Connect with us

Gulf

ഗാഫ് മരങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ തുടങ്ങി

Published

|

Last Updated

ദുബൈ: പത്തുലക്ഷം ഗാഫ് മരങ്ങള്‍ നട്ട് തണലൊരുക്കാനുള്ള പദ്ധതിയുടെ അടുത്തഘട്ടത്തിനു തുടക്കമായി. ബര്‍ഷ പൊലീസ് സ്‌റ്റേഷനില്‍ ഡപ്യൂട്ടി ചീഫ് ഓഫ് പൊലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി ലഫ്. ജനറല്‍ ദാഹി തമീം ഖല്‍ഫാന്‍ മരങ്ങള്‍ നട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് ഹരിതപദ്ധതികള്‍ എന്ന് സ്‌റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍ അല്‍ മഅ്‌സാം പറഞ്ഞു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. തുടക്കമിട്ട പദ്ധതികള്‍ വിജയകരമായി മുന്നേറുകയാണെന്നും ബിന്‍ സുറൂര്‍ പറഞ്ഞു. ദുബൈയിയെ ആഗോള ഹരിത സമ്പദ്‌വ്യവസ്ഥയുടെ തലസ്ഥാനമാക്കാനുള്ള കര്‍മപദ്ധതികളാണു നടന്നുവരുന്നത്.
സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ലോകത്തിലെ ഹരിതസംഘടനകള്‍, വിവിധ രാജ്യങ്ങള്‍ എന്നിവയുമായി ഇതു പങ്കുവെക്കുകയും പുത്തന്‍ സാങ്കേതിക വിപ്ലവത്തിലൂടെ യാഥാര്‍ഥ്യമാക്കുകയും ചെയ്യുകയാണു ലക്ഷ്യം.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കു പുറമെ വിവിധ സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. വനവല്‍ക്കരണത്തിന്റെ ഭാഗമായി പോര്‍ട്ട് സഈദ് പ്ലാസ, നൈഫ് പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ഹരിത മേഖലകളും തുറന്നു. പാതയോര ഹരിതവല്‍കരണ പദ്ധതികളും ഇതോടൊപ്പമുണ്ട്.