Connect with us

International

മലാലക്ക് അഭിനന്ദന പ്രവാഹം

Published

|

Last Updated

ലണ്ടന്‍: നൊബേല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 17 കാരിയായ മലാല യൂസുഫ് സായി. മലാലക്ക് മുമ്പ് നൊബേല്‍ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആസ്‌ത്രേലിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വില്ല്യം ലോറന്‍സ് ബ്രാഗ് ആണ്. 1915ല്‍ 25ാം വയസ്സിലാണ് അദ്ദേഹം രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനം കരസ്ഥമാക്കിയത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി മലാല ധീരപോരാട്ടം നടത്തിയെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. 1997 ജൂലായ് 12ന് പാകിസ്ഥാനിലെ സ്വാത് ജില്ലയിലെ മിംഗോറയിലാണ് ജനിച്ചത്. സ്വാത് താഴ്‌വരയില്‍ താലിബാന്‍ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലെ ജീവിതത്തെ സംബന്ധിച്ച് 2009ല്‍ പതിനൊന്നു വയസ്സുള്ളപ്പോള്‍ ബി ബി സിക്കു വേണ്ടി എഴുതാന്‍ തുടങ്ങിയ ബ്ലോഗാണ് മലാലയെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്.
2012 ഒക്ടോബര്‍ ഒമ്പതിന് താലിബാന്‍ തീവ്രവാദികള്‍ മലാലയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചെങ്കിലും അവള്‍ ധീരമായി ജീവിതത്തിലേക്ക് തിരികെ വന്നു. തലക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റ് അബോധാവസ്ഥയിലായ മലാലക്ക് പിന്നീട് ലണ്ടനില്‍ വിദഗ്ധ ചികിത്സ നടത്തി. പഠനവും അവിടെ തന്നെയായിരുന്നു.
ഇതിന് ശേഷം പാകിസ്ഥാന്റെ ആദ്യത്തെ ദേശീയസമാധാന പുരസ്‌കാരവും മലാലയെ തേടിയെത്തി. മലാലയോടുള്ള ആദര സൂചകമായി ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബര്‍ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു. 2015ഓടെ ലോകത്തെ എല്ലാ പെണ്‍കുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുള്ള ഐക്യരാഷ്ട്ര പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം “ഞാനും മലാല” എന്നാണ്.
മലാലയെത്തേടി അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. മലാല പാക്കിസ്ഥാന്റെ അഭിമാനമാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തുള്ളവര്‍ക്കെല്ലാം അവര്‍ അഭിമാനമുണ്ടാക്കി. അവരുടെ നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്. ലോകത്തുള്ള എല്ലാ പെണ്‍കുട്ടികളും അവരില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊള്ളണമെന്ന് നവാസ് ശരീഫ് പറഞ്ഞു. മലാലക്കും കുടുംബത്തിനും പാക്കിസ്ഥാനുമുള്ള ആദരമാണ് പുരസ്‌കാരമെന്ന് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ പറഞ്ഞു. മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും മറ്റ് പ്രമുഖ നേതാക്കളും മലാലയെ അഭിനന്ദിച്ചു. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും മലാലയ്ക്ക് അഭിനന്ദന പ്രവാഹമാണ്.
സംസാരിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മലാല ശബ്ദമുയര്‍ത്തിയെന്ന് മലാലയുടെ സ്‌കൂള്‍ അധ്യാപകനും അമ്മാവനുമായ അഹമ്മദ് ഷാ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഈ അംഗീകാരം പാക്കിസ്ഥാനിലെ മുഴുവന്‍ സ്ത്രീകള്‍ക്കും ലഭിച്ച അംഗീകാരമാണെന്ന് മലാലയുടെ സഹപാഠി ആഇശ ഖാലിദ് പറഞ്ഞു. ” അവള്‍ ഞങ്ങളുടെ കണ്ണുകള്‍ക്ക് പ്രകാശവും ഹൃദയത്തിന്റെ ശബ്ദവുമാണ്”- ആഇശ പറഞ്ഞു.
പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പോരാടി ജീവിക്കുന്ന രക്തസാക്ഷിയാണ് മലാല യൂസുഫ് സായി. 2012ല്‍ സ്‌കൂളില്‍ നിന്നും മടങ്ങും വഴിയാണ് അവര്‍ പാക് താലിബാന്റെ ആക്രമണത്തിന് ഇരയായത്.
ജീവന് ഭീഷണി നേരിടുന്ന മലാലയിപ്പോള്‍ ലണ്ടനിലാണ് താമസം. യു എന്‍ പൊതുസഭയിലും തന്റെ വാദം ശക്തമായി ഉന്നയിച്ച മലാല യു എസ് പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെയുള്ള ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ടൈംസ് പുറത്തുവിട്ട ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരില്‍ മലാലയുമുണ്ടായിരുന്നു. “ഐ ആം മലാല” എന്ന ആത്മകഥയും മലാല പ്രസിദ്ധീകരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest