Connect with us

Palakkad

തൊഴില്‍ത്തര്‍ക്കം: പാലക്കാട്- പൊള്ളാച്ചി ഗേജ് മാറ്റം: പ്രവര്‍ത്തികള്‍ സ്തംഭിച്ചു

Published

|

Last Updated

കൊല്ലങ്കോട്: തൊഴില്‍ തര്‍ക്കം തീര്‍ന്നില്ല; പാലക്കാട്-പൊള്ളാച്ചി ഗേജുമാറ്റ പണികള്‍ പുനഃരാരംഭിക്കാന്‍ നടപടിയായില്ല. സ്‌റ്റേഷന്‍ യാര്‍ഡുകളില്‍ തെര്‍മിറ്റ് വെല്‍ഡിങ് നടക്കുന്നതിടെയാണു സെപ്റ്റംബര്‍ 27നു തൊഴില്‍ തര്‍ക്കം മൂലം തടസ്സപ്പെട്ടത്. രണ്ടാഴ്ച പിന്നിട്ടിട്ടും പ്രശ്‌നത്തിനു പരിഹാരമായിട്ടില്ല. സംസ്ഥാനത്തിനപ്പുറത്തു തൊഴില്‍ പ്രശ്‌നം നിലനില്‍ക്കുന്നില്ല എന്നതാണു തൊഴിലാളികളെ അങ്ങോട്ടു മാറ്റുന്നതിനു കമ്പനിയെ പ്രേരിപ്പിക്കുന്നത്.
പാളങ്ങള്‍ ബന്ധിപ്പിക്കുന്ന വെല്‍ഡിങ് നടത്തുന്നതിനു ഉത്തര്‍പ്രദേശ് കമ്പനിയായ ഐ ടിസി്ക്കാണു കരാര്‍. ഈ പണികള്‍ക്ക് തങ്ങളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി റയില്‍വേ കോണ്‍ട്രാക്‌ടേഴ്‌സ് ലേബര്‍ യൂണിയന്‍ രംഗത്തെത്തി. ഇതിനു ഐ ടി സി കമ്പനി തയാറാവാതായതോടെ പാലക്കാട്-മുതലമട റീച്ചിലെ ഗേജുമാറ്റത്തിന്റെ പണികള്‍ നിലച്ചു. റയില്‍വേയുടെ മാനദണ്ഡപ്രകാരം വെല്‍ഡിങ് നടത്തുന്നതിനു അംഗീകൃത യോഗ്യത നേടിയ ലൈസന്‍സുള്ള തൊഴിലാളികള്‍ ആവശ്യമാണ്. ഐ ടി സി കമ്പനിയുടെ ലൈസന്‍സുള്ള തൊഴിലാളികള്‍ യന്ത്രം ഉപയോഗിച്ചാണു വെല്‍ഡിങ് നടത്തുന്നത്. സങ്കേതിക പരിജ്ഞാനമില്ലാത്ത തൊഴിലാളികളെ സഹായിയായി ജോലിയ്ക്കുള്‍പ്പെടുത്തണമെന്നാണു റയില്‍വേ കോണ്‍ട്രാക്‌ടേഴ്‌സ് ലേബര്‍ യൂണിയന്‍ ആവശ്യപ്പെട്ടത്.
കൂടാതെ ജോലി സമയത്തില്‍ കുറവും ഉയര്‍ന്ന വേതനവും ആവശ്യപ്പെട്ടതായുംപറയുന്നു. യന്ത്രം ഉപയോഗിച്ചു നടത്തുന്ന വെല്‍ഡിങ്ങിനു കൂടുതല്‍ തൊഴിലാളികളുടെ ആവശ്യമില്ലാത്തതിനാല്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടാണു കരാര്‍ എടുത്തിട്ടുള്ള ഐ ടി സി കമ്പനി സ്വീകരിച്ചിരിക്കുന്നത്.
കൊല്ലങ്കോട് യാര്‍ഡില്‍ 14 തെര്‍മിറ്റ് വെല്‍ഡിങ്ങാണു നടത്തിയിട്ടുള്ളത്. ഇനി അഞ്ഞൂറിലധികം എണ്ണം നടത്താനുണ്ട്. പാലക്കാട്, മുതലമട സ്‌റ്റേഷനുകളിലും വെല്‍ഡിങ് ആരംഭിക്കാനുള്ള തയാറെടുപ്പിലായിരുന്നു. രാജ്യത്തു രണ്ടു കമ്പനികള്‍ മാത്രമാണ് റയില്‍വേയുടെ വെല്‍ഡിങ് ജോലികള്‍ ചെയ്യുന്നത്. അതിലൊന്നാണു ഐടിസി കമ്പനി.
വെല്‍ഡിങ് ഒഴികെയുള്ള സാങ്കേതിക പരിജ്ഞാനം അവശ്യ ഘടകമല്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളിലെല്ലാം സംസ്ഥാനത്തു റയില്‍വേ കോണ്‍ട്രാക്‌ടേഴ്‌സ് ലേബര്‍ യൂനിയന്‍ കാരെ ഉള്‍പ്പെടുത്തിയാണു മുന്നോട്ട് പോവുന്നത്. യന്ത്രമുപയോഗിച്ചു പണി നടത്താതിരുന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു കാലതാമസം ഉണ്ടാവും.——