Connect with us

National

കേന്ദ്ര സര്‍ക്കാര്‍ മാതൃകാ ഗ്രാമ പദ്ധതി ആരംഭിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി്: ഗ്രാമങ്ങളുടെ ക്ഷേമമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന മാതൃക ഗ്രാമ പദ്ധതി (സാംസദ് ആദര്‍ശ് ഗ്രാമ യോജന) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2,500 ഗ്രാമങ്ങളാണ് ഈ പദ്ധതിയിലൂടെ ദത്തെടുക്കുക. സ്വന്തം ഗ്രാമത്തെക്കുറിച്ച് അഭിമാനത്തോടെ പറയാന്‍ ഓരോരുത്തര്‍ക്കും കഴിയണം. സാമൂഹികമായ സമൈക്യത്തിനുള്ള അവസരം നമുക്കുണ്ട്. അദ്ദേഹം പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രൂപവത്കരിച്ചതാണ് ഈ പദ്ധതി. ഗ്രാമീണ ജനതക്ക് അടിസ്ഥാന സൗകര്യങ്ങളും, അവസരങ്ങളും പ്രദാനം ചെയ്യുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. വികസനത്തിലേക്കുള്ള സമഗ്ര സമീപനമായിരിക്കും ഈ പദ്ധതി.
പാര്‍ലിമെന്റംഗങ്ങളിലൂടെ, ഗ്രാമ പഞ്ചായത്തുകള്‍ അടിസക്കഥാനമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. സമതല പ്രദേശങ്ങളില്‍ 3000 മുതല്‍ 5000 വരെ ജനസംഖ്യയുള്ളതും, മലയോര, ആദിവാസി മേഖലകളില്‍ 1000 മുതല്‍ 3000 വരെ ജനസംഖ്യയുള്ളവയും ആയ ഗ്രാമപഞ്ചായത്തുകള്‍ ആയിരിക്കണം. ഇത്തരം ഗ്രാമപഞ്ചായത്തുകള്‍ ഇല്ലാത്ത ജില്ലകളില്‍ ജനസംഖ്യ ഏകദേശം ഇതിനടുത്തു വരുന്നവ തിരഞ്ഞെടുക്കാം. പാര്‍ലിമെന്റ് അംഗങ്ങള്‍ ഇത്തരത്തിലൊരു ഗ്രാമപഞ്ചായത്ത് ഉടന്‍ തന്നെയും, മറ്റു രണ്ട് ഗ്രാമപഞ്ചായത്തുകള്‍ കൂടി ക്രമേണയും കണ്ടെത്തണം.
2019 മാര്‍ച്ചിനകം ഓരോ പാര്‍ലിമെന്റ് നിയോജക മണ്ഡലത്തിലും മൂന്ന് മാതൃക ഗ്രാമങ്ങള്‍ വികസിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമങ്ങളിലൊന്ന് 2016ഓടു കൂടി പൂര്‍ത്തീകരിക്കും. അതിനു ശേഷം വര്‍ഷത്തില്‍ ഒന്ന് എന്ന നിലയില്‍ അഞ്ച് മാതൃകാ ഗ്രാമങ്ങള്‍ വികസിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
തിരഞ്ഞെടുത്ത ഗ്രാമങ്ങളിലെ കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ, ശുചിത്വ, പാരിസ്ഥിതിക, ഉപജീവന മേഖലകളിലെ സംയോജിത വികസനം പദ്ധതി ലക്ഷ്യമിടുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലുപരി ജനകീയ പങ്കാളിത്തം, അന്ത്യോദയ, ലിംഗ സമത്വം, സ്ത്രീകളുടെ ബഹുമാന്യത, സാമൂഹിക നീതി, സാമൂഹിക സേവനം, ശുചിത്വം, പരിസ്ഥിതി സൗഹൃദത്വം, സമാധാനം, സഹകരണം, സ്വാശ്രയത്വം, തദ്ദേശ സ്വയംഭരണം, പൊതുജീവിതത്തിലെ സുതാര്യത, വിശ്വസ്തത മുതലായ മൂല്യങ്ങള്‍ പകരുകയെന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.