Connect with us

Gulf

ശീഷ കടകള്‍ അടച്ചു പൂട്ടാന്‍ നഗരസഭയുടെ ശുപാര്‍ശ

Published

|

Last Updated

ദുബൈ: നിയമലംഘനങ്ങളുടെ പേരില്‍ ശീഷ കടകള്‍ അടച്ചുപൂട്ടാന്‍ ദുബൈ നഗരസഭയുടെ ശുപാര്‍ശ. ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന 400 ല്‍ അധികം ശീഷ കടകളില്‍ 30 ശതമാനവും പുകവലിക്കെതിരായ ഫെഡറല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുകയാണന്നും ഇത്തരം നിലപാട് സ്ഥാപന ഉടമകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അടച്ചുപൂട്ടണമെന്നുമാണ് ദുബൈ സാമ്പത്തിക വികസന വകുപ്പിനോട് നഗരസഭാ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്ന ശീഷ കടകളുടെ പട്ടിക ദുബൈ സാമ്പത്തിക വികസന വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് നഗരസഭയുടെ പൊതുജനാരോഗ്യത്തിനും സുരക്ഷക്കുമുള്ള ഡയറക്ടര്‍ മര്‍വാന്‍ അല്‍ മുഹമ്മദ് വ്യക്തമാക്കി.
ഞങ്ങളുടെ പരിശോധനയില്‍ മൊത്തം ശീഷ കടകളില്‍ 30 ശതമാനത്തോളം പുകയില ഉത്പന്നങ്ങള്‍ക്കെതിരായ ഫെഡറല്‍ നിയമം പാലിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരോട് നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അനുവദിച്ച സമയത്തിനിടയില്‍ ഇത്തരം സ്ഥാപനങ്ങള്‍ നിയമത്തെ അനുസരിക്കാത്ത പക്ഷം ലൈസന്‍സ് റദ്ദ് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമം ലംഘിക്കുന്നവയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ചെറുകിട ശീഷ കടകളാണ്. പ്രത്യേകിച്ചും 500 മുതല്‍ 600 ചതുരശ്രയടി വരെ വിസ്തീര്‍ണമുള്ളവ. പുതിയ ഫെഡറല്‍ നിയമ പ്രകാരം ശീഷ കടകള്‍ക്ക് ചുരുങ്ങിയത് 2,000 ചതുരശ്രയടിയെങ്കിലും വിസ്തീര്‍ണം ആവശ്യമാണ്. വലിപ്പം വര്‍ധിപ്പിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇവ തയ്യാറാവണം.
വിവിധ മേഖലകളാക്കി തിരിച്ചാണ് നിയമം ലംഘിക്കുന്ന 120 ഓളം കടകളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അവ ഒരോന്നായി ദുബൈ സാമ്പത്തിക വികസന വകുപ്പിന് അയച്ചു കൊടുത്തുകൊണ്ടിരിക്കയാണ്. ഒരേ മേഖലയില്‍ നിന്നുള്ള ഒരു കട അടച്ചു പൂട്ടുകയും സമീപത്തുള്ള മറ്റൊരെണ്ണം തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിരോധാഭാസം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് മേഖല തിരിച്ച് പട്ടിക തയ്യാറാക്കുന്നത്. ഫെഡറല്‍ നിയമ പ്രകാരമുള്ള മാറ്റങ്ങള്‍ വരുത്താന്‍ നഗരസഭ പമാവധി സമയം ശീഷ കട ഉടമകള്‍ക്ക് നല്‍കിയിരുന്നു. ഈ കാലാവധി അവസാനിച്ചിട്ടും നിയമം പാലിക്കാന്‍ പല ശീഷ കട ഉടമകളും തയ്യാറാവാത്ത സാഹചര്യത്തിലാണ് നടപടിയിലേക്ക് നീങ്ങേണ്ടി വന്നത്.
കഴിഞ്ഞ മാസം മുതലാണ് നിയമം ലംഘിച്ചു പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ നഗരസഭയുടെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചത്. നിയമം പാലിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ ചില ഉടമകള്‍ ശീഷ കടകള്‍ സ്വമേധയാ അടച്ചുപൂട്ടിയിരുന്നു. നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ശീഷ കടകളില്‍ പലതിനും നഗരസഭ പിഴ ചുമത്തിയിട്ടുണ്ട്. നിയമം അനുസരിച്ച് വിസ്തൃതി വര്‍ധിപ്പിക്കാന്‍ തയ്യാറാവുന്നവര്‍ക്ക് അപേക്ഷ നല്‍കിയാല്‍ സമയം ദീര്‍ഘിപ്പിച്ചു നല്‍കും.
താമസ മേഖലകള്‍ക്കും വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും അടുത്ത് നിന്ന് നിശ്ചിത അകലത്തിലെ പ്രവര്‍ത്തിക്കാവൂവെന്നും ഫെഡറല്‍ നിയമം അനുശാസിക്കുന്നുണ്ട്. മാളുകളില്‍ പ്രവര്‍ത്തിക്കുന്ന ശീഷ കടകള്‍ പുറത്തു നിന്നു പ്രവേശിക്കാവുന്ന വാതിലുകള്‍ സ്ഥാപിച്ചിട്ടില്ലെങ്കില്‍ അവക്കെതിരെയും നടപടി എടുക്കുമെന്നും മര്‍വാന്‍ അല്‍ മുഹമ്മദ് മുന്നറിയിപ്പ് നല്‍കി.

 

Latest