Connect with us

Kollam

പത്തനാപുരത്ത് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ് പ്രഖ്യാപനത്തിലൊതുങ്ങി

Published

|

Last Updated

പത്തനാപുരം: പത്തനാപുരം കേന്ദ്രമാക്കി പുതിയ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം ജലരേഖയാവുന്നു. നിരവധി വര്‍ഷങ്ങളായുളള ആവശ്യം മാറി മാറി വരുന്ന സര്‍ക്കാരുകളും ജനപ്രതിനിധികളും നടപ്പിലാക്കുമെന്ന് പലതവണ പ്രഖ്യാപിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

പുതിയ താലൂക്ക് നിലവില്‍ വന്നതോടെയാണ് വര്‍ഷങ്ങളായുളള ആവശ്യം വീണ്ടും സജീവമായത്. എന്നാല്‍ താലൂക്ക് രൂപവത്കരിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴും ഉപജില്ലയെന്നാവശ്യം നീണ്ട് പോവുകയാണ്. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിട്ടും ഇപ്പോഴും തുടര്‍ നടപടികള്‍ ആരംഭിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പത്തനാപുരം നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെസ്‌കൂളുകള്‍ പുനലൂര്‍, കുളക്കട, കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലകളിലായി വ്യാപിച്ചു കിടക്കുകയാണ്. പിറവന്തൂര്‍, പത്തനാപുരം,വിളക്കുടി പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ പുനലൂര്‍ വിദ്യാഭ്യാസ ജില്ലയിലും തലവൂര്‍, പട്ടാഴി, പട്ടാഴി വടക്കേകര പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ കുളക്കടയിലും മേലില, വെട്ടിക്കവല പഞ്ചായത്തുകളിലേത് കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലയിലുമാണ്.
ഇതില്‍ മേലിലയിലേയും വെട്ടിക്കവലയിലേയും സ്‌കൂളുകള്‍ കൊട്ടാരക്കര തന്നെ നിലനിര്‍ത്തിക്കൊണ്ട് പിറവന്തൂര്‍, പത്തനാപുരം, വിളക്കുടി, തലവൂര്‍, പട്ടാഴി, പട്ടാഴി വടക്കേകര പഞ്ചായത്തുകളിലെ 65 ഓളം സ്‌കൂളുകള്‍ ഉള്‍പ്പെടുത്തി പത്തനാപുരം കേന്ദ്രമാക്കി പുതിയ വിദ്യാഭ്യാസ ഉപജില്ല രൂപവത്കരിക്കണമെന്നാണ് ആവശ്യം.
ശമ്പള വിതരണമടക്കം കമ്പ്യൂട്ടര്‍ ബില്ലടിസ്ഥാനത്തിലേക്ക് മാറിയ സാഹചര്യത്തില്‍ പുനലൂര്‍ വിദ്യാഭ്യാസ ജില്ലാഓഫീസിലും ടെക്‌സ്റ്റ് ബുക്ക് വിഭാഗത്തിലും അധികം വരുന്ന ജീവനക്കാരെ ഇവിടേക്ക് മാറ്റി നിയമിച്ചാല്‍ മതിയാകും.
ഒരു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിയമനം മാത്രം മതിയെന്നതിനാല്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഒന്നും ഉണ്ടാകുന്നുമില്ല.
നിലവിലുളള സാഹചര്യത്തില്‍ ഓഫീസുകളിലെത്താന്‍ രണ്ടും മൂന്നും വാഹനങ്ങള്‍ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് അധ്യാപകരും വിദ്യാര്‍ഥികളും.