Connect with us

National

പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്

Published

|

Last Updated

ജമ്മു/ ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ഇന്ത്യ നിലപാട് കര്‍ശനമാക്കിയിട്ടും പാക് സൈന്യം വെടിവെപ്പ് തുടരുന്നു. തുടര്‍ച്ചയായ നാലാം ദിവസവും പാക്കിസ്ഥാന്‍ ആക്രമണം തുടര്‍ന്നതോടെ മേഖലയില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമായി. ജമ്മു, സാംബ, കത്വ ജില്ലകളിലായി അന്താരാഷ്ട്ര അതിര്‍ത്തിയിലുള്ള ബി എസ് എഫിന്റെ അറുപത് ഔട്ട്‌പോസ്റ്റുകളും എണ്‍പത് ഗ്രാമങ്ങളും ലക്ഷ്യമിട്ടാണ് പാക് സൈന്യം മോര്‍ട്ടാര്‍ ആക്രമണങ്ങള്‍ നടത്തുന്നത്. ഇന്നലെ നടന്ന ആക്രമണങ്ങളില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ എട്ട് ദിവസമായി നടന്ന വെടിവെപ്പില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.
ആക്രമണം തുടരുന്ന സാഹചര്യത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ ബി എസ് എഫിനും സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്.
അതിര്‍ത്തിയിലെ വെടിവെപ്പ് അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അതിര്‍ത്തിയിലെ പാക് വെടിവെപ്പിനെ സൈന്യം ധൈര്യത്തോടെ നേരിടുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. അതിര്‍ത്തിയിലെ സംഘര്‍ഷം രാഷ്ട്രീയ ചര്‍ച്ചയുടെ വിഷയമല്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉത് ഉപയോഗിക്കരുതെന്നും മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.
ഈ മാസം ആദ്യം തുടങ്ങിയ വെടിവെപ്പിനെ തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടത്തോടെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയാണ്. ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് സന്ദര്‍ശനം നടത്തി. സ്ഥിതിഗതികള്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണനിലയിലാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ശക്തമായി തിരിച്ചടിക്കണമെന്നാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ബി എസ് എഫിന് നിര്‍ദേശം നല്‍കിയത്.
അതേസമയം, പാക്കിസ്ഥാന് ശക്തമായ മറുപടിയുമായി പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തി. പാക്കിസ്ഥാന്‍ ഇനിയും സാഹസത്തിന് മുതിരരുതെന്നും ഇന്ത്യ തിരിച്ചടിച്ചാല്‍ അത് താങ്ങാനാകില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യയുടെ പ്രത്യാക്രമണ ശക്തിക്ക് മുന്നില്‍ പാക്കിസ്ഥാന് പിടിച്ചുനില്‍ക്കാനാകില്ല. തീവ്രവാദികള്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ അവസരമൊരുക്കാനാണ് പാക് സൈന്യം ആക്രമണം നടത്തുന്നതെന്നും അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.