Connect with us

Malappuram

മഞ്ചേരി വില്ലേജ് റീ സര്‍വേയില്‍ അപാകത

Published

|

Last Updated

മഞ്ചേരി: മഞ്ചേരി വില്ലേജില്‍ ഭൂമിയുടെ ന്യായവില കണക്കാക്കിയതിലും റീസര്‍വേ നടത്തിയതിലും വ്യാപകമായ അപാകതകള്‍ സംഭവിച്ചതായി ചൂണ്ടികാണിക്കപ്പെടുന്നു. പലപ്പോഴും ഭൂമിയുടെ യഥാര്‍ഥ വിലയേക്കാള്‍ അഞ്ചും ആറും ഇരട്ടിയാണ് ന്യായവില രേഖപ്പെടുത്തിയതായി കാണുന്നത്.
പല ഭൂ ഉടമകള്‍ക്കും റീസര്‍വേക്ക് ശേഷം സ്ഥലം കുറഞ്ഞതായി പരിഭവമുണ്ട്. ഇക്കാര്യം ജില്ലാ കലക്ടര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് അയച്ച റിപ്പോര്‍ട്ടിലും പരാമര്‍ശിച്ചിട്ടുണ്ട്. അതിനാല്‍ മഞ്ചേരി വില്ലേജില്‍ ഭൂ ന്യായവില കണക്കാക്കിയത് പുനപരിശോധിക്കണമെന്ന് ഭൂ ഉടമകള്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയോടാവശ്യപ്പെട്ടിരിക്കുകയാണ്. അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായാണ് സര്‍ക്കാര്‍ വിജ്ഞാപനം വഴി ഭൂമിയുടെ ന്യായവില നിശ്ചയിച്ചിട്ടുള്ളത്.
വലിയ നഗരങ്ങളിലും കോര്‍പ്പറേഷന്‍ പരിധിയിലും ഇല്ലാത്ത വിലയാണ് മഞ്ചേരിയില്‍. വില്ലേജ് അതിര്‍ത്തിയില്‍ വരുന്ന സര്‍വേ നമ്പറുകളിലെ വസ്തുക്കള്‍ക്ക് തൊട്ടടുത്ത വില്ലേജിലേതിനേക്കാള്‍ പതിന്മടങ്ങ് വില നിശ്ചയിച്ചതായി കാണാം. മഞ്ചേരി നഗര പ്രാന്ത പ്രദേശങ്ങളായ അരുകിഴായ, വാക്കെതൊടി, ഉള്ളാടംകുന്ന് എന്നിവിടങ്ങളില്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ അഞ്ചും ആറും ഇരട്ടിയാണ് സര്‍ക്കാര്‍ നിശ്ചയിച്ച വില. റോഡ് സൗകര്യം പോലുമില്ലാത്ത ഇത്തരം പ്രദേശങ്ങളില്‍ സര്‍ക്കാര്‍ കണക്കാക്കിയ വില 2.47 സെന്റില്‍ ആറും ഏഴും ലക്ഷങ്ങളാണ് ഭൂമിയുടെ നിലവാരം പരിഗണിക്കാതെ ഹൈവേ പരിസര പ്രദേശത്തെ വസ്തുക്കള്‍ക്ക് കണക്കാക്കിയ വിലയേക്കാള്‍ കൂടിയ വിലയാണ് മഞ്ചേരി ഗ്രാമങ്ങളില്‍ ഭൂമിയുടെ വില.
മഞ്ചേരി-മലപ്പുറം റോഡിന്റെ ഓരത്ത് 2.47 സെന്റിന് 75000 രൂപ മുതല്‍ 395000 വരെയാണ് വിലയെങ്കില്‍ റോഡിന്റെ രണ്ട്-മൂന്ന് കിലോമീറ്റര്‍ ഉള്ളിലായി കിടക്കുന്ന വാക്കെതൊടി, അരുകിഴായ ഭാഗങ്ങളില്‍ 1,75000 മുതല്‍ ഏഴ് ലക്ഷം വരെയാണ് വില. വാക്കേതൊടി മുതല്‍ വില്ലേജ് അതിര്‍ത്തിയായ പാണായി തോട് വരെ വയലിനും പറമ്പിനും പാറ സ്ഥലത്തിനും വഴി ഇല്ലാത്ത ഭൂമിക്കുമെല്ലാം ഒരേ വിലയാണ് 187500 രൂപ. സ്വന്തമായി വീട് വെക്കാന്‍ കഷ്ടപ്പെടുന്ന പാവപ്പെട്ടവന്‍ മൂന്ന് സെന്റ് സ്ഥലം വാങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണിവിടെ. സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് നഗരസഭ വീട് വെക്കാന്‍ സഹായം നല്‍കുന്നുണ്ട്. അതിന് സ്ഥലം വാങ്ങാന്‍ ശ്രമിച്ചാല്‍ അത് രജിസ്റ്റര്‍ ചെയ്യാന്‍ ഭൂമിയുടെ വിലയേക്കാള്‍ സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും അടക്കേണ്ട സ്ഥിതിയാണ് നിലവില്‍. വല്ല വിധേനയും സര്‍ക്കാര്‍ കണക്കാക്കിയ വില കാണിച്ച് വസ്തു രജിസ്റ്റര്‍ ചെയ്യാന്‍ വല്ലവരും തയ്യാറായാല്‍ തന്നെ ആദായനികുതി വികുപ്പിന്റെ പരിശോധനയും പീഡനങ്ങളും വേറെയും സഹിക്കണം.
അശ്രദ്ധയോടെയും തട്ടിക്കൂട്ടിയതുമായ റീ സര്‍വേ നടപടി ഇപ്പോഴും പല ഭൂവുടമകളും അറിഞ്ഞിട്ടില്ല. 7000ത്തിലധികം ഭൂ ഉടമകളുള്ള മഞ്ചേരി വില്ലേജിലെ റീ സര്‍വേയില്‍ പലരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. റീ സര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ പുന:പരിശോധിക്കണമെന്നാണ് ഭൂ ഉടമകളുടെ ആവശ്യം.

---- facebook comment plugin here -----

Latest