Connect with us

Editorial

സൈനിക മേഖലയിലെ അസുഖകര വാര്‍ത്തകള്‍

Published

|

Last Updated

സൈനികരില്‍ അക്രമണോത്സുകത വര്‍ധിച്ചു വരികയാണെന്നാണ് കല്‍പ്പാക്കത്തെ സി ഐ എസ് എഫ് ജവാന്റെ പരാക്രമവും സമീപ കാലത്തെ സമാന സംഭവങ്ങളും നല്‍കുന്ന സൂചന. തമിഴ്‌നാട്ടിലെ കല്‍പ്പാക്കം ആണവ നിലയത്തിലെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ജയ് പ്രതാപ് സിംഗ് എന്ന സി ഐ എസ് എഫ് ജവാന്‍ അകാരണമായി സഹപ്രവര്‍ത്തകര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് ജവാന്മാര്‍ തത്ക്ഷണം മരിച്ചു. രണ്ട് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമുണ്ടായി. മുംബൈയിലെ എയര്‍ഫോഴ്‌സ് ക്യാമ്പില്‍ ഒരു ജവാന്റെ വെടിയേറ്റ് രണ്ട് വായുസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത് ഈ വര്‍ഷം മെയ് 27നാണ്. സെക്യൂരിറ്റി ചുമതലയുള്ള ആര്‍ എസ് യാദവ് എന്ന ജവാനാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ നിറയൊഴിച്ചത്. ഛത്തീസ്ഗഢിലെ സി ആര്‍ പി എഫ് ക്യാമ്പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ജവാന്മാര്‍ക്ക് നേരെ ദിലീപ് കുമാര്‍ തിവാരി എന്ന സഹപ്രവര്‍ത്തകന്‍ നിറയൊഴിച്ചതും നാല് പേര്‍ തത്ക്ഷണം മരിച്ചതും 2012 ഡിസംബറിലായിരുന്നു. 2011 മെയില്‍ ലഡാക്കിലെ നോമയില്‍ ആര്‍ടിലറി റെജിമെന്റില്‍ സൈനികരും ഓഫീസര്‍മാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കമാന്‍ഡിംഗ് ഓഫീസറും രണ്ട് മേജര്‍മാരും രണ്ട് ജവാന്മാരും കൊല്ലപ്പെട്ടിരുന്നു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ കരസേനാംഗം അരുണ്‍ ജമ്മു കാശ്മീരിലെ സാംബ 16 കാവല്‍റി യൂണിറ്റില്‍ സ്വയം വെടിവെച്ചു മരിക്കാനിടയായ സംഭവവും അതേച്ചൊല്ലി സൈനികര്‍ ഓഫീസര്‍മാര്‍ക്കെതിരേ നടന്ന കലാപവും മറക്കാറായിട്ടില്ല. ഹൈദരാബാദ് സിദ്ദിഖീ നഗര്‍ സ്വദേശി മുസ്തഫ എന്ന പതിനൊന്ന് വയസ്സുകാരന്‍ മിനിയാന്ന് ഒരു സൈനികന്റെ ആക്രമണത്തില്‍ പൊള്ളലേറ്റു മരിച്ചതും ഇതോട് ചേര്‍ത്തു വായിക്കാകുന്നതാണ്.
മാനസിക സമ്മര്‍ദമാണ് ജവാന്മാര്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന ആക്രമണ പ്രവണതക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭൂരിഭാഗം സൈനികരും കടുത്ത മാനസിക സംഘര്‍ഷത്തിന് അടിപ്പെട്ടവരാണെന്ന് രാജ്യസഭയില്‍ പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. സൈനികര്‍ക്കിടയിലെ ആത്മഹത്യാ പ്രവണതയെക്കുറിച്ചു പരാമര്‍ശിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 597 ഇന്ത്യന്‍ സൈനികരാണ് ആത്മഹത്യ ചെയ്തതത്. ഇതേ കാലയളവില്‍ 1,349 പേര്‍ ജോലിയില്‍ നിന്ന് പിരിഞ്ഞു പോയതായും ജയ്റ്റ്‌ലി വെളിപ്പെടുത്തി. ഈ വിഷയത്തില്‍ ഒരു പഠനം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനോട് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.
ഫ്യൂഡല്‍ വ്യവസ്ഥയാണ് സൈന്യത്തില്‍ നിലനില്‍ക്കുന്നതെന്നും ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ കടുത്ത അധിക്ഷേപങ്ങളും അവഹേളനവുമാണ് ഉയര്‍ന്ന ഓഫീസര്‍മാരില്‍ നിന്ന് താഴേക്കിടയിലുള്ള സൈനികര്‍ അനുഭവിക്കേണ്ടിവരുന്നതെന്നും ആരോപണമുണ്ട്. സൈനികരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കാനും അവരെ പഠിച്ചറിഞ്ഞു പെരുമാറാനും പരസ്പരം ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാനും പല ഓഫീസര്‍മാര്‍ക്കും കഴിയുന്നില്ല. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനം അസഹ്യമാകുമ്പോള്‍ സമനില തെറ്റുന്നതും ആത്മഹത്യയുടെ വഴി തേടുന്നതും സ്വാഭാവികം. മുതിര്‍ന്ന ഓഫീസറുടെ നിരന്തരമായ പീഡനം സഹിക്കാനാകാതെയാണ് കിളിമാനൂര്‍ അരുണ്‍ ആത്മഹത്യ ചെയ്തതെന്ന് വാര്‍ത്തയുണ്ടായിരുന്നു. സൈനിക ക്യാമ്പുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെങ്കിലും അവ വേണ്ടത്ര ഫലവത്താകുന്നില്ല. സൈനികരെ മാനസികപ്പൊരുത്തമില്ലാത്ത ദൗത്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതും മാനസിക സംഘര്‍ഷങ്ങള്‍ക്കിട വരുത്തുന്നുണ്ട്.
രാഷ്ട്രീയ നേതൃത്വത്തിലെ തൊഴുത്തില്‍കുത്തും കെട്ടുറപ്പില്ലായ്മയും കെടുകാര്യസ്ഥതയും സൈനിക മേഖലയിലേക്ക് കൂടി ബാധിക്കുന്നുവെന്നത് അതീവ ഗുരുതരമാണ്. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും കാത്തുസൂക്ഷിക്കേണ്ട മഹത്തായ ദൗത്യമാണ് ജവാന്മാരില്‍ അര്‍പ്പിതമായിട്ടുള്ളത്. അവര്‍ അസംതൃപ്തരാകുമ്പോള്‍ അത് രാജ്യത്തിന്റെ കെട്ടുറപ്പിനെയും സുരക്ഷിതത്വത്തെയും ബാധിക്കും. മേലുദ്യോഗസ്ഥരും സൈനികരും തമ്മില്‍ നല്ല ബന്ധം സ്ഥാപിച്ചും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും സൈനികര്‍ക്കിടയിലെ മാനസിക സംഘര്‍ഷവും അസംതൃപ്തിയും പരിഹരിക്കേണ്ടത് പ്രതിരോധ മേഖലയുടെ കെട്ടുറപ്പിനും കാര്യക്ഷമതക്കും അനിവാര്യമാണ്.