Connect with us

Kollam

ഹരിത തീരം പദ്ധതി പാളി

Published

|

Last Updated

ശാസ്താംകോട്ട: തടാകത്തിലേക്കുള്ള മണ്ണൊലിപ്പ് തടയുന്നതിനും, ജലത്തിന്റെ ശുദ്ധതനിലനിര്‍ത്തുന്നതിനുമായി സര്‍ക്കാര്‍ പ്രഖ്യപിച്ച മൃതസഞ്ജീവനി ഹരിതതീരം പദ്ധതിപാളി. മൂന്നുവര്‍ഷം മുമ്പ് ശാസ്താംകോട്ട പഞ്ചായത്തും കയര്‍ഫെഡും ചേര്‍ന്ന് നടപ്പിലാക്കിയ കയര്‍ ഭൂവസ്ത്രം വിരിക്കല്‍ പദ്ധതിയാണ് ലക്ഷ്യത്തിലെത്താതെ അവസാനിപ്പിച്ചത്. ദേശീയഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പടുത്തിയാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
അനിയന്ത്രിതമായ ജലചൂഷണവും, മണ്ണൊലിപ്പും മൂലം അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന തടാകത്തെ സംരക്ഷിക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 15 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. ഇതില്‍ 10 ലക്ഷം രൂപ തൊഴിലാളികളുടെ കൂലിയും, അനുബന്ധ ചെലവുകളുമായിരുന്നു. അഞ്ച് ലക്ഷം രൂപയുടെ കയര്‍ഭൂവസ്ത്രം കയര്‍ഫെഡ് നല്‍കി. പ്രതിദിനം 200 തൊഴിലാളികള്‍ രണ്ട് മാസക്കാലത്തോളം തുടര്‍ച്ചയായി ജോലി ചെയ്താണ് തടാക തീരത്ത് കയര്‍ ഭൂവസ്ത്രം വിരിച്ചത്. ആദ്യഘട്ടത്തില്‍ പാഴ്‌ചെടികള്‍ വെട്ടിമാറ്റി തീരം വൃത്തിയാക്കി കയര്‍ ഭൂവസ്ത്രം വിരിച്ചു. പിന്നീട് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് യൂനിവേഴ്‌സിറ്റി നല്‍കിയ രാമച്ചത്തൈകള്‍ നട്ടു. കൂടാതെ പേര, തേക്ക്, തെങ്ങ് അടക്കമുള്ള വൃക്ഷങ്ങളും വെച്ച് പിടിപ്പിച്ചു. വേനല്‍ കാലത്താണ് പദ്ധതി തുടങ്ങിയതെന്നതിനാല്‍ രാമച്ചമുള്‍പ്പടെയുള്ള സസ്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് ഏറെശ്രമകരമായിരുന്നു. ആദ്യഘട്ടത്തില്‍ അമ്പലക്കടവുമുതല്‍ 750 സ്‌ക്വയര്‍ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ കയര്‍ഭൂവസ്ത്രം വിരിച്ച് പദ്ധതി നടപ്പിലാക്കുകയായിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി അടൂര്‍ പ്രകാശാണ് നിര്‍വഹിച്ചത്. കയര്‍ ഭൂവസ്ത്രം വിരിക്കല്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനിരിക്കയാണ് പദ്ധതിപ്രദേശത്ത് സാമൂഹ്യവിരുദ്ധര്‍ തീയിട്ടത്. ഇതോടെ കയര്‍ ഭൂവസ്ത്രവും ചെടികളും കത്തിനശിച്ചു. എന്നാല്‍ പിന്നീട് പദ്ധതി നടപ്പിലാക്കാനുള്ള യാതൊരുശ്രമവും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല.