Connect with us

Editorial

എലിയെ പേടിച്ച് ഇല്ലം ചുടരുത്

Published

|

Last Updated

“സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്ന് മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ചിത്രങ്ങള്‍ ഒഴിവാക്കണം. ആവശ്യമെങ്കില്‍ രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ ഗവര്‍ണറുടെയോ മുഖ്യമന്ത്രിമാരുടെയോ ചിത്രങ്ങള്‍ ആകാം. രാഷ്ട്രീയ നേതാക്കളെ മഹത്വവത്കരിക്കുന്ന ഒന്നും തന്നെ പരസ്യങ്ങളില്‍ പാടില്ല”- ഗവണ്‍മെന്റ് അഡ്വര്‍ടൈസ്‌മെന്റ് (കണ്ടന്റ് റഗുലേഷന്‍) ഗൈഡ് ലൈന്‍സ് 2014- സുപ്രീംകോടതി അംഗീകരിച്ചാല്‍ പുതിയ നിയമം നടപ്പാക്കേണ്ടിവരും. ക്ലാസിഫൈഡ് പരസ്യങ്ങള്‍ ഒഴികെ മറ്റെല്ലാറ്റിനും ഇത് ബാധകമായിരിക്കും. മുഴുവന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഈ മാര്‍ഗരേഖ ബാധകമായിരിക്കും. നാഷനല്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ എന്‍ ആര്‍ മാധവ മേനോന്‍, ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ ടി കെ വിശ്വനാഥന്‍, മുതിര്‍ന്ന അഭിഭാഷകനും സോളിസിറ്റര്‍ ജനറലുമായ രഞ്ജിത് കുമാര്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിയുടേതാണ് ഈ ശിപാര്‍ശകള്‍. സുപ്രീം കോടതിയാണ് ഇവരെ നിയമിച്ചത്. പരാതികള്‍ പരിശോധിക്കാനും നടപടികള്‍ ശിപാര്‍്ശ ചെയ്യാനും ഓംബുഡ്‌സ്മാനെ നിയമിക്കണമെന്നും സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പൊതുപണം ദുരുപയോഗപ്പെടുത്തി സര്‍ക്കാര്‍ പരസ്യങ്ങള്‍ രാഷ്ട്രീയ നേതാക്കളെ മഹത്വവത്കരിക്കുന്നുവെന്നാരോപിച്ച് “കോമണ്‍ കോസ്” എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന് തീര്‍പ്പ് കല്‍പ്പിക്കവെയാണ് മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബഞ്ച് മൂന്നംഗ സമിതി രൂപവത്കരിച്ചത്. ഈ സമിതിയുടെ ശിപാര്‍ശകളില്‍ പലതും നിലവിലുള്ളതാണ്. രാഷ്ട്രീയ നേതാക്കളെ മഹത്വവത്കരിക്കാന്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നത് തടയണം, ഭരിക്കുന്ന പാര്‍ട്ടിയുടെ ചിഹ്നമോ, കൊടിയോ പരസ്യത്തില്‍ പാടില്ല, ഭരിക്കുന്ന പാര്‍ട്ടിയുടെ പേര് പരസ്യത്തില്‍ പാടില്ല തുടങ്ങിയവയാണ് സമിതിയുടെ പ്രധാന ശിപാര്‍ശകള്‍. സര്‍ക്കാര്‍ പരസ്യങ്ങള്‍ രാഷ്ട്രീയ നേതാക്കളെ മഹത്വവത്കരിക്കാനും, ഭരിക്കുന്ന കക്ഷിയുടെ താത്പര്യം സംരക്ഷിക്കാനുമുള്ളതാണെന്ന “മുന്‍വിധി”യോടെയാണ് മൂന്നംഗസമിതി പ്രശ്‌നത്തെ സമീപിച്ചതെന്ന് വേണം അവരുടെ ശിപാര്‍ശകള്‍ പരിശോധിക്കുമ്പോള്‍ തോന്നുക. ജനാധിപത്യ ഭരണസംവിധാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വളരെ നിര്‍ണായക പങ്ക് നിര്‍വഹിക്കാനുണ്ടെന്ന വസ്തുത ആര്‍ക്കും അവഗണിക്കാനാകില്ല. