Connect with us

Kollam

കൊട്ടാരക്കര റൂറല്‍ എസ് പി ഓഫീസിന് ശാപമോക്ഷം; പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി

Published

|

Last Updated

കൊട്ടാരക്കര: പരിമിതമായ സൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടിയ കൊട്ടാരക്കര റൂറല്‍ എസ് പി ഓഫീസിന് ശാപമോക്ഷം. 2011 മാര്‍ച്ച് ഒന്ന് മുതല്‍ കൊട്ടാരക്കര ചന്തമുക്കിലെ വാടക കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ അസൗകര്യങ്ങളുമായി വീര്‍പ്പുമുട്ടിയിരുന്ന എസ് പി ഓഫീസ് ടി ബി ജംഗ്ഷിനിലെ പൊതുമരാമത്ത് വക കെട്ടിടത്തിലേക്കാണ് പ്രവര്‍ത്തനം മാറ്റിയത്. ഇതോടെ സ്ഥല പരിമിതിക്ക് പരിഹാരമായി.
എസ് പിയും മൂന്ന് ഡി വൈ എസ് പിമാരുമടക്കം 80 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തുവരുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹച്ചു. ഈ മാസം തന്നെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങുമെന്ന് ചെന്നിത്തല പറഞ്ഞു. രണ്ട് കമ്പനി എ ആര്‍ ക്യാമ്പ് കൂടി ഇവിടേക്ക് നല്‍കും. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് യൂനിറ്റും ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗവും ഉടന്‍ തുടങ്ങും. പ്രത്യേക വാഹനങ്ങളും അനുവദിക്കും. കമാന്റോ വിംഗ് തുടങ്ങുന്നതിന് മാവേലിക്കരയില്‍ ശിലാസ്ഥാപനം നടത്തിയിട്ടുണ്ട്. ഇതിന്റെ പ്രയോജനവും ഇവിടേക്ക് ലഭിക്കും.
എം എല്‍ എ ഫണ്ട് ഉപയോഗിച്ച് കൊട്ടാരക്കര പട്ടണത്തില്‍ എല്ലാ ഭാഗത്തും ക്യാമറകള്‍ സ്ഥാപിക്കുകയും അത് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കാന്‍ സംവിധാനമൊരുക്കുകയും ചെയ്യും. പി ഐഷാ പോറ്റി എം എല്‍ എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം പി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങില്‍ ഷീ ഓട്ടോ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. കൊല്ലം സിറ്റി കമ്മീഷണര്‍ വി സുരേഷ് കുമാര്‍, ഡെപ്യൂട്ടി കമാന്‍ഡന്റ് ടി മുരളീധരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാല്‍, പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ്ബ് വര്‍ഗീസ്, വി സത്യശീലന്‍ സംസാരിച്ചു. ദക്ഷിണമേഖല എ ഡി ജി പി എ പത്മകുമാര്‍ സ്വാഗതവും റൂറല്‍ എസ് പി. എസ് സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

Latest