Connect with us

Kollam

പുതിയകാവ് - ചക്കുവള്ളി റോഡില്‍ അപകടം പതിവാകുന്നു

Published

|

Last Updated

കരുനാഗപ്പള്ളി: ആധുനിക രീതിയില്‍ നിര്‍മിച്ച പുതിയകാവ്- ചക്കുവള്ളി റോഡില്‍ അപകടം പതിവാകുന്നു. ഇതിനകം നിരവധി ജീവനുകളാണ് റോഡില്‍ പൊലിഞ്ഞത്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം അജ്ഞാത വാഹനമിടിച്ച് റോഡില്‍ കിടന്ന് രക്തം വാര്‍ന്ന് മരിച്ചത് തൊടിയൂര്‍ വടക്ക് കാരിക്കല്‍ വരമ്പേല്‍ വീട്ടില്‍ സുരേന്ദ്രന്റെ മകന്‍ സുരേഷ് (22) ആണ ്. അമിതവേഗതയില്‍ വന്ന വാഹനം ഇടിച്ച് വീഴ്ത്തിയ ശേഷം വന്ന വേഗതയില്‍ തന്നെ കടന്നുകളയുകയായിരുന്നു.
സമാന രീതിയില്‍ നിരവധി അപകടങ്ങളാണ് പുതിയകാവ്- ചക്കുവള്ളി റോഡ് സാക്ഷ്യം വഹിക്കുന്നത്. വേണ്ടത്ര സുരക്ഷ സംവിധാനം റോഡില്‍ ഏര്‍പ്പെടുത്തത്തതാണ് അപകടം വര്‍ധിക്കുന്നതിന് കാരണമാകുന്നത്.
റോഡില്‍ അപകടം വര്‍ധിക്കുന്ന സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളോ, റിഫഌക്ടറോ സ്ഥാപിച്ചിട്ടില്ല. സൈക്കിള്‍മുക്ക്, എ വി ബി എച്ച് എസ്, അരമത്ത് മഠം, തൊടിയൂര്‍ പാലം, എന്നിവിടങ്ങളിലാണ് അപകടങ്ങള്‍ തുടര്‍ക്കഥയായി മാറിയിരിക്കുന്നത്. 90,100 കിലോമീറ്റര്‍ വേഗതയിലാണ് വാഹനങ്ങള്‍ ഇതുവഴി സഞ്ചരിക്കുന്നത്.
ആധുനിക രീതിയില്‍ നിര്‍മിച്ചിരിക്കുന്ന റോഡായത് കാരണം വാഹനങ്ങള്‍ ഇതുവഴി വേഗത്തിലാണ് കടന്നുപോകുന്നത്. കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് എളുപ്പം ദേശീയപാതയില്‍ ഇതുവഴി എത്താന്‍ കഴിയുമെന്നതിനാല്‍ മിക്ക വാഹനങ്ങളും കടന്നുപോകുന്നത് ഇപ്പോള്‍ ഇതുവഴിയാണ്.
ഇതോടപ്പം ശാസ്താംകോട്ട – കരുനാഗപ്പള്ളി റോഡിലെ രണ്ട് റെയില്‍വേ ഗേറ്റുള്ളതിനാലും അതുവഴി പോകുന്ന വാഹനങ്ങളും യാത്രക്കായി ഇതിനെയാണ് ആശ്രയിക്കുന്നത്.
കണ്ടെയ്‌നര്‍ ലോറികള്‍ അടക്കമുള്ള വാഹനങ്ങള്‍ക്കടിയല്‍പ്പെട്ട് നിരവധി ബൈക്ക് യാത്രികര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്.
അടിയന്തരമായി റോഡില്‍ സുരക്ഷാ സംവിധാനം ഒരുക്കി അപകടം കുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

Latest