Connect with us

Sports

ഐ എസ് എല്‍: ഓവനും റൗളും ആഗ്രഹിച്ചിരുന്നു

Published

|

Last Updated

പനാജി: ബ്രസീലിന്റെ മുന്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോ, ഇംഗ്ലണ്ടിന്റെ മൈക്കല്‍ ഓവന്‍, ഇറ്റലിയുടെയും എ സി മിലാന്റെയും മുന്‍ നായകന്‍ മാസിമോ അംബ്രോസിനി സ്‌പെയ്‌നിന്റെ റൗള്‍ ഗോണ്‍സാലസ് എന്നിവര്‍ക്കെല്ലാം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കളിക്കാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, സാഹചര്യം പ്രതികൂലമായതോടെ തത്കാലത്തേക്ക് ഇന്ത്യയോട് നോ പറയേണ്ട ഗതികേടിലായെന്ന് മാത്രം.
സീസണ്‍ മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ലീഗാണ് കരിയര്‍ എന്ന നിലക്ക് റൊണാള്‍ഡീഞ്ഞോ തിരഞ്ഞെടുത്തത്. മൈക്കല്‍ ഓവന് വലിയ തുക തന്നെ ഓഫര്‍ ചെയ്ത് ഐ എസ് എല്‍ ക്ലബ്ബുകള്‍ പിറകെയുണ്ടായിരുന്നു.
എന്നാല്‍, വിരമിച്ചതിന് ശേഷം ടെലിവിഷന്‍ കമെന്റേറ്ററായി പ്രവര്‍ത്തിക്കുന്ന ഓവന് ഐ എസ് എല്‍ കളിക്കാന്‍ നിര്‍വാഹമില്ല. പതിനാല് കോടിയുടെ ടി വി കരാറാണ് ഓവനുള്ളത്. പൂനെ എഫ് സിയും ചെന്നൈയിന്‍ എഫ് സിയും അംബ്രോസിനിക്കായി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ ചെന്നൈയിനുമായി കരാറെത്താനിരിക്കെ കുടുംബത്തെ തമിഴ്‌നാട്ടിലേക്ക് പറിച്ച് നടുന്നത് സംബന്ധിച്ച അസ്വസ്ഥതയില്‍ പിന്‍മാറി.
മുന്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ റൗള്‍ ഗോണ്‍സാലസിനും ഐ എസ് എല്‍ താത്പര്യമുണ്ടായിരുന്നു. ഖത്തര്‍ ക്ലബ്ബ് അല്‍ സാദില്‍ നിന്ന് ഇടക്ക് വെച്ച് പിന്‍മാറുന്നത് വലിയ പിഴ ശിക്ഷക്ക് കാരണമാകുമെന്നതിനാല്‍ റൗളും പിന്‍മാറി.
ചെന്നൈയിന്‍ എഫ് സി മുന്‍ ഡച്ച് മിഡ്ഫീല്‍ഡര്‍ എഡ്ഗാര്‍ ഡേവിഡ്‌സിനെ പ്ലെയര്‍ കം മാനേജറായി കൊണ്ടുവരാന്‍ 2.40 കോടി ഓഫര്‍ ചെയ്തു. ഓഫര്‍ ആകര്‍ഷകമല്ലെന്ന് പറഞ്ഞ് ഡേവിഡ്‌സ് പിന്‍മാറി. ഫാബിയോ കന്നവാരോ, റൂഡ് ഗുള്ളിറ്റ്, സ്റ്റീവ് ക്ലാര്‍ക്ക്, സിറോ ഫെറേറ, ഗുഡ്‌ജോണ്‍സന്‍, അഡ്രിയാന്‍ മുടു, മിലന്‍ ബാരോസ്, ജുനിഞ്ഞോ എന്നിവരെ പ്ലെയര്‍ കം മാനേജറായി ടൂര്‍ണമെന്റിന്റെ ഭാഗമാക്കാന്‍ ശ്രമം നടന്നെങ്കിലും അവസാന നിമിഷം വിഫലമായി.