Connect with us

Kozhikode

താമരശ്ശേരിയില്‍ ട്രാഫിക് പരിഷ്‌കാരങ്ങള്‍ കര്‍ശനമാക്കും

Published

|

Last Updated

താമരശ്ശേരി: ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി ഒരുവര്‍ഷം മുമ്പ് തീരുമാനിച്ച ട്രാഫിക് പരിഷ്‌കാരങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പോലീസ് രംഗത്ത്. ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനപ്രകാരം പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനങ്ങളാണ് നടപ്പാക്കാന്‍ ട്രാഫിക് പോലീസ് തീരുമാനിച്ചത്. 2013 ആഗസ്റ്റ് ഒന്ന് മുതല്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ മാസങ്ങള്‍ക്കകം പഴയ പടിയാകുകയായിരുന്നു. പോലീസിന്റെ ശ്രദ്ധ അല്‍പം കുറഞ്ഞതോടെ ദേശീയപാത കൈയേറിയുള്ള പാര്‍ക്കിംഗും വ്യാപകമായി.
വയനാട്, മുക്കം, കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ കാരാടി മാനിപുരം റോഡ് വഴിയും കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ കെ എസ് ആര്‍ ടി സി ബൈപ്പാസ് വഴിയും സ്റ്റാന്‍ഡില്‍ പ്രവേശിക്കണമെന്ന തീരുമാനം പൂര്‍ണമായും നടപ്പാക്കി. പഴയ ബസ്സ്റ്റാന്‍ഡിലെ കുരുക്കഴിക്കാന്‍ ബസ് കാത്തിരിപ്പുകന്ദ്രം പൊളിച്ചുമാറ്റി പുറകോട്ടുമാറ്റി റോഡിന് സമാന്തരമായി നിര്‍മിക്കുകയും ചെയ്തു. എന്നാല്‍ പല ബസുകള്‍ ദേശീയപാതയില്‍ തന്നെ നിര്‍ത്തുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ട്. പോസ്‌റ്റോഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്ന മിനി ലോറികളും ഗുഡ്‌സ് വാഹനങ്ങളും കെടവൂര്‍ പള്ളിക്കു സമീപത്തേക്ക് മാറ്റിയതിനാല്‍ ഈ ഭാഗത്തെ കുരുക്കഴിഞ്ഞു. കുന്നിക്കല്‍ പള്ളി മുതല്‍ പി ഡബ്ല്യു ഡി ഓഫീസ് വരെയും ആശുപത്രി പരിസരം മുതല്‍ കാരാടി വരെയും ഒരു വശത്ത് മാത്രം സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്നും പോലീസ് സ്റ്റേഷന്‍ മുതല്‍ കാരാടി യു പി സ്‌കൂള്‍ വരെയുള്ള ‘ഭാഗത്ത് പാര്‍ക്കിംഗ് പാടില്ലെന്നുമായിരുന്നു തീരുമാനം. കച്ചവട സ്ഥാപനങ്ങളിലേക്കുള്ള ചരക്കുകള്‍ ഇറക്കാന്‍ പുതിയ സ്റ്റാന്‍ഡില്‍ സൗകര്യം ഒരുക്കുമെന്നും സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചിരുന്നു. ബൈപ്പാസ് റോഡില്‍ പടിപ്പുരക്കല്‍ ജംഗ്ഷന്‍ മുതല്‍ ലൈബ്രറി വരെയും മാനിപുരം റോഡില്‍ കാരാടി മുതല്‍ സൂര്യോദയ ജംഗ്ഷന്‍ വരെയും റസ്റ്റ് ഹൗസ് മുതല്‍ എസ് ബി ടി ബില്‍ഡിംഗ് വരെയും വെഴുപ്പൂര്‍ റോഡില്‍ താഷ്‌ക്കന്റ് ഹോട്ടല്‍ വരെയു ഇരുവശത്തും പാര്‍ക്കിംഗ്് നിരോധിച്ചിരുന്നു.
പൊതുജനത്തിന്റെ സഹകരണം ഇല്ലാത്തതിനാല്‍ ഇവയൊന്നും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. പോലീസിന്റെ ശ്രദ്ധതെറ്റിയാല്‍ സ്വകാര്യ വാഹനങ്ങള്‍ ഈ ഭാഗങ്ങള്‍ കൈയ്യടക്കും. പോലീസിലെ അംഗബലം കുറവായതിനാല്‍ നിരോധിത മേഖലകളിലെ പാര്‍ക്കിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിനും കഴിഞ്ഞില്ല. ടൗണിലെ പാര്‍ക്കിംഗ് കുത്തഴിഞ്ഞതോടെയാണ് നിയമം നടപ്പാക്കാന്‍ ട്രാഫിക് പോലീസ് രംഗത്തെത്തിയത്. ട്രാഫിക് എസ് ഐ. ശ്രീധരന്‍, ഹൈവെ പട്രോളിംഗ് സംഘത്തിലെ ഗ്രേഡ് എസ് ഐ. ദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിയമം ലംഘിച്ച ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് പിഴ ചുമത്തി. ഏറെനേരം നിരോധിത മേഖലയില്‍ നിര്‍ത്തിയിടുന്ന ഇരുചക്ര വാഹനങ്ങള്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചാണ് പിഴ ചുമത്തുന്നത്. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് ട്രാഫിക് എസ് ഐ. ശ്രീധരന്‍ പറഞ്ഞു.

 

Latest