Connect with us

Kozhikode

താമരശ്ശേരി മുന്‍സിഫ് കോടതി പ്രഖ്യാപനത്തിലൊതുങ്ങി

Published

|

Last Updated

താമരശ്ശേരി: പ്രഖ്യാപനം നടന്ന് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും താമരശ്ശേരി മുന്‍സിഫ് കോടതി യാഥാര്‍ഥ്യമായില്ല. നിലവിലുള്ള രണ്ട് മജിസ്‌ട്രേറ്റ് കോടതികളില്‍ ഒന്ന് മുന്‍സിഫ് കോടതിയായി പ്രവര്‍ത്തിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്്. ഇതിനായി എട്ട് തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
നിലവില്‍ മലയോരത്തെ നൂറുകണക്കിനാളുകള്‍ കോഴിക്കോട് മുന്‍സിഫ് കോടതിയെയാണ് ആശ്രയിക്കുന്നത്. ഇത് സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയും പ്രയാസങ്ങളും സൃഷ്ടിക്കുന്നുണ്ട്.
താമരശ്ശേരി ആസ്ഥാനമായി പുതിയ താലൂക്ക് നിലവില്‍ വന്നെങ്കിലും താലൂക്കില്‍ വേണ്ട മുന്‍സിഫ് കോടതി പ്രഖ്യാപനത്തിലൊതുങ്ങുകയായിരുന്നു. മലയോരത്തെ 12 പഞ്ചായത്തുകളിലെ നാല് ലക്ഷത്തോളം വരുന്ന ജനത്തിന് സിവില്‍ കേസുകളുമായി ബന്ധപ്പെട്ട് അന്‍പതിലേറെ കിലോമീറ്ററുകള്‍ യാത്രചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സിവില്‍ കോടതി പ്രവര്‍ത്തിക്കണമെങ്കില്‍ 29 ജീവനക്കാര്‍ ആവശ്യമുള്ള സ്ഥാനത്താണ് എട്ട് തസ്തികമാത്രം സൃഷ്ടിച്ചത്. എട്ട് ജീവനക്കാരെയുമായി മുന്‍സിഫ് കോടതി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നതിനാല്‍ തുടര്‍ നടപടികള്‍ ചുവപ്പുനാടയില്‍ കുരുങ്ങുകയായിരുന്നു. മുന്‍സിഫ് കോടതി ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങള്‍ക്കുമുമ്പ് താമരശ്ശേരി ബാര്‍ അസോസിയേഷന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിട്ടുണ്ട്.

 

---- facebook comment plugin here -----

Latest