Connect with us

Gulf

സ്വദേശി വിദ്യാര്‍ഥിനി ഹിമാലയന്‍ കൊടുമുടി കയറി

Published

|

Last Updated

അബുദാബി: സ്വദേശി വിദ്യാര്‍ഥിനിയായ മറിയം അല്‍ ഹമ്മാദി ഹിമാലയന്‍ കൊടുമുടി കയറി രാജ്യത്തിന് അഭിമാനമായി. മദീനത്ത് സായിദിലെയും റുവൈസ് ഹയര്‍ കോളജിലെയും വിദ്യാര്‍ഥിനിയായ മറിയം, ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ പാതി ഉയരമുള്ള കോം സ്‌കൈ പില്‍ കൊടുമുടിയാണ് കീഴടക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് വംശജയും യു എ ഇക്കാരിയുമായി ഇതോടെ മറിയം ചരിത്രത്തില്‍ ഇടം നേടി. ബെയ്‌സ് ക്യാമ്പില്‍ നിന്ന് നാലു ദിവസം പരിശ്രമിച്ചാണ് 5,000 മീറ്റര്‍ ഉയരമുള്ള കൊടുമുടി കീഴടക്കിയത്.
ഹിമാലയത്തില്‍ പോകാന്‍ എല്ലായിപ്പോഴും ആഗ്രഹിച്ചിരുന്നുവെന്ന് നേട്ടത്തെക്കുറിച്ച് പ്രതികരിക്കവേ മറിയം വ്യക്തമാക്കി. ആ നാടിന്റെ സംസ്‌കാരവും അവിടെയുള്ള ജനങ്ങളുടെ അതിജീവനവുമെല്ലാം എന്നും തനിക്ക് താല്‍പര്യമുള്ള വിഷമയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഹിമാലയം മേഖലയായ ലഡാക്കിലെ വൈദ്യുതിപോലും ഇനിയും എത്താത്ത ഒറ്റപ്പെട്ട ഗ്രാമത്തിലൂടെയായിരുന്നു മല കയറാനുള്ള മറിയത്തിന്റെ പ്രയാണം. ബൈക്ക് യാത്രയും തുഴച്ചിലും ഉള്‍പ്പെട്ട 30 കിലോമീറ്റര്‍ ദൂരമായിരുന്നു കൊടുമുടി കീഴടക്കാന്‍ വേണ്ടിവന്നത്. ഏത് യാത്രക്ക് പുറപ്പെടുമ്പോഴും വ്യക്തമായ ലക്ഷ്യം സൂക്ഷിക്കുന്നത് കഠിനമായ സാഹചര്യങ്ങളെ നേരിടാന്‍ സഹായിക്കാറുണ്ട്. മൂന്നു ദിവസത്തോളം പരിശീലനത്തിന്റെ ഭാഗമായി മൂന്നു മണിക്കൂര്‍ തുടര്‍ച്ചായായി നടക്കുമായിരുന്നു. രണ്ടു ദിവസം രണ്ടു മണിക്കൂര്‍ വീതം ബൈക്ക് സവാരിയും പരിശീലിച്ചിരുന്നു. ഓക്‌സിജന്‍ നന്നേകുറവായതിനാല്‍ രണ്ടു തവണ ഒപ്പം കരുതിയ ഓക്‌സിജന്‍ ശ്വസിക്കേണ്ട അവസ്ഥയുമുണ്ടായെന്ന് അവര്‍ വിശദീകരിച്ചു.