Connect with us

Wayanad

മാനന്തവാടി ക്യാമ്പസ് മികവിന്റെ കേന്ദ്രമാക്കുമെന്ന് വൈസ് ചാന്‍സലര്‍

Published

|

Last Updated

മാനന്തവാടി: കണ്ണൂര്‍ സര്‍വ്വകലാശാല മാനന്തവാടി ക്യാമ്പസില്‍ പുതിയ കോഴ്‌സുകള്‍ ഉടന്‍ ആരംഭിക്കുമെന്നും നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയതായും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. അബ്ദുല്‍ ഖാദര്‍ അറിയിച്ചു.
നിലവിലുള്ള മൂന്ന് കോഴ്‌സുകള്‍ അഞ്ചാക്കി ഉയര്‍ത്തുമെന്നും പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആണ്‍കുട്ടികള്‍ക്കായി പുതിയ ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിക്കും. സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള 8 കേന്ദ്രങ്ങളില്‍ ഏറ്റവും മുന്തിയ പരിഗണന മാനന്തവാടിക്ക് നല്‍കും. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ക്യാമ്പസില്‍ പ്രത്യേക പരിഗണന നല്‍കുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല മാനന്തവാടി കാമ്പസില്‍ പണികഴിപ്പിച്ച വുമണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പട്ടികവര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ധാര്‍മ്മികതയിലൂന്നിയ വിദ്യാഭ്യാസ സംസ്‌ക്കാരം വളര്‍ത്തിയെടുക്കാന്‍ സര്‍വ്വകലാശാലകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികളുടെ പ്രചാരകരാകാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണം. തങ്ങളുടെ തലമുറയെ ലഹരി വസ്തുക്കളില്‍ നിന്നും സംരക്ഷിക്കാന്‍ ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി എല്ലാ വിദ്യാര്‍ത്ഥികളും ഏറ്റെടുക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മാനന്തവാടി കാമ്പസ്സിലും കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴില്‍ ജില്ലയിലുള്ള മറ്റ് കോളേജുകളിലും കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും മന്ത്രി അധികൃതരോട് ആവശ്യപ്പെട്ടു. രണ്ട് കോടി രൂപ ചെലവഴിച്ച് ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. വിശാലമായ ഹാള്‍, കിച്ചണ്‍,ഡൈനിംഗ് റൂം, ബെഡ്‌റൂമുകള്‍, ഡോര്‍മിറ്ററികള്‍, ടോയ്‌ലെറ്റുകള്‍ എന്നിവയടങ്ങിയതാണ് കെട്ടിടം.വൈസ് ചാന്‍സലര്‍ ഡോ. എം.കെ. അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് സ്വാഗതം പറഞ്ഞു. എടവക ഗ്രാമപഞ്ചായത്തംഗം ഷറഫുന്നീസ, നിര്‍മ്മിതി കേന്ദ്രം പ്രൊജക്ട് മാനേജര്‍ ഒ.കെ. സജിത്, സെന്റര്‍ ഡയറക്ടര്‍ ജോണി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Latest