Connect with us

National

ഹുദ് ഹുദ് ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തെത്തി

Published

|

Last Updated

hud hudഹൈദരാബാദ്/ ഭുവനേശ്വര്‍: ഹുദ് ഹുദ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് പ്രവേശിച്ചു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. ചുഴലിക്കൊടുങ്കാറ്റ് തീരത്തെത്തിയതോടെ ആന്ധ്രയിലും ഒഡീഷയിലും കനത്ത കാറ്റും മഴയും തുടരുകയാണ്. വിജയനഗരത്തിനടുത്ത ബിമിലിയിലാണ് കാറ്റ് കരയിലേക്ക് ആദ്യമായി കടന്നത്. വിശാഖപട്ടണത്തെ 26 ഓളം ഗ്രാമങ്ങലില്‍ കനത്ത മഴ തുടരുകയാണ്. വിശാഖപട്ടണത്ത് ശക്തമായ കാറ്റില്‍ മരം കടപുഴകിവീണ്‌  ഒരു സ്ത്രീ മരിച്ചതായാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തും ഒരാള്‍ മരിച്ചിട്ടുണ്ട്.

ചുഴലിക്കൊടുങ്കാറ്റ് തീരത്തെത്തിയതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തരാറിലായി. കാറ്റിന്റെ ശക്തിയില്‍ തിരമാലകള്‍ 14 മീറ്റര്‍വരെ ഉയരാനിടയുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും തീരപ്രദേശങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ആന്ധ്ര, ഒഡീഷ തീരപ്രദേശ ജില്ലകളില്‍ നിന്ന് ഒന്നര ലക്ഷം ആളുകളെ ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 5.14 ലക്ഷം പേരെ മാറ്റിപാര്‍പ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനിടെ വിശാഖപട്ടണത്തിന് സമീപം മണ്ണിടിച്ചിലുണ്ടായി.

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയില്‍ നിന്ന് 35,000 പേരെയും വിഴിനഗരത്ത് ആറായിരം പേരെയും വിശാഖപട്ടണത്ത് 15,000 പേരെയും ഈസ്റ്റ് ഗോദാവരിജില്ലയില്‍ നിന്ന് അമ്പതിനായിരം പേരെയും വെസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്ന് അയ്യായിരം പേരെയും മാറ്റിപാര്‍പ്പിച്ചതായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണര്‍ എ ആര്‍ സുകുമാര്‍ അറിയിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ഹുദ് ഹുദ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ലഭ്യമാക്കാന്‍ ചന്ദ്രബാബു നായിഡു ഐ എസ് ആര്‍ ഒവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ അഞ്ച് തീരദേശ ജില്ലകളിലെ 436 ഗ്രാമങ്ങള്‍ ചുഴലിക്കാറ്റിന്റെ ഭീഷണിയിലാണ്. ഈ ജില്ലകളില്‍ 370 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഒഡീഷയിലെ കൊരാപുട്, മാല്‍കന്‍ഗിരി, നബരാംഗ്പൂര്‍, റായഗഡ, ഗജപതി, ഗന്‍ജം, കാലഹന്‍ഡി, കാന്ദമാല്‍ തുടങ്ങിയ ജില്ലകളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള ചുമതല ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കര, വ്യോമ, നാവിക സേനകള്‍ സജ്ജമായിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 39 സംഘങ്ങളും നാവിക സേനയുടെ നാല് കപ്പലുകളും പത്ത് ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിട്ടുണ്ട്. ചുഴലിക്കാറ്റ് ഭീതിയെ തുടര്‍ന്ന് ദക്ഷിണ, മധ്യ റെയില്‍വേ 39 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. തിരുപ്പതി് – പുര- സെക്കന്തരാബാദ്, തിരുപ്പതി – വിശാഖപട്ടണം, സെക്കന്തരാബാദ്- വിശാഖപട്ടണം എന്നിവ റദ്ദാക്കപ്പെട്ടവയില്‍ ഉള്‍പ്പെടും. പല സര്‍വീസുകളും വഴിതിരിച്ച് വിട്ടിട്ടുണ്ട്.
ഭുവനേശ്വറില്‍ നിന്ന് വിശാഖപട്ടണത്തിലേക്കുള്ള രണ്ട് വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
ഹുദ് ഹുദ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലും ഒഡീഷയിലും അടുത്ത 48 മണിക്കൂര്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറ്, വടക്കുപടിഞ്ഞാറന്‍ ദിശയിലാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. വിശാഖപട്ടണത്ത് നിന്ന് 330 കിലോമീറ്റര്‍ തെക്ക് കിഴക്ക് ഭാഗത്തായും ഗോപാല്‍പൂരില്‍ നിന്ന് 380 കിലോമീറ്റര്‍ തെക്ക്- തെക്ക് കിഴക്ക് ഭാഗത്തായുമാണ് ഇപ്പോള്‍ ചുഴലിക്കാറ്റ് എത്തിയിരിക്കുന്നത്.
അതിനിടെ, ഒഡീഷയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ വനം വകുപ്പിന്റെ ഒരു യന്ത്രവത്കൃത ബോട്ട് മുതലകള്‍ നിറഞ്ഞ ചെറു കൈവഴിയില്‍ മറിഞ്ഞ് പതിനൊന്ന് വയസ്സുള്ള ബാലന്‍ മരിച്ചു. ഗര്‍ഭിണികളും കുട്ടികളും കയറിയിരുന്ന ബോട്ടാണ് മുങ്ങിയത്. അപകട സമയത്ത് മുതലകള്‍ പ്രത്യക്ഷപ്പെടാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. കേന്ദ്രപാറ ജില്ലയിലാണ് അപകടം സംഭവിച്ചത്. പരമാവധി ഇരുപത് പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടില്‍ അതിലധികം ആളുകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫായ്‌ലിന്‍ ചുഴലിക്കാറ്റ് ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ വീശിയടിച്ചിരുന്നുവെങ്കിലും കാര്യമായ മുന്‍കരുതലുകള്‍ എടുത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായിരുന്നു.

Latest