരിക്കണം. ചെറിയ കുട്ടികളെ കണ്ടാല്‍ കവിളില്‍ ഒരു തലോടല്‍, തരമായാല്‍ ഒരുമ്മ, ആരെന്തുതന്നെ ആവശ്യപ്പെട്ടാലും “നോക്കാം ശരിയാക്കാം” എന്നൊക്കെയല്ലാതെ നോ എന്ന് പറയരുത്. എവിടെ ക്യാമറ കണ്ടാലും ഒഴിവാക്കരുത്. കല്യാണവീട്ടില്‍ ചെന്നാല്‍ ഒന്നുകില്‍ വധു അല്ലെങ്കില്‍ വരന്‍, മരിച്ച വീട്ടില്‍ ചെന്നാല്‍ പറ്റിയാല്‍ ശവം തന്നെ ആയിക്കോണം. ദേവാലയങ്ങളില്‍ ചെന്നാല്‍ ഭക്തിപാരവശ്യം കൊണ്ടു കണ്ണുകള്‍ മേലോട്ടുരുട്ടണം. മതപുരോഹിതന്മാരേയും സ്വന്തം പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളേയും കണ്ടാല്‍ നട്ടെല്ലു വില്ലുപോലെ വളച്ചേക്കണം. ശരീരത്തിലെ ഒടിവ്, ചതവ്, മുറിവ് ഇതെല്ലാം പൊതുജനങ്ങള്‍ക്കു കാണാവുന്ന തരത്തില്‍ പൊതിഞ്ഞുകെട്ടി പ്രദര്‍ശിപ്പിക്കണം. ഒരു ബ്യൂട്ടീഷനെ ഒപ്പം കൊണ്ടുനടക്കുന്നത് വളരെ നല്ലത്. സഹതാപതരംഗം മുതലെടുക്കാനുള്ള ഒരവസരവും കളഞ്ഞുകുളിക്കരുത്. ഗാന്ധിജി ശ്രീനാരായണഗുരു അയ്യന്‍കാളി, അംബേദ്കര്‍, കാറല്‍മാര്‍ക്‌സ് എന്നൊക്കെ ഇടയ്ക്കിടെ പറഞ്ഞുകൊള്ളണം. പൊതുജനങ്ങള്‍ക്കു മുമ്പില്‍ കൂപ്പുകൈ ഒരായുധം പോലെ പിടിച്ചുകൊള്ളണം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഇതിലൊക്കെ അങ്ങേയറ്റത്തെ ലാളിത്യം പുലര്‍ത്തുന്നവനാണ് എന്ന് ഭാവിക്കണം. ചായ, കാപ്പി, ഇതൊക്കെ ഒഴിവാക്കി ആട്ടിന്‍പാലും കരിക്കിന്‍വെള്ളവും ആണ് ഇഷ്ടവിഭവങ്ങളെന്നു ഭാവിച്ചുകൊള്ളണം. ചാനലുകാര്‍, പത്രക്കാര്‍ തുടങ്ങിയ വിഷജീവികളെ ചവിട്ടാതെയും മേലുനോവിക്കാതെയും സൂക്ഷിച്ചുനടന്നുകൊള്ളണം. ഇത്രയൊക്കെ ചെയ്താല്‍ ആര്‍ക്കും ജയലളിതയാകാം. ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്തരം എളുപ്പവഴികളിലൂടെ ക്രിയചെയ്തു ജനഹൃദയങ്ങളില്‍ ഇടം നേടിയ നേതാക്കന്മാര്‍ ആരൊക്കെ എന്ന വിഷയം രാഷ്ട്രീയ വിദ്യാര്‍ഥികളുടെ ഗവേഷണത്തിനു വിട്ടുകൊടുത്തുകൊണ്ട് നമുക്കു തത്കാലം”പുരട്ച്ചി തലൈവി” കുമാരി ജയലളിതക്കു ദീര്‍ഘായുസ്സ് നേരാം.
വാല്‍കഷണം: കേരള രാഷ്ട്രീയത്തില്‍ സിനിമാക്കാര്‍ക്ക് വല്യ സ്‌കോപ്പില്ലെന്നാണ് ഗണേഷ്‌കുമാറിനെ ഇറക്കിയുള്ള പരീക്ഷണം തെളിയിച്ചത്. സുരേഷ്‌ഗോപി, മോഹന്‍ലാല്‍ , മമ്മൂട്ടി ഇവരെല്ലാം അടുപ്പത്തുവെച്ച വെള്ളം വാങ്ങി വെക്കുന്നതാണ് നല്ലത്. കേരളത്തിലെ രാഷ്ട്രീയക്കാര്‍ നിങ്ങള്‍ സിനിമാക്കാരെ വെല്ലുന്ന നടികര്‍ തിലകങ്ങളാണ്. ഇവിടെ സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്കല്ല രാഷ്ട്രീയത്തില്‍ നിന്നും സിനിമയിലേക്കാണ് ഒഴുക്ക്. ഉദാഹരണം ലോനപ്പന്‍ നമ്പാടന്‍, സി.കെ പത്മനാഭന്‍, ഉണ്ണിത്താന്‍ etc…etc…