Connect with us

Kollam

റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം കവാടം; നിര്‍മാണം എന്ന് തുടങ്ങുമെന്ന് ജനം

Published

|

Last Updated

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം കവാടം നിര്‍മിക്കുന്നതിനായി രൂപരേഖ തയ്യാറായിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. എന്നാല്‍ അധികൃതരുടെ അനാസ്ഥ കാരണം നിര്‍മാണം വൈകുകയാണ്.
റെയില്‍വേ സ്റ്റേഷന്‍ വികസനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്നതാണ് നിര്‍ദ്ദിഷ്ട രണ്ടാം കവാടം. സമീപത്തെ സ്വകാര്യ ആശുപത്രിയുടെ ഭാഗത്തേക്ക് വഴി തുറക്കത്തക്ക രീതിയിലാണ് രണ്ടാം കവാടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള ഫുട് ഓവര്‍ബ്രിഡ്ജ് നിര്‍ദിഷ്ട കവാടംവരെ നീട്ടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടുകോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ലഭിച്ചിട്ടില്ലെന്നും ഇത് ലഭിക്കുന്ന മുറയ്ക്ക് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമെന്നുമാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.
നഗരസഭയുടെ ഭാഗത്തുനിന്നുള്ള പൂര്‍ണ പിന്തുണ മേയറും നേരത്തെ വാഗ്ദാനം ചെയ്തിരുന്നുഎന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും കവാടത്തിന്റെ നിര്‍മാണ കാര്യത്തില്‍ ഒരു രൂപവമായില്ല. അതേസമയം രണ്ടാം കവാടത്തിന്റെ രൂപരേഖയില്‍ ടിക്കറ്റ് കൗണ്ടറിനും വാഹന പാര്‍ക്കിംഗിനും വിപുലമായ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ടൂ വീലറുകള്‍ക്കും വലിയവാഹനങ്ങള്‍ക്കും പ്രത്യേക സ്ഥലസൗകര്യമുണ്ടാകും. ഇന്ത്യന്‍ ഓയില്‍ ഡിപ്പോ പ്രവര്‍ത്തിച്ചിരുന്ന സ്ഥലം പാര്‍ക്കിംഗിനായി ഉപയോഗപ്പെടുത്താനാകും. ചിന്നക്കടയില്‍ എത്തുന്നവര്‍ ഇപ്പോള്‍ ഓട്ടോ പിടിച്ച് റെയില്‍വേ സ്റ്റേഷന്റെ മുന്നിലുള്ള കൗണ്ടറില്‍ എത്തിയാണ് ടിക്കറ്റെടുക്കുന്നത്.
ടിക്കറ്റ് എടുക്കാനായി പലപ്പോഴും നീണ്ട ക്യൂവാണ് ഇവിടെ. വാഹന പാര്‍ക്കിംഗിനും ഏറെ ക്ലേശം നേരിടുന്നുണ്ട്. എന്നാല്‍ യാത്രക്കാര്‍ക്ക് ഏറെ പണച്ചെലവും സമയനഷ്ടവും ഒഴിവാക്കാന്‍ രണ്ടാം കവാടം സഹായകമാകുമെന്നിരിക്കെ ജനപ്രതിനിധികളും ബന്ധപ്പെട്ട അധികാരികളും മൗനം ഭജിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ സംസാരമായിട്ടുണ്ട്.