Connect with us

Kerala

മാന്‍ കൊമ്പും വടിവാളുമായി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

Published

|

Last Updated

കടയ്ക്കല്‍: മാന്‍കൊമ്പും, വടിവാളുമായി ആര്‍ എസ് എസ് പ്രവര്‍ത്തകരടക്കം അഞ്ചുപേരെ കടയ്ക്കല്‍ പോലീസ് അറസ്റ്റുചെയ്തു. പുത്തയം ലിബു ഭവനില്‍ ലിബു(24), വിനോദ് ഭവനില്‍ വിനോദ്(30), കടവറം ശ്യാം വിലാസത്തില്‍ ശ്യാം(22),പുല്ലാത്തിയോട് വിപിന്‍ മന്ദിരത്തില്‍ വിമല്‍(22), കടയ്ക്കല്‍ പന്തളംമുക്ക് സ്വദേശിയും കിളിമാനൂര്‍ തഴുത്തലയില്‍ വാടകയ്ക്ക് താമസിച്ചുവരുന്ന ലാറ എന്ന ഷിജു(25) എന്നിവരാണ് പിടിയിലായത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കുറ്റിക്കാട് ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന വടിവാളുമായാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതിലാണ് കടവറത്തുള്ള ശ്യാമിന്റെ വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ മാന്‍കൊമ്പ് സൂക്ഷിച്ചിട്ടുള്ളതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് ഇവിടെ നിന്നും മാന്‍കൊമ്പ് പിടിച്ചെടുക്കുകയായിരുന്നു. മാന്‍ കൊമ്പ് ഷിജു മുഖേനെ ഒരു ലക്ഷം രൂപക്ക് വില്‍ക്കാന്‍ കരാര്‍ ഉറപ്പിച്ചതായി പ്രതികള്‍ പോലീസിന് മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് തട്ടത്തുമലയില്‍ വാടക വീട്ടില്‍ നിന്നും ഷിജുവിനെ കസ്റ്റഡിയിലെടുത്തത്. പിടികൂടിയ മാന്‍ കൊമ്പിന്റെ ഒരുഭാഗം മുറിച്ചു മാറ്റിയ നിലയിലാണുള്ളത്. അഞ്ചല്‍ പ്രദേശത്തെ പ്രധാന ആര്‍ എസ് എസ് പ്രവര്‍ത്തകരും ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണ് അറസ്റ്റിലായ ശ്യാമും ലിബുവെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ പ്രധാനിയായ അഞ്ചല്‍ സ്വദേശി അനിക്കായി പോലീസ് തിരിച്ചില്‍ ഊര്‍ജിതമാക്കി.