Connect with us

Kollam

കള്ള് ഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനരോക്ഷം ശക്തം

Published

|

Last Updated

കരുനാഗപ്പള്ളി: ശക്തമായ ജനകീയ സമരത്തെ തുടര്‍ന്ന് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിയ പുതിയകാവ് പൂച്ചക്കടവിലെ കള്ള് ഷാപ്പ് വീണ്ടും പുന:സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെ ജനരോക്ഷം ശക്തം.
ദേശീയ പാതയില്‍ പൂച്ചക്കടവ് ജംഗ്ഷനില്‍ ഷാപ്പ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്ഥലത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാര്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനം പൂട്ടിയതിന് ശേഷം പുതിയതായി കള്ളുഷാപ്പ് തുടങ്ങുവാനുള്ള നീക്കത്തിനെതിരെയാണ് പരിസരവാസികള്‍ സംഘടിച്ച് പ്രതിക്ഷേധമായി രംഗത്തെത്തിയിരിക്കുന്നത്.
പുതിയ ഷാപ്പിന് അനുമതി നല്‍കുന്നതിനായി കഴിഞ്ഞദിവസം എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചതോടെയാണ് കള്ള്ഷാപ്പ് സ്ഥാപിക്കുവാനുള്ള നീക്കം ജനങ്ങള്‍ അറിയുന്നത്. വിവരം അറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പരിസരവാസികള്‍ സംഘടിച്ച് പഴയ ദേശീയപാതയില്‍ പ്രതിക്ഷേധ ധര്‍ണ നടത്തി. പുതിയകാവ് ക്ഷേത്രം, പുത്തന്‍തെരുവ് ജുമാമസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങളും, നിരവധി വ്യവസായ സ്ഥാപനങ്ങളും, ഗവണ്‍മെന്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ തിങ്ങിപാര്‍ക്കുകയും ചെയ്യുന്ന സ്ഥലത്ത് വീണ്ടും ഷാപ്പ് സ്ഥാപിച്ചാല്‍ പ്രദേശത്ത് നിലവിലുള്ള സമാധാന അവസ്ഥ തകരുമെന്ന് നാട്ടുകാര്‍ പറയുന്നു.
പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും പൂട്ടുന്നതോടെ വിവിധ കെമിക്കലുകളുടെ സഹായത്തോടെ വീര്യംകൂടിയ കള്ള് വിതരണം ചെയ്ത് ലാഭം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്ന അബ്ക്കാരികളുടെ നീക്കമാണ് ഇതിന് പിന്നിലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.കള്ള് ഷാപ്പ് വരുന്നതിനെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എസ് പുരം സുധീര്‍ പറഞ്ഞു. മന്ത്രിക്കും, ജില്ലാകലക്ടര്‍ക്കും, ഉന്നത അധികാരികള്‍ക്കും പരാതി നല്‍കുവാനും യോഗം തീരുമാനിച്ചു. വിവരമറിഞ്ഞ് കരുനാഗപ്പള്ളി പോലീസെത്തി സമരക്കാരുമായി ചര്‍ച്ച ചെയ്യുകയും സംഭവത്തിന്റെ ഗൗരവം ഉന്നതങ്ങളില്‍ അറിയിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം യൂസുഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ആര്‍ സുനില്‍കുമാര്‍, ഹാഷിം, ഇര്‍ഷാദ് ബഷീര്‍, സുഭാഷ്, നൈസാം, ഗോപി, മണിയന്‍, സത്താര്‍, സബീന സംസാരിച്ചു.

---- facebook comment plugin here -----

Latest