Connect with us

Kozhikode

ആടുകള്‍ക്ക് ഗുണമേന്‍മയില്ല; ഗുണഭോക്താക്കള്‍ വാങ്ങിയില്ല

Published

|

Last Updated

മുക്കം: മുക്കം ഗ്രാമപഞ്ചായത്ത് 2013 ലെ വാര്‍ഷിക പദ്ധതിയില്‍ ആവിഷ്‌കരിച്ച പട്ടികജാതി വനിതകള്‍ക്കായുള്ള ആടുവിതരണത്തില്‍ വീണ്ടും ക്രമക്കേട്. രണ്ടാം ഘട്ടം വിതരണത്തിനായി കൊണ്ടുവന്ന ആടുകള്‍ക്ക് ഗുണമേന്മയില്ലെന്നും തൂക്കക്കുറവുണ്ടെന്നാരോപിച്ച് ആടുകളെ വാങ്ങാന്‍ കൂട്ടാക്കിയില്ല. ഗ്രാമപഞ്ചായത്തിലെ 100 പട്ടികജാതി വനിതകള്‍ക്ക് ആടുകളെ വാങ്ങി നല്‍കുന്ന പദ്ധതിയാണ് രണ്ടാം ഘട്ടത്തിലും വിവാദത്തിലായത്. മുപ്പത് പേര്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ആടുകളെ കൊണ്ടുവന്നിരുന്നത്. ആറ് മാസം മുമ്പ് അറുപത് പേര്‍ക്ക് വിതരണം ചെയ്ത ആടുകള്‍ രോഗം പിടിപെട്ട് ചത്തൊടുങ്ങിയിരുന്നു. ചില വീടുകളില്‍ നേരത്തെ പോറ്റിയിരുന്ന ആടുകളും ചത്തുപോയി. 3,000 രൂപ വില വരുന്ന ഗുണമേന്മയുള്ള ആടുകളെ വിതരണം ചെയ്യാനായിരുന്നു ഗ്രാമപഞ്ചായത്തിന്റെ പദ്ധതി. 750 രൂപ ഗുണഭോക്തൃ വിഹിതവും 2,250 രൂപ പഞ്ചായത്ത് വിഹിതവുമാണ് നിശ്ചയിച്ചിരുന്നത്. 2013 മാര്‍ച്ച് മാസത്തിലാണ് ഭൂരിഭാഗം പേരും ഗുണഭോക്തൃവിഹിതം അടച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് 60 പേര്‍ക്ക് ആടുകളെ വിതരണം ചെയ്തത്. ബാക്കിയുള്ള 30 പേര്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന ആടുകളെയാണ് ഗുണഭോക്താക്കള്‍ വാങ്ങാന്‍ മടിച്ചത്. ഇംപ്ലിമെന്റ് ഓഫീസറായ മൃഗ ഡോക്ടറില്ലാത്തതും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അസാന്നിധ്യവും ബോധപൂര്‍വമാണെന്നും ഗുണഭോക്താക്കള്‍ ആരോപിച്ചു. നേരത്തെ വിതരണം ചെയ്ത ആടുകള്‍ ചത്തതിന് പകരമായി സംസ്ഥാന സര്‍ക്കാറിന്റെ ആട് ഗ്രാമം പദ്ധതിയില്‍ നിന്ന് ആടുകളെ വാങ്ങി മൃഗഡോക്ടര്‍ നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഗുണഭോക്താക്കള്‍ മുക്കത്ത് പ്രകടനം നടത്തി. ഡോക്ടറുടെയും തത്പരകക്ഷികളുടെയും നടപടി പട്ടികജാതിക്കാരെ വഞ്ചിക്കാനുള്ളതാണെന്ന് ദലിത് ലീഗ് മുക്കം പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. സി കെ ഗോപാലന്‍, കൃഷ്ണന്‍ വടക്കയില്‍, ബാബു തറോല്‍, വി ടി ചന്ദ്രന്‍, പി പി ശിവാനന്ദന്‍ പ്രസംഗിച്ചു.

 

Latest