Connect with us

Gulf

ഒന്നുവെച്ചാല്‍ രണ്ട്, വെയ് രാജാ വെയ്.....

Published

|

Last Updated

മുടികൊഴിച്ചിലിന്, വാസ്തവത്തില്‍ മരുന്നുണ്ടോ? കുടവയറിന്, കണ്ണിന് ചുറ്റുമുള്ള കറുപ്പിന്, കൂടെക്കൂടെയുള്ള തുമ്മലിന്…? ഇല്ലെന്നാണ്, പൊതുവെയുള്ള നിഗമനം. ചികിത്സിച്ച് ഭേദമാക്കുന്നതിനെക്കാള്‍ നല്ലത്, പിടിപെടാതെ നോക്കുക എന്നതാണ്. മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ നിയന്ത്രിച്ചു നിര്‍ത്താം. എന്നാല്‍, മിക്ക ഗള്‍ഫ് വിദേശികളുടെയും ശാരീരിക പ്രശ്‌നം ഇതൊക്കെ തന്നെയാകുമ്പോള്‍, ഔഷധങ്ങള്‍ സുലഭം. ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തവയല്ല; വ്യാജ പ്രതിവിധികള്‍.
മുടികൊഴിച്ചില്‍, അകാലനര തുടങ്ങി “തല”യുടെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം പാരമ്പര്യമാണ്. ചില ആളുകളില്‍ മുടി പെട്ടെന്ന് കൊഴിഞ്ഞുപോകും. പൂര്‍വികര്‍ക്കും അങ്ങിനെ ആയിരുന്നിരിക്കണം. ഗള്‍ഫിലെത്തുമ്പോള്‍ ആ ആരോഗ്യ ന്യൂനതയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ ഏറെ. കടുത്ത ചൂടില്‍ യാത്ര ചെയ്യേണ്ടിവരുന്നതും പോഷക സമൃദ്ധമായ ഭക്ഷണമില്ലാത്തതും ചൂടുവെള്ളത്തില്‍ കുളിക്കേണ്ടിവരുന്നതുമൊക്കെ മുടികൊഴിച്ചിലിനും അകാലനരക്കും സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
കുടവയറാണ് മറ്റൊരു പ്രശ്‌നം. വ്യായാമമില്ലാത്തവരുടെ സന്തത സഹചാരിയാണിവന്‍. ഗള്‍ഫിലെ കൊഴുപ്പു കൂടിയ ഭക്ഷണം കഴിക്കുമ്പോള്‍ ഇവന്‍ പതുക്കെ പുറത്തുചാടും. ഒരിക്കല്‍ പിടിവിട്ടാല്‍ പിന്നെ ഭൂതത്തെ തുറന്നുവിട്ടപോലെയാണ്. മെരുക്കി അകത്താക്കാന്‍ പ്രയാസം.
കുടവയറിനും അമിത വണ്ണത്തിനും പിന്നാലെ രോഗങ്ങള്‍ ഒന്നൊന്നായി പിടിമുറുക്കും. രക്തസമ്മര്‍ദം, കൊഴുപ്പ്, രക്തത്തില്‍ പഞ്ചസാര എന്നിവയിലാണ് ആരംഭം. പതുക്കെ വൃക്കയെയും ഹൃദയത്തെയും പിടികൂടും. മദ്യപാന ശീലമുള്ളവര്‍ക്ക് നിയന്ത്രിക്കാനേ സാധ്യമല്ല.
ഉറക്കം കുറയുന്നതും കണ്ണിന് ആയാസം കൂടുന്നതും വിഷാദവുമാണ് കണ്ണിന് ചുറ്റും കറുപ്പു പടരുന്നതിന്റെ അടിസ്ഥാനം. മതിയായ ഉറക്കം തന്നെയാണ് പ്രതിവിധി. ഫേസ്ബുക്കും യൂ ട്യൂബും മറ്റും വ്യാപകമായതോടെ മിക്കവരും ഉറങ്ങുന്നത് നാലോ അഞ്ചോ മണിക്കൂര്‍. ചുരുങ്ങിയത് എട്ടുമണിക്കൂര്‍ ഉറക്കം വേണമെന്നാണ് കണക്ക്. ഈയിടെ ഒരു ഓഫീസില്‍ പോയപ്പോള്‍, എല്ലാവരും ഉറക്കം തൂങ്ങുന്നു. രാത്രി ഉറങ്ങിയിട്ടില്ലെന്ന് അവരുടെ മുഖത്ത് എഴുതിവെച്ചത് പോലെ.
വൈകിപ്പോയെങ്കിലും, മുടികൊഴിച്ചിലിനും കുടവയറിനും മുഖത്തെ കരുവാളിപ്പിനും പ്രതിവിധി തേടി അലയുന്നവര്‍ ധാരാളം. അവിടെയാണ്, തട്ടിപ്പുവീരന്‍മാര്‍ സാധ്യത തേടുന്നത്. മിക്ക ഗള്‍ഫ് നഗരങ്ങളിലും ഇവരുടെ “സേവനം” ലഭ്യം. ഭൂഗര്‍ഭ നടപ്പാതകളാണ് മിക്കയിടത്തും ഇവരുടെ വിഹാര കേന്ദ്രങ്ങള്‍. നടന്നുപോകുന്നവരില്‍ കഷണ്ടിയുള്ളയാളാണെങ്കില്‍, കുടവയറുകണ്ടെങ്കില്‍ മരുന്നുമായി നിങ്ങളുടെ പിന്നാലെ കൂടുന്നു. മരുന്നെന്നാല്‍, മഷിയോ ഡീസലോ ആകാം. നന്നായി രൂപകല്‍പന ചെയ്ത കുപ്പിയിലായിരിക്കും.
നടപ്പാതകള്‍ ഉപയോഗിക്കുന്നവരില്‍ പത്തില്‍ എട്ടുപേരെങ്കിലും എന്തെങ്കിലും ശാരീരിക വൈകല്യം സ്വയം തോന്നുന്നവരായിരിക്കും. അത് ചൂണ്ടിക്കാട്ടിയാണ് കുഴിയില്‍ വീഴ്ത്തുക. ലോകത്തെ സകല തട്ടിപ്പുകളെക്കുറിച്ചും മാധ്യമങ്ങളിലൂടെ സാമാന്യധാരണയുള്ള മലയാളിയാണ് ചതിക്കുഴിയില്‍പ്പെടുന്നവരില്‍ കൂടുതല്‍. ലോകത്തിന്റെ സകല പ്രശ്‌നങ്ങളും തലയിലേറ്റി നടക്കുന്നതിനാല്‍ മിക്കവര്‍ക്കും മുടികുറവായിരിക്കും. അതൊരു കുറവല്ലെന്ന അറിവുമാത്രം മലയാളിക്കില്ല. മനസിന്റെ നിഷ്‌കളങ്കതയും അതില്‍ നിന്ന് ഉദ്ഭവിക്കുന്ന വ്യക്തിത്വുമാണ് ഒരാളെ തേജോമയനാക്കുന്നത്. സുന്ദരിയായ നസ്‌റിയ കല്യാണം കഴിച്ചത് കഷണ്ടിക്കാരനായ ഫഹദ് ഫാസിലിനെയാണെന്ന് അവരൊക്കെ എളുപ്പം മറന്നുപോകുന്നു.
ബുദ്ധിയുള്ള മലയാളിയെ തട്ടിപ്പില്‍ ചുറ്റിക്കുന്നത് ആരെന്നറിഞ്ഞാലേ, വൈക്ലബ്യം പൂര്‍ത്തിയാവുകയുള്ളു. തലയില്‍ ആള്‍താമസമില്ലെന്ന് കൂടെക്കൂടെ പരിഹാസത്തിന് വിധേയമാകുന്ന നമ്മുടെ അയല്‍ രാജ്യക്കാര്‍.
“ക്യാ ഇത്‌നാ ബുഡ്ഡാ ഹോത്താഹെ? കാലി ദസ് ദിര്‍ഹം കാ മെഡിസിന്‍ ഹെ മെരേ പാസ്. ആഓനാ…” എന്നു കേള്‍ക്കേണ്ട താമസം മലയാളി വീഴും. പത്തു ദിര്‍ഹമേയുള്ളു. പറ്റിക്കുന്നതാണെങ്കില്‍ പോലും, ഒന്ന് പരീക്ഷിച്ചുനോക്കുന്നതിലെന്താ കുഴപ്പം? ഡോക്ടറുടെ അടുത്തുപോയാല്‍ നൂറോ നൂറ്റമ്പതോ നഷ്ടപ്പെടും. വ്യായാമം ചെയ്യണമെന്ന “കഠിന”മായ ശാസനകള്‍ വേറെയുണ്ടാകും. ഇവിടെ അത്തരം യത്‌നങ്ങളേ വേണ്ട. ആട്, തേക്ക്, മാഞ്ചിയം, സരിതോര്‍ജം തുടങ്ങിയ പദ്ധതികളെ കണക്കിന് കളിയാക്കിയ മലയാളിയാണ് അറിഞ്ഞുകൊണ്ട് കബളിപ്പിക്കലിന് തലവെച്ചുകൊടുക്കുന്നത്.
ഇത്തരം ദുര്‍ബല മനസ്‌കര്‍ വലിയ പറ്റിപ്പുകളിലും ചെന്നുപെടുമെന്നതില്‍ തര്‍ക്കമില്ല. നാടകുത്ത്, മുച്ചീട്ട്, ലോട്ടറിയടി തുടങ്ങിയ കളികളില്‍ പണം തുലക്കുന്നവരിലേറെയും മലയാളികള്‍. ടെലികോം കമ്പനിയുടെ നറുക്കെടുപ്പില്‍ വിജയിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന സംഘങ്ങള്‍ക്ക് ലോകത്തിപ്പോള്‍ ഒരു പഞ്ഞവുമില്ല. മലയാളികള്‍ ഏറെ ഉള്ളിടത്താണ് ഇവരുടെ വിളയാട്ടം ഏറെ എന്നത് പരസ്യമായ രഹസ്യം.
കണ്ടാലും കൊണ്ടാലും പഠിക്കാത്ത വര്‍ഗമായി മലയാളി സമൂഹം മാറിയിട്ടുണ്ട്. നാട്ടില്‍ അവധിക്കെത്തുന്നവരെകാത്ത്, എന്തൊക്കെ മനോഹര പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. മിക്ക പദ്ധതികള്‍ക്കും പിന്നില്‍ യുവതികളാണെന്നതും അദ്ഭുതവും കൗതുകവും ഉളവാക്കുന്നു. പ്രലോഭിപ്പിച്ച് കൂടെ നിര്‍ത്തി ഫോട്ടോയെടുത്ത് പണം തട്ടുന്ന സംഘങ്ങള്‍ക്ക ഇരകളാകുന്നത്, കൂടുതലും ആരാണ്?.

Latest