Connect with us

Articles

പേരിനൊരു പ്രതിപക്ഷം

Published

|

Last Updated

കേരളത്തിലെ പ്രതിപക്ഷത്തിനിതെന്തു പറ്റിയെന്ന ചോദ്യം അടുത്ത കാലത്തായി ഇടക്കിടെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. പ്രതിപക്ഷത്തിന്റെ യഥാര്‍ഥ കടമകള്‍ മറന്നുകൊണ്ടാണ് സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറിന്റെ ജനദ്രോഹപരമായ പല നടപടികളും കണ്ടില്ലെന്ന് നടിക്കുന്ന ഒരു തലത്തിക്ക് പ്രതിപക്ഷത്തിന്റെ ചെയ്തികള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വരാനായി മാത്രം ചില പ്രസ്താവനകളുമായി രംഗത്തിറങ്ങുക എന്ന പ്രവൃത്തി മാത്രമാണ് പ്രതിപക്ഷത്തിന്റേതായി ഇവിടെ നടക്കുന്നത്. ഇതിനേക്കാള്‍ നല്ലത് പ്രതിപക്ഷമില്ലാത്ത ഭരണ സംവിധാനമാണ് എന്ന ഓര്‍മപ്പെടുത്തലാണ് ജനങ്ങള്‍ക്കിത് നല്‍കുക. പൊതു ജനത്തിന് ഇരുട്ടടി നല്‍കിക്കൊണ്ട് യു ഡി എഫ് സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചപ്പോള്‍ പ്രതിഷേധം വെറുമൊരു പ്രസ്താവനയില്‍ ഒതുക്കുകയാണ് പ്രതിപക്ഷം ചെയ്തത്.
സംസ്ഥാനത്തിന്റെ നികുതിവരുമാനത്തിലെ വളര്‍ച്ച എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഭരണകാലത്ത് 24 ശതമാനമായിരുന്നത് ഇപ്പോള്‍ 12 ശതമാനമായി കുറഞ്ഞിരിക്കുന്നു. വിദ്യാഭ്യാസം ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ സേവനങ്ങളുടെയും ഫീസ് കുത്തനെ കൂട്ടിയിട്ടുണ്ട്. ബസ് ചാര്‍ജും ഓട്ടോ-ടാക്‌സി ചാര്‍ജും വൈദ്യുതി ചാര്‍ജുമെല്ലാം കൂട്ടി ജനങ്ങളുടെ നടുവൊടിഞ്ഞിരിക്കുന്ന സമയത്ത് തന്നെ നികുതി വര്‍ധന കൂടി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 8000 കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കാനുണ്ടെന്ന വിവരം അക്കൗണ്ടന്റ് ജനറല്‍ കുറച്ച് നാള്‍ പുറത്ത് പറഞ്ഞിരുന്നു. ഈ തുക പിരിച്ചെടുക്കാന്‍ ശ്രമിക്കാതെ അതിന്റെ ഭാരം കൂടി ജനങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പിരിച്ചെടുക്കാനുള്ള 8000 കോടിയുടെ നികുതി കുടിശ്ശികയില്‍ 3000 കോടി രൂപ ഉടന്‍ തന്നെ പിരിച്ചെടുക്കാന്‍ തക്ക രീതിയിലാണെന്നും അക്കൗണ്ടന്റ് ജനറല്‍ വ്യക്തമാക്കി.
നികുതി വര്‍ധനക്ക് പുറമെ നിയമനനിരോധവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മൂവായിരത്തോളം സര്‍ക്കാര്‍ തസ്തികകള്‍ അനാവശ്യമാണെന്നും ഒന്നുകില്‍ അവരെ പിരിച്ചു വിട്ട് തസ്തിക ഒഴിവാക്കണമെന്നും അല്ലെങ്കില്‍ വേണ്ടാത്ത തസ്തികകളിലെ ജീവനക്കാരെ മറ്റിടങ്ങൡലേക്ക് മാറ്റണമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. നിലവില്‍ ഒരു തസ്തികയിലേക്കും ആളുകളെ എടുക്കേണ്ടെന്നാണ് തീരുമാനം.
ഇത്രയധികം ജനദ്രോഹ നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടു പോലും സി പി എം സാധാരണ ജനങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിക്കാതിരിക്കുന്നത് തന്നെ ദുരൂഹമാണ്. ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെടാനോ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കാനോ ഇതിലും ശക്തമായ മറ്റെന്ത് കാരണമാണ് പ്രതിപക്ഷത്തിന് വേണ്ടത്?
സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ലാത്ത സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്‍ സമരങ്ങള്‍ നടത്തിയ സി പി എം ജനങ്ങള്‍ക്ക് മേല്‍ കനത്ത ഭാരം ചുമത്തിയ നികുതി പരിഷ്‌കരണത്തില്‍ എന്തുകൊണ്ട് നിശബ്ദത പുലര്‍ത്തുന്നു? സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിക്കാനുണ്ടായ തരത്തിലൊരു ഒത്ത് തീര്‍പ്പ് ഫോര്‍മൂലയുടെ ഭാഗമായാണോ വന്‍ സമരങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്നത്?
1500 കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കുകയും മാസങ്ങള്‍ക്കിപ്പുറം ജനങ്ങള്‍ക്ക് മേല്‍ 2000 കോടിയുടെ നികുതി വര്‍ധന പ്രഖ്യാപിക്കുകയും ചെയ്ത ഒരു സര്‍ക്കാറിനെതിരെ ഒരു ചെറു വിരല്‍ പോലും എല്‍ ഡി എഫ് അനക്കിയില്ല എന്നത് സംശയാസ്പദമാണ്. എന്നും ജനദ്രോഹ നടപടികള്‍ക്കെതിരെ ആദ്യം മുദ്രാവാക്യം മുഴക്കിയിറങ്ങുന്ന സി പി എമ്മിന്റെ നിര്‍വികാരത ഒരേസമയം സംശയവും പ്രതിഷേധവും ഉയര്‍ത്തുന്നുണ്ട്. സമീപ കാലത്ത് നിരവധി സമരങ്ങളില്‍ ദയനീയമാം വണ്ണം കീഴടങ്ങേണ്ടി വന്നതാണോ പ്രതിഷേധങ്ങള്‍ക്ക് മൂര്‍ച്ച കുറയാന്‍ കാരണം? ഇത്തരം നിലപാട് സി പി എം പോലെ ശക്തമായ അടിത്തറയുള്ള ഒരു പ്രസ്ഥാനത്തില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാവുന്ന ഒന്നല്ല.

 

Latest