Connect with us

Kerala

പോലീസില്‍ ക്രിമിനല്‍ കേസ് പ്രതികളുടെ എണ്ണത്തില്‍ വര്‍ധന

Published

|

Last Updated

കൊച്ചി: സംസ്ഥാന പോലീസിലെ ക്രിമിനല്‍ കേസ് പ്രതികളായ ഉദ്യോഗസ്ഥരുടെ എണ്ണം 950 ആയി വര്‍ധിച്ചെന്ന് വിവരാവകാശ രേഖ. ഒരു ഡി ഐ ജിയും ഡിവൈ എസ് പി റാങ്കിലുള്ള ആറ് പേരും പ്രതിപ്പട്ടികയിലുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ വെക്കാന്‍ വിസമ്മതിച്ച പട്ടികയാണ് സംസ്ഥാന പോലീസ് ആസ്ഥാനം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
2011ല്‍ നല്‍കിയ പട്ടിക പ്രകാരം സംസ്ഥാന പോലീസില്‍ ക്രിമിനല്‍ കേസ് പ്രതികളായവരുടെ എണ്ണം 533 ആയിരുന്നു. അതിന് ശേഷം ക്രിമിനല്‍ പോലീസുകാരെക്കുറിച്ച് വിദഗ്ധ സംഘം വിലയിരുത്തല്‍ നടത്തി തയ്യാറാക്കിയ ലിസ്റ്റിലാണ് ഇരുവരെ 950 പോലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.
ട്രെയിനില്‍ മദ്യപിച്ച് അതിക്രമം നടത്തിയ ഡി ഐ ജി ജയരാജ്, കൊട്ടാരക്കര ഡിവൈ എസ് പി എന്‍ ജനാര്‍ദനന്‍, ചെങ്ങന്നൂര്‍ ഡിവൈ എസ് പി രവീന്ദ്രന്‍, വയനാട് ഡിവൈ എസ് പി ജോര്‍ജ്, പാലക്കാട് ഡിവൈ എസ് പി രാമചന്ദ്രന്‍, അസിസ്റ്റന്റ് കമ്മീഷണര്‍മാരായ സി എ ലിസ്റ്റന്‍, പി വി രാജു എന്നിവര്‍ ക്രിമിനല്‍ കേസ് പ്രതികളുടെ പട്ടികയിലുണ്ട്. പോലീസുകാര്‍ക്കെതിരെ ഏറ്റവുമധികം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത് തിരുവനന്തപുരത്താണ്.
ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താനായി എ ഡി ജി പിമാരടങ്ങുന്ന ഒരു മോണിറ്ററിംഗ് ആന്റ് റിവ്യു കമ്മിറ്റിയെ 2011 ഒക്ടോബര്‍ 9ന് ആഭ്യന്തര വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ അടങ്ങിയ ഒരു ലിസ്റ്റ് കമ്മിറ്റി തയ്യാറാക്കുകയും അത് പരിശോധിച്ച് ഗുരുതമായ കുറ്റം ചയ്ത പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തി അച്ചടക്ക നടപടികള്‍ കൈക്കൊള്ളുന്നതിനും ആവശ്യമെങ്കില്‍ അവരെ പോലീസ് സേനയില്‍ നിന്ന് തന്നെ നീക്കം ചെയ്യുന്നതിനും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി അടക്കമുള്ള വിവരങ്ങളും വിവരാവകാശ രേഖയിലുണ്ട്.
ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം സെക്രട്ടറി അഡ്വ. ഡി ബി ബിനു സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് പോലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ ബി കെ പ്രശാന്തന്‍ കാണി ലിസ്റ്റ് നല്‍കിയത്. ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ നയമസഭയില്‍ സര്‍ക്കാര്‍ നേരത്തെ വിസമ്മതിച്ചിരുന്നു.
പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസുകള്‍ പലതും അന്വേഷണത്തിലാണെന്നും കൂടുതല്‍ അന്വേഷണങ്ങളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ യഥാര്‍ഥത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നും അതിനാല്‍ പ്രതികളായ പോലീസുകാരുടെ പേരുവിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നത് ഉചിതമല്ലെന്നുമാണ് നിയമസഭയില്‍ മന്ത്രി നല്‍കിയ മറുപടി.
ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പോലീസ് സേനയില്‍ കടന്നു കൂടാതിരിക്കാനായി നിയമന സമയത്ത് തന്നെ വിശദമായ പരിശോധന നടത്തുമെന്ന് ആഭ്യന്തര മന്ത്രി അവകാശപ്പെടുമ്പോഴാണ് ഡി ഐ ജി ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ലിസ്റ്റ് പുറത്തുവന്നിരിക്കുന്നത്.