Connect with us

Ongoing News

വാണി ജയറാമിനും വയലാര്‍ രാമവര്‍മ സംഗീത പുരസ്‌കാരം

Published

|

Last Updated

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദിയുടെ വയലാര്‍ രാമവര്‍മ സംഗീത പുരസ്‌കാരം പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്ററും കവി ശ്രീകുമാരന്‍ തമ്പിയും ഗായിക വാണി ജയറാമുമാണ് ഈവര്‍ഷത്തെ വയലാര്‍ രാമവര്‍മ സംഗീത പുരസ്‌കാരത്തിനര്‍ഹരായതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 25,001 രൂപ വീതമുള്ള ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം മലയാള സിനിമാ സംഗീത രംഗത്ത് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് നല്‍കുന്നത്. എം ആര്‍ തമ്പാന്‍, സതീഷ് ബാബു പയ്യന്നൂര്‍, പ്രൊഡ്യൂസര്‍ സുരേഷ്‌കുമാര്‍, ഡയറക്ടര്‍ സോഹന്‍ലാല്‍, സംഗീത സംവിധായകന്‍ ഷാജികുമാര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വയലാറിന്റെ 39 ാം ചരമവാര്‍ഷിക ദിനമായ ഈമാസം 27 ന് തിരുവനന്തപുരം പാളയം കോ-ബാങ്ക് ടവറില്‍ നടക്കുന്ന ചടങ്ങില്‍ വയലാര്‍ അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അവാര്‍ഡുകള്‍ വിതരണം ചെയ്യും. പഴയകാല ഗായകരായ ലളിത തമ്പി, ലതാരാജു, അയിരൂര്‍ സദാശിവന്‍, ശ്രീകാന്ത്, സീറോബാബു, തോപ്പില്‍ ആന്റോ, ചിറയിന്‍കീഴ് മനോഹരന്‍, സുശീലാദേവി, എം എസ് നസീം എന്നിവരെ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ആദരിക്കും. അര്‍ജുനന്‍ മാസ്റ്റര്‍, ശ്രീകുമാരന്‍ തമ്പി, വാണിജയറാം എന്നീ സംഗീത പുരസ്‌കാര ജേതാക്കള്‍ക്ക് സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍, പൂവച്ചല്‍ ഖാദര്‍, നടി മേനക സുരേഷ് എന്നിവര്‍ ഗുരുപൂജ അര്‍പ്പിക്കും. തുടര്‍ന്ന് 27 പിന്നണി ഗായകര്‍ നയിക്കുന്ന “നീലനിശീഥിനി” എന്ന സംഗീത സായാഹ്നവും സംഗീത ശില്‍പവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വയലാര്‍ രാമവര്‍മ സാംസ്‌കാരികവേദി പ്രസിഡന്റ് ജയശേഖരന്‍ നായര്‍, സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍, ട്രഷറര്‍ മോഹനചന്ദ്രന്‍ പങ്കെടുത്തു.
അര്‍ജുനന്‍ മാസ്റ്റര്‍ക്കും ശ്രീകുമാരന്‍ തമ്പിക്കും

Latest