Connect with us

Ongoing News

സ്പാനിഷ് കരുത്തുമായി കൊല്‍ക്കത്ത

Published

|

Last Updated

ഇന്ത്യയുടെ ഫുട്‌ബോള്‍ തലസ്ഥാനമായ കൊല്‍ക്കത്തയും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്രൗഢിയറിയിക്കാനുണ്ട്. മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് കൊല്‍ക്കത്തന്‍ ഫ്രാഞ്ചൈസിയുടെ മുഖം. സ്പാനിഷ് ലാ ലിഗ ചാമ്പ്യന്‍മാരും യുവേഫ ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്‌സപ്പുമായ അത്‌ലറ്റിക്കോ മാഡ്രിഡാണ് ഐ എസ് എല്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ഈസ്റ്റ്ബംഗാളും മോഹന്‍ബഗാനും തമ്മിലുള്ള കൊല്‍ക്കത്തന്‍ ഡെര്‍ബിയുടെ പ്രശസ്തി കടല്‍ കടന്ന് മാഡ്രിഡിലുമെത്തിയിട്ടുണ്ട്. ഒരു ലക്ഷം പേര്‍ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ കടലിരമ്പം സൃഷ്ടിക്കുന്ന കൊല്‍ക്കത്തന്‍ ഡെര്‍ബി ലോകഫുട്‌ബോളിലെ വിസ്മയമാണ്.
ഫുട്‌ബോളിന് ഇത്രമേല്‍ വൈകാരികത കൈവരുന്ന കൊല്‍ക്കത്തയുടെ ഭാഗമാവുക എന്നത് അത്‌ലറ്റിക്കോ മാഡ്രിഡ് അധികൃതരുടെ അദമ്യമായ താത്പര്യമായിരുന്നു. ഐ എസ് എല്‍ മത്സരങ്ങള്‍ സ്പാനിഷ് ലാ ലിഗ പോലെ തന്നെ തങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണെന്ന് അത്‌ലറ്റിക്കോ അധികൃതര്‍ പറഞ്ഞു.
ഏറ്റവും പ്രൊഫഷണല്‍ ആയ നിരയെയാണ് കൊല്‍ക്കത്ത ലക്ഷ്യമിടുന്നത്. പരിശീലകന്‍ അന്റോണിയോ ലോപസ് ഹാബസില്‍ തുടങ്ങുന്നു പ്രൊഫഷണലിസം. സ്‌പെയിനിന്റെ ദേശീയ ടീമിനൊപ്പവും സ്പാനിഷ് ക്ലബ്ബ് വലന്‍ഷ്യയിലും പരിശീലക റോളിലുണ്ടായിരുന്ന ലോപസിന് ഐ എസ് എല്ലില്‍ കൊല്‍ക്കത്തയെ കുതിപ്പിക്കാന്‍ പ്രയാസമുണ്ടാകില്ല. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകമായ വിസെന്റെ കാല്‍ഡെറോണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തന്‍ താരങ്ങള്‍ പരിശീലനം നടത്തിയിരുന്നു. സ്പാനിഷ് ക്ലബ്ബിന്റെ റിസര്‍വ് നിരയുമായി പരിശീലന മത്സരം കളിച്ചതിന്റെ പരിചയം ഇവര്‍ക്ക് ഗുണം ചെയ്യും.സ്പാനിഷ് ഡിഫന്‍ഡര്‍ ജോസെമി, ലിയോണിന്റെയും എ എസ് റോമയുടെയും സെന്റര്‍ബാക്ക് സില്‍വിയന്‍ മൊന്‍സോറി എന്നീ പരിചയ സമ്പന്നര്‍ക്കൊപ്പം മാര്‍ക്വു താരമായി മുന്‍ ലിവര്‍പൂള്‍, അത്‌ലറ്റിക്കോ മാഡ്രിഡ് വിംഗര്‍ ലൂയിസ് ഗാര്‍സിയയും കൊല്‍ക്കത്തക്കന്‍ നിരയിലുണ്ട്.
റയല്‍മാഡ്രിഡിന്റെ മുന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ബൊര്‍ജ ഫെര്‍നാണ്ടസിന്റെ സാന്നിധ്യം കൊല്‍ക്കത്തയുടെ മധ്യനിരക്ക് എന്തെന്നില്ലാത്ത ഊര്‍ജവും ആത്മവിശ്വാസവുമേകും. ഐ എസ് എല്ലിലെ ഏക ബംഗ്ലാദേശി താരം മുമുനുല്‍ ഇസ്‌ലമും കൊല്‍ക്കത്തന്‍ ടീമിലാണ്. ഈസ്റ്റ്ബംഗാളിന്റെ ബല്‍ജിത് സാഹ്നി, മുഹമ്മദ് റാഫി, മുഹമ്മദ് റഫീഖ് എന്നിവരും ടീമിലുണ്ട്. യുവ ഇന്ത്യന്‍ താരങ്ങളില്‍ ശ്രദ്ധേയരായ കാല്‍വിന്‍ ലോബോയും സഞ്ജു പ്രദാനും കൊല്‍ക്കത്തയുടെ പാളയത്തില്‍ തന്നെ. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ മധ്യനിര നിയന്ത്രിച്ച ക്ലൈമാക്‌സ് ലോറന്‍സും സ്പാനിഷ്-ഇന്ത്യന്‍ ക്ലബ്ബിന് കരുത്തേകും.
ഫുള്‍ സ്‌ക്വാഡ്:
ഗോള്‍ കീപ്പര്‍മാര്‍ : അപോല ഇദെല്‍, സുഭാഷിഷ് റോയ് ചൗദരി, ബാസിലോ അഗുഡോ.
പ്രതിരോധ നിര: സില്‍വെയ്ന്‍ മോന്‍സോറി, അര്‍നാബ് മൊണ്ടല്‍, ബിശ്വജിത് സാഹ, ഡെന്‍സില്‍ ഫ്രാങ്കോ, കിംഗ്ഷുക് ദേബ്‌നാഥ്, ജോസെമി.
മധ്യനിര : ലൂയിസ് ഗാര്‍സിയ, മുമുനുല്‍ ഇസ്‌ലം, ഒഫെന്റസ് നാറ്റോ, ജാകുബ് പൊഡാനി, കാവിന്‍ ലോബോ, ക്ലൈമാക്‌സ് ലോറന്‍സ്, ലെസ്റ്റര്‍ ഫെര്‍നാണ്ടസ്, രാകേഷ് മാസിയ, സഞ്ജു പ്രധാന്‍, ബൊര്‍ജ ഫെര്‍നാണ്ടസ്, ജൊഫ്രെ മാറ്റി.
സ്‌ട്രൈക്കര്‍ : ഫിക്രു തിഫെറ, ബല്‍ജിത് സാഹ്നി, മുഹമ്മദ് റാഫി, മുഹമ്മദ് ഷഫീഖ്, അര്‍നാല്‍ ലിബെര്‍ട്.