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളുമെല്ലാം അഴിമതിക്കാരും ജനങ്ങളോട് പ്രതിബദ്ധത പുലര്‍ത്താത്തവരാണെന്നുമുള്ള ദുഷ്പ്രചാരണം ഇന്ന് വ്യാപകമാണ്. ടുണീഷ്യയിലെ “മുല്ലപ്പൂ വിപ്ലവ”മടക്കമുള്ള ജനകീയ മുന്നേറ്റങ്ങള്‍ക്ക് വഴിതുറന്നതും പൊതുജനങ്ങളുടെ പ്രഹരശേഷിയില്‍ നിന്നാണ്. മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും നേതാക്കളേയും ജനവിരുദ്ധരായി ചിത്രീകരിക്കുമ്പോള്‍, ശക്തി നേടുന്നത് അരാജകവാദ ശക്തികളാണ്. പിന്നിട്ട ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ രാജ്യങ്ങളിലുണ്ടായ നേതൃമാറ്റങ്ങളും തുടര്‍ന്നുണ്ടായ സ്ഥിതിഗതികളും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
“സദ്ദാം ഹുസൈന്‍ ഇല്ലാത്ത ഇറാഖ് ലോകത്തെ കൂടുതല്‍ സുരക്ഷിതമാക്കിയോ” എന്ന ചോദ്യത്തിന് എന്ത് മറുപടിയാണ് അമേരിക്കക്കും സഖ്യശക്തികള്‍ക്കും, അവര്‍ക്ക് സ്തുതിഗീതം പാടിയ ഐക്യരാഷ്ട്ര സഭക്കും നല്‍കാനാകുക. ജനങ്ങളുടെ അതൃപ്തി കുത്തിപ്പൊക്കി കഴിയാവുന്നത്ര രാജ്യങ്ങളില്‍ ഭരണ അസ്ഥിരത സൃഷ്ടിക്കാനും തങ്ങളോട് മമതയുള്ളവരെ അധികാരത്തിലേറ്റുന്നതിലും മാത്രമായിരുന്നു അമേരിക്കക്ക് താത്പര്യം. മറ്റു രാജ്യങ്ങളിലെ വിപണിയിലും അസംസ്‌കൃത പദാര്‍ഥങ്ങളിലും മാത്രമായിരുന്നു അമേരിക്കന്‍ ഭരണകൂടത്തിന് താത്പര്യം. അതിന് അവര്‍ എന്തും ആയുധമാക്കും. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പരസ്യവാചകങ്ങള്‍ ശ്രദ്ധിക്കുക. അത് ജനങ്ങളുടെ കണ്ണഞ്ചിക്കുകതന്നെ ചെയ്യും. പക്ഷേ അത് തിരിച്ചറിയാന്‍ ജനങ്ങള്‍ക്കാകണമെന്ന് മാത്രം. “ഇന്ത്യ തിളങ്ങുന്നു” എന്ന പരസ്യവാചകം അക്കൂട്ടത്തിലൊന്നായിരുന്നു. മന്‍മോഹന്‍ സിംഗിന്റെ രണ്ടാം യു പി എ സര്‍ക്കാറും “ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം” വെച്ച് ഒരു കളി കളിച്ച് നോക്കാതിരുന്നില്ല. പക്ഷെ ഫലിച്ചില്ല.
സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്നും മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ചിത്രങ്ങള്‍ ഒഴിവാക്കുകയല്ല പ്രധാനം. പരസ്യ വാചകങ്ങളില്‍ പതിയിരിക്കുന്ന കൊടുംചതിയും വഞ്ചനയും തുറന്നുകാട്ടുകയാണ് വേണ്ടത്. അതിന് ജനതയെ ബോധവത്കരിക്കണം. രാജ്യത്തിന്റെ പുരോഗതിയും ഐശ്വര്യവുമാണ് ലക്ഷ്യമെങ്കില്‍ “എലിയെ പേടിച്ച് ഇല്ലം ചുടുക”യല്ല വേണ്ടത്. എലിയെയാണ് നശിപ്പിക്കേണ്ടത്. അതിന് ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. അതില്‍ അമാന്തം കാണിച്ചാല്‍ അരാജകത്വമായിരിക്കും ഫലം.

Latest