Connect with us

Business

ഇന്ത്യന്‍ രൂപയുടെ മൂല്യം 19 ലേക്ക് കൂപ്പുകുത്തുമെന്ന്

Published

|

Last Updated

ദുബൈ: ഒരു ദിര്‍ഹത്തിന് 19 എന്ന അവസ്ഥയിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുമെന്ന് പ്രവചനം. വര്‍ഷത്തിന്റെ നാലാം പാദമായ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് മൂല്യം കുത്തനെ ഇടിയുകയെന്നാണ് പ്രവചനം.
ഇന്നലെ ദുബൈ കമ്പോളത്തില്‍ ഒരു ദിര്‍ഹത്തിന് 16.62 രൂപയായിരുന്നു നിലവാരം. ഒരു ഡോളറിന് 63 രൂപ. എന്നാല്‍ ഇത് ഒരു ഡോളറിന് 71 രൂപ ആവശ്യമായി വരുന്ന സ്ഥിതിയിലേക്ക് എത്തുമെന്നാണ് ഈ രംഗത്ത് ചലനങ്ങള്‍ നിരീക്ഷിക്കുന്ന ചാര്‍ട്ട് വ്യു ഇന്ത്യ ഡോട്ട് ഇന്നിന്റെ ടെക്‌നിക്കല്‍ റിസര്‍ച്ച് സ്ട്രാറ്റജിസ്റ്റായ മസ്ഹര്‍ മുഹമ്മദ് ഇക്കണോമിക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
രൂപയുടെ മൂല്യം കുത്തനെ ഇടിയാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു രൂപയുടെ മൂല്യം ഡോളറുമായി ഏറ്റവും കുറഞ്ഞത്. അന്ന് ഒരു ഡോളറിന് 68.80 രൂപയെന്നതായിരുന്നു സ്ഥിതി.
ഇന്ത്യന്‍ രൂപ കഴിഞ്ഞ സെപ്തംബറില്‍ സ്ഥിരത കൈവരിച്ചത് അല്‍ഭുതപ്പെടുത്തിയതായി ബേങ്ക് ഓഫ് നോവ സ്‌കോട്ടിയയുടെ ഒക്ടോബര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കയറ്റുമതിയിലെ മരവിപ്പും അനുകൂലമല്ലാത്ത വിദേശ വ്യാപാരവുമെല്ലാം രൂപയുടെ മൂല്യം കുത്തനെ താഴ്ത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
അതേസമയം രൂപയുടെ മൂല്യം ശക്തമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ എന്‍ ജി വൈശ്യ ബേങ്ക് ലിമിറ്റഡ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് തലവന്‍ ഫാനി ശങ്കര്‍ അഭിപ്രായപ്പെട്ടു. ഇക്കാരണത്താല്‍ രൂപക്ക് കുത്തനെ ഒരു ഇടിവ് സംഭവിക്കാന്‍ സാധ്യതയില്ല. രൂപയുടെ മൂല്യം ഉയര്‍ന്നു തന്നെ നില്‍ക്കാവുന്ന സാഹചര്യമാണ് നിലവില്‍ ഇന്ത്യയില്‍ ഉള്ളതെന്നും ഫാനി പറഞ്ഞു.