Connect with us

Oddnews

ശവസംസ്‌കാരം നടത്തിയ സഹോദരിമാരെ കാമുകന്‍മാരോടൊപ്പം കണ്ടെത്തി

Published

|

Last Updated

ജലൗന്‍: മരിച്ചുവെന്ന് ഉറപ്പിക്കുകയും സംസ്‌കാര ചടങ്ങുകള്‍ നടത്തുകയും ചെയ്ത രണ്ട് സഹോദരിമാരെ ബുധനാഴ്ച ഗാസിയാബാദില്‍ ജീവനോടെ കണ്ടെത്തി. 16ഉം 14ഉം വയസ്സുള്ള പെണ്‍കുട്ടികളെ കാമുകന്മാര്‍ക്കൊപ്പമാണ് കണ്ടെത്തിയത്. സംഭവത്തോടനുബന്ധിച്ച് പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. ഗൗരവ് ചതുര്‍വേദി, അതുല്‍ ഗുപ്ത എന്നിവര്‍ക്കൊപ്പമാണ് പെണ്‍കുട്ടികളെ ഗാസിയാബാദില്‍ കണ്ടെത്തിയതെന്ന് പോലീസ് സൂപ്രണ്ട് സുനില്‍ കുമാര്‍ സക്‌സേന അറിയിച്ചു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുകയും “കൊലപ്പെടുത്തുക”യും ചെയ്തതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയതായി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്നാണ് പോലീസ് കരുതുന്നത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളായ ഭുരെ ശുക്ല, ഹേമലത ശുക്ല എന്നിവരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു.
ഒക്‌ടോബര്‍ നാലിനാണ് ചാക്കില്‍ കെട്ടിയ നിലയില്‍ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ധാമിനി പാലത്തിനടിയില്‍ നദിയില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിയുകയും ചെയ്തു. സെപ്തംബര്‍ 22നാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതായി കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടത്. ഇതോടെ ഒറൈ ടൗണില്‍ സംഘര്‍ഷം ഉടലെടുത്തു. ജനങ്ങളും പോലീസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. 5 പോലീസുകാരടക്കം 9 പേര്‍ക്ക് പരിക്കേറ്റു.
പോലീസ് കുറ്റവാളികള്‍ക്ക് ഒത്താശ ചെയ്യുന്നതായി ആരോപിച്ച് നാട്ടുകാര്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ റോ ഡിന് മധ്യത്തില്‍ കിടത്തി വാഹന ഗതാഗതം തടസപ്പെടുത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു. എസ് പി രാകേഷ് ശങ്കറിനെ സ്ഥലം മാറ്റി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ധനിറാം ഭാസ്‌കര്‍, പ്രേം സാഗര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ഇല്ലാത്ത സംഭവം ഉണ്ടായെന്ന് വരുത്തി ജനങ്ങള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിക്കുന്നവരെ കര്‍ശനമായി നേരിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.