Connect with us

Gulf

ദുബൈ പോലീസ് 271 പേരെ രക്ഷപ്പെടുത്തി

Published

|

Last Updated

ദുബൈ: വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് ദുബൈ പോലീസ് 271 പേരെ രക്ഷപ്പെടുത്തി. ഇതില്‍ 80 ശതമാനവും അപകടത്തെ തുടര്‍ന്ന് വാഹനങ്ങളില്‍ കുടുങ്ങിപോയവരായിരുന്നു. ദുബൈ പോലീസിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റെസ്‌ക്യൂ വിഭാഗമാണ് ദുബൈയില്‍ നടന്ന വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് ഇത്രയും പേരെ രക്ഷപ്പെടുത്തിയത്. ഈ വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങള്‍ക്കിടയില്‍ രക്ഷപ്പെടത്തിയവരുടെ കണക്കാണ് ഇതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റെസ്‌ക്യൂ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അനസ് അല്‍ മത്‌റൂഷി വെളിപ്പെടുത്തി. 128 ലാന്റ് റെസ്‌ക്യൂ ഓപറേഷനുകളിലായാണ് വകുപ്പ് 271 പേരെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 105 ഓപറേഷനുകള്‍ നടത്തുകയും 201 പേരെ രക്ഷിക്കുകയും ചെയ്തിരുന്നു. മനുഷ്യ ജീവന്‍ രക്ഷിക്കുകയെന്നതാണ് വകുപ്പിന്റെ പ്രാഥമിക ഉത്തരവാദിത്തം. ഇത്തരത്തിലുള്ള ഏത് അടിയന്തിര ഘട്ടവും നേരിടാന്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റസ്‌ക്യൂ വിഭാഗം സുസജ്ജമാണ്.
ദുബൈയില്‍ നടക്കുന്ന ഏത് തരത്തിലുള്ള വാഹനാപകട രക്ഷപ്പെടുത്തലുകളും വിജയകരമായി വകുപ്പിന് കീഴിലാണ് നടത്തുന്നത്. അപകടത്തില്‍ അകപ്പെടുന്ന വാഹനങ്ങളില്‍ കുടുങ്ങന്നവര്‍ക്കൊപ്പം എലിവേറ്ററില്‍ യന്ത്രത്തകരാര്‍ ഉള്‍പ്പെടെയുള്ളവയാല്‍ കുടുങ്ങുന്നവര്‍, കാറില്‍ കുടുങ്ങിപോകുന്ന കുട്ടികള്‍, ബാത്തറൂമില്‍ അകപ്പെടുന്നവര്‍, മരുഭൂമിയില്‍ വഴിതെറ്റുകയോ അകപ്പെടുകയോ ചെയ്യുന്നവര്‍, കടലില്‍ വീഴുന്നവര്‍, കപ്പലും ബോട്ടും തകര്‍ന്ന് അപകടത്തിലാവുന്നവര്‍ തുടങ്ങിയവരെയെല്ലാം രക്ഷിക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് റെസ്‌ക്യൂ വകുപ്പിനുള്ളത്. വിവരം ലഭിച്ച് 12 മിനുട്ടിനകം അപകട സ്ഥലത്ത് എത്താന്‍ 93 ശതമാനം കേസുകളിലും വകുപ്പിന് സാധിച്ചിട്ടുണ്ട്. സാധാരണ ഗതിയില്‍ ഏഴ് എട്ട് മിനുട്ടിനുള്ളില്‍ എത്താന്‍ പരിശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനറല്‍ ഡയറക്ടറേറ്റിന് കീഴില്‍ 33 മറൈന്‍ ഓപറേഷനുകളാണ് നടത്തിയതെന്ന് സേര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ ജുമ അഹമ്മദ് ബിന്‍ ദര്‍വിഷ് വ്യക്തമാക്കി. ഇതില്‍ 49 ആളുകളാണ് ഉള്‍പ്പെട്ടിരുന്നത്. വെള്ളത്തില്‍ അപകടത്തില്‍ അകപ്പെട്ട കേസുകളും ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 49 മറൈന്‍ റെസ്‌ക്യൂ ഓപറേഷനുകളാണ് നടത്തിയത്. ഇതില്‍ 62 പേരെയായിരുന്നു രക്ഷപ്പെടുത്തിയത്. എന്ത് അത്യാഹിതം സംഭവിക്കുമ്പോഴും പൊതുജനങ്ങള്‍ക്ക് 999 എന്ന തങ്ങളുടെ നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